മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥി നാളെ; നേതൃത്വം ഖമറുദ്ദീനൊപ്പം
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മുസ്ലിംലീഗ് നാളെ പ്രഖ്യാപിക്കും. ഇന്നലെ പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതിയോഗത്തില്‍ സ്ഥാനാര്‍ത്ഥിയാരെന്നതില്‍ തര്‍ക്കം ഉയര്‍ന്നെങ്കിലും ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏകദേശ ധാരണയായി. ജനറല്‍ സെക്രട്ടറി എം അബ്ബാസിന്റെ പേരും ഉയര്‍ന്നതാണ് തര്‍ക്കത്തിനിടയാക്കിയത്. യൂത്ത് ലീഗും പ്രാദേശിക നേതാക്കളും എ കെ എം അഷറഫിന് വേണ്ടി വാദിച്ചു. ഭാഷാന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടെന്നതാണ് അഷറഫിന്റെ യോഗ്യതയായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ജില്ലാ കമ്മിറ്റിയും സംസ്ഥാന സമിതിയും എം സി ഖമറുദ്ദീന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിലപാടാണ് ഇന്നലത്തെ യോഗത്തില്‍ സ്വീകരിച്ചത്. രണ്ട് തവണ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിട്ടും അവസാന നിമിഷം ഒഴിവാക്കപ്പെട്ടതിനാലാണ് ഇത്തവണ അവസരം നല്‍കണമെന്ന നിലപാട് സംസ്ഥാന നേതൃത്വം സ്വീകരിക്കാന്‍ കാരണം.
അവസാന നിമിഷം സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന ചരിത്രവും മുസ്ലിംലീഗിനുണ്ട്. വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പില്‍ യു എ ലത്തീഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചരിച്ചിരുന്നെങ്കിലും കെ എന്‍ എ ഖാദറിന്റെ പേരാണ് നേതൃത്വം പ്രഖ്യാപിച്ചത്. മണ്ഡലത്തിന്റെ പുറത്ത് നിന്നുള്ള ഖമറുദ്ദീനെ അംഗീകരിക്കില്ലെന്ന പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് നേതൃത്വത്തെ കുഴക്കുന്നുണ്ട്. ദില്ലിയില്‍ നിന്ന് നേതാക്കള്‍ തിരിച്ചെത്തിയാല്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം