‘അരിപ്പുട്ടുണ്ടാക്കിയാല്‍ ഗോതമ്പ് പുട്ടിന്റെ നിറമാകുന്നു’; ഫ്‌ളാറ്റ് പൊളിക്കലിലെ മലിനീകരണത്തില്‍ ആശങ്കയറിയിച്ച് നാട്ടുകാര്‍
സാര്‍, അരിപ്പുട്ടുണ്ടാക്കിയാല്‍ പത്തുമിനിട്ട് കഴിഞ്ഞ് നോക്കുമ്പോഴേക്കും ഗോതമ്പ് പുട്ടിന്റെ നിറമാകുന്നു. അത്രമേല്‍ രൂക്ഷമായ പൊടിശല്യമാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുതുടങ്ങിയതോടെ സംഭവിക്കുന്നതെന്ന ആശങ്ക ഒരു പ്രദേശവാസി സാങ്കേതിക സമിതിയോട് വ്യക്തമാക്കി. നാട്ടുകാരുമായി സാങ്കേതിക സമിതി നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ നേരിടുന്ന ദുരിതം അവര്‍ അധികൃതരെ ധരിപ്പിച്ചു. പുലര്‍ച്ചെ ആറുമണിക്കുതന്നെ പൊളിക്കല്‍ ആരംഭിക്കുന്നതിനാല്‍ ചുറ്റുപാടും പൊടിമയമാണെന്ന് സമീപ വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ജോലിക്ക് പോയി തിരികെയെത്തുമ്പോഴേക്കും വീട് അവിടെത്തന്നെയുണ്ടാകുമോയെന്ന ആശങ്കയിലാണെന്ന് മറ്റൊരു സമീപവാസി പറഞ്ഞു.
നീന്തല്‍ക്കുളം പൊളിച്ചപ്പോള്‍ സമീപത്തുള്ള വീടിന് കേടുപാടുണ്ടായെങ്കില്‍ സ്‌ഫോടനം നടത്തുമ്പോള്‍ എന്തായിരിക്കും അവസ്ഥയെന്നും ഇവര്‍ ചോദിക്കുന്നു. ഫ്‌ളാറ്റ് പൊളിക്കല്‍ വിദഗ്ധന്‍ സര്‍വാതെ, മുന്‍പ് പൊളിച്ച കെട്ടിടങ്ങളുടെ വീഡിയോ കാണിച്ചെങ്കിലും പ്രദേശവാസികളുടെ ആശങ്കയൊഴിഞ്ഞില്ല. അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ പലപ്പോഴും ചര്‍ച്ച ബഹളത്തിന് വഴിമാറി. നവംബര്‍ 24 ന് ദക്ഷിണാഫ്രിക്കയില്‍ 31 നില കെട്ടിടം പൊളിച്ചതിന്റെ വീഡിയോ കാണിച്ചിരുന്നു. സമീപത്ത് വലിയ ഫ്‌ളാറ്റുകളുണ്ടായിട്ടും ഒന്നും സംഭവിച്ചില്ലെന്ന് സര്‍വാതെ ചൂണ്ടിക്കാട്ടി. എന്നാല്‍ സമീപത്തുള്ളവയെല്ലാം വന്‍തോതില്‍ പൈലിങ് നടത്തി സ്ഥാപിച്ചതല്ലേയെന്ന് നാട്ടുകാര്‍ ചോദിച്ചു.
ആളൊഴിഞ്ഞ മേഖലയിലുള്ള ജെയിന്‍ കോറല്‍കോവ് ആദ്യം പൊളിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരഗണിക്കാമെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് വ്യക്തമാക്കി. വീടുകള്‍ക്ക് നാശനഷ്ടമാുണ്ടായാല്‍ പണിതപ്പോഴുളള വിലയനുസരിച്ചാണോ കണക്കുകൂട്ടുകയെന്ന് ചോദ്യമുയര്‍ന്നു. ഇതേ തുടര്‍ന്ന് വിപണിമൂല്യം കണക്കാക്കാമെന്ന് ധാരണയായി. സമീപത്തെ വീടുകളുടെ വീഡിയോ റെക്കോര്‍ഡിങ് ശരിയായ രീതിയിലല്ല നടത്തിയതെന്ന പരാതി സ്‌നേഹില്‍ കുമാര്‍ സമ്മതിച്ചു. പ്രൊഫഷണല്‍ രീതിയില്‍ വീണ്ടും ചിത്രീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ 50 മീറ്റര്‍ പരിധിയിലുള്ള വീടുകളുടെ ഘടനാമൂല്യനിര്‍ണയം (സ്ട്രക്ചറല്‍ വാല്വേഷന്‍)ഉടന്‍ തുടങ്ങുമെന്നും സാങ്കേതിക സമിതി അറിയിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം