മഞ്ചേശ്വരത്ത് യുവാക്കള്‍ വേണമെന്ന് യൂത്ത് ലീഗ്, ഖമറുദ്ദീനെന്ന് മുസ്ലിം ലീഗ് നേതൃത്വം
ലോകസഭ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിന് പിന്നലെ മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങി യുഡിഎഫ്. ബിജെപിയുമായി ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ലീഡ് 11113 ഉയര്‍ത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മുസ്ലിം ലീഗ്. ലോകസഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനൊപ്പം മണ്ഡലത്തിലെ സഹതാപ തരംഗവും വിജയം ഉറപ്പാക്കുന്നുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 2016ല്‍ പി ബി അബ്ദുള്‍ റസാഖ് ബിജെപി നേതാവ് കെ സുരേന്ദ്രനെ 89 വോട്ടിനാണ് പരാജയപ്പെടുത്തിയത്.കള്ളവോട്ട് നടന്നുവെന്നാരോപിച്ച് കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേസ് പിന്‍വലിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 68217 വോട്ടും സതീഷ് ചന്ദ്രന് 32796 വോട്ടുമാണ് ലഭിച്ചത്. 57104കളുമായി ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.
സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നേരത്തെ തന്നെ പാര്‍ട്ടിയില്‍ ആരംഭിച്ചിരുന്നു. ലോകസഭ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അവസരം നല്‍കാത്തതിനാല്‍ മഞ്ചേശ്വരത്ത് പരിഗണിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് പേരുകളാണ് മുസ്ലിം ലീഗിന്റെ പരിഗണനയിലുള്ളത്. ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീനും യൂത്ത് ലീഗ് നേതാവ് എ കെ എം അഷറഫുമാണ് സാധ്യതാ പട്ടികയിലുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്ക് ഉയര്‍ന്നുവന്ന പേരാണ് എം സി കമറുദ്ദീന്റെത്. പടന്ന സ്വദേശിയായ ഖമറുദ്ദീന്‍ മണ്ഡലം മാറി മത്സരിക്കുന്നത് വിജയസാധ്യതയെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി പാര്‍ട്ടി പിന്‍മാറുകയായിരുന്നു. എന്നാല്‍ വിജയ സാധ്യതയും അണികള്‍ക്കിടയിലെ സ്വീകാര്യതയുമാണ് കമറുദ്ദീന്റെ പേര് വീണ്ടും പരിഗണിക്കാന്‍ കാരണം.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യൂത്ത് ലീഗ് നേതാവുമായ എ കെ എം അഷറഫിനെ പരിഗണിക്കണമെന്ന് ആവശ്യം ശക്തമാണ്. മണ്ഡലത്തില്‍ സജീവമായി ഇടപെടുന്നതും തുളു, കന്നട ഭാഷകള്‍ അറിയമെന്നതുമാണ് അഷറഫിന്റെ പേര് ഉയര്‍ത്തിക്കൊണ്ടു വരുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ യുവാക്കളെ പരിഗണിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവില്ലെന്നാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയരുന്ന വിമര്‍ശനം. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെടാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപി ഈ മണ്ഡലത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്താറുണ്ടായിരുന്നു. കെ സുരേന്ദ്രനിലൂടെ മണ്ഡലം പിടിക്കാനുള്ള ശ്രമം കഴിഞ്ഞ തവണ നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. യുഡിഎഫ് മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 265 പേര്‍ കള്ളവോട്ട് ചെയ്തതിന്റെ കണക്ക് ചൂണ്ടിക്കാണിച്ചായിരുന്നു കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. കേസ് പിന്‍വലിച്ച ബിജെപി ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്നെ ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പും ആരംഭിച്ചിരുന്നു. പുറത്തു നിന്നുള്ള നേതാക്കള്‍ വേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. കെ സുരേന്ദ്രന്‍ ഉപതിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ മത്സരിക്കാന്‍ സാധ്യതയില്ല.
എല്‍.ഡി.എഫിന് വേണ്ടി സി.എച്ച് കുഞ്ഞമ്പുവുവാണ് മത്സരിച്ചത്. ഇത്തവണ പുതിയ പേരുകളും പരിഗണിച്ചേക്കുമെന്നാണ് സൂചന. ലോകസഭ മണ്ഡലത്തില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ സിപിഎം മഞ്ചേശ്വരത്ത് വലിയ പ്രതീക്ഷ പുലര്‍ത്തുന്നില്ല.