മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ അനുമതി നല്‍കാതെ നഗരസഭാ കൗണ്‍സില്‍; ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യം
മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ നഗരസഭ കൗണ്‍സില്‍ അനുമതി നല്‍കിയില്ല. ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമേ അനുമതി നല്‍കുകയുള്ളുവെന്ന നിലപാടിലാണ് കൗണ്‍സില്‍ അംഗങ്ങള്‍. പൊളിക്കല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നും കൗണ്‍സിലില്‍ ആരോപണമുയര്‍ന്നു. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ സ്‌ഫോടനം നടത്തുമെന്ന് നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.ഫ്‌ളാറ്റ് പൊളിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ നഗരസഭ കൗണ്‍സിലിന്റെ അംഗീകാരം കൂടി വേണം. അടുത്ത ദിവസം യോഗം ചേര്‍ന്ന് തീരുമാനമെടുക്കാമെന്ന ധാരണയിലാണ് ഇന്ന് പിരിഞ്ഞത്.
എഡിഫെസ് എഞ്ചിനീയറിങ്ങ്, വിജയ് സ്റ്റീല്‍സ് എന്നീ കമ്പനികള്‍ക്കാണ് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കേവ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകള്‍ എഡിഫെസ് എഞ്ചിനീയറിങ്ങും ആല്‍ഫ സെറീന്‍ വിജയ് സ്റ്റീല്‍സുമാണ് പൊളിക്കുക. മാലിന്യം നീക്കാന്‍ പ്രത്യേക ടെന്‍ഡര്‍ വിളിക്കും. ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഫണ്ട് നല്‍കും.
ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നൂറ് മീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് 100 കോടിയുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നല്‍കും. പൊളിച്ച് നീക്കുന്നതിന്റെ 30 ദിവസം മുന്‍പ് സമീപവാസികള്‍ക്ക് നോട്ടീസ് നല്‍കും. ഇവരെ പുനരധിവസിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ മാത്രം ഒഴിപ്പിച്ചാല്‍ മതിയെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് അപകടം സംഭവിക്കുമെന്ന ആശങ്ക വേണ്ടെന്നും സബ് കലക്ടര്‍ സ്‌നേഗില്‍ കുമാര്‍ സിംഗ് വ്യക്തമാക്കി.