മരടിലെ നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടും; ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
മരടില്‍ പൊളിച്ചു മാറ്റാനുള്ള നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. നാല് നിര്‍മ്മാതാക്കളുടെയും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ തീരുമാനിച്ചു. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്നും ഈടാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ഹോളിഫെയ്ത്ത്, ആല്‍ഫാ വെഞ്ചേഴ്‌സ്, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ ബില്‍ഡേഴ്‌സ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക. റവന്യു, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ സഹായത്തോടെ സ്വത്തുക്കളുടെയും ആസ്തികളുടെയും കണക്കെടുപ്പ് നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ജില്ലാ കളക്ടര്‍ എസ് സുഹാസും ക്രൈബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി.
ഗോള്‍ഡന്‍ കായലോരം ഉടയയ്‌ക്കെതിരെ പരാതി ലഭിച്ചിട്ടില്ലെങ്കിലും ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുക്കും. ഹോളി ഫെയ്ത്തിന്റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരിവിപ്പിച്ചിട്ടുണ്ട്. ഉടമ സാനി ഫ്രാന്‍സിസിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയും അറസ്റ്റിലായിട്ടുണ്ട്.