രാജി വച്ച നടിമാരെ തിരിച്ചെടുക്കണമെന്ന് അമ്മയില്‍ മമ്മൂട്ടി, ജനറല്‍ ബോഡിയില്‍ നടന്നത്
താരസംഘടനയായ അമ്മയുടെ ഇരുപത്തിയഞ്ചാം ജനറല്‍ ബോഡിയില്‍ ഭരണഘടനാ ഭേദഗതി നടപ്പാക്കാനാകാത്തത് ഒരു വിഭാഗം ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്. രാജി വച്ച നടിമാരെ അപേക്ഷാ ഫീസ് പോലും വാങ്ങാതെ തിരിച്ചെടുക്കണമെന്ന് ജനറല്‍ ബോഡി യോഗത്തില്‍ മമ്മൂട്ടി ആവശ്യപ്പെട്ടു. വനിതാ അംഗങ്ങള്‍ ഉയര്‍ത്തി ആവശ്യങ്ങളില്‍ ചര്‍ച്ചയുണ്ടാകണമെന്നും പ്രശ്‌നപരിഹാരത്തിനാകണം ശ്രമമമെന്നും മമ്മൂട്ടി പറഞ്ഞു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കണം ഭരണഘടനാ ഭേദഗതി നടപ്പാക്കേണ്ടതെന്നും മമ്മൂട്ടി വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ ദിലീപിനെ പിന്തുണച്ചുള്ള താരസംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ച് രാജി വച്ചിരുന്നു. രാജി വച്ചവരെ പിന്നീട് ഒരിക്കലും അംഗങ്ങളായി കാണാനാകില്ലെന്നും അവര്‍ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്നുമാണ് ഞായറാഴ്ച പാസാക്കാനിരുന്ന ഭരണഘടനാ ഭേദഗതിയില്‍ ഉള്ളത്. പരസ്യ പ്രതികരണം വിലക്കുന്നത് അടക്കമുള്ള കര്‍ശന നിര്‍ദേശങ്ങളുള്ള ഭേദഗതിക്കെതിരെ രേവതിയും പാര്‍വതിയും യോഗത്തില്‍ രംഗത്ത് വന്നിരുന്നു. മമ്മൂട്ടിയെ കൂടാതെ ജോയ് മാത്യു, ഷമ്മി തിലകന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ഭരണഘടനാ ഭേദഗതിയില്‍ ഡബ്‌ളിയു സി സി അംഗങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിക്കേണ്ടതാണെന്ന അഭിപ്രായത്തിലെത്തി.
ആക്രമിക്കപ്പെട്ട നടിയെ കൂടാതെ റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍ എന്നിവരാണ് സംഘടനയില്‍ നിന്ന് രാജി വച്ച അംഗങ്ങള്‍. ഇവരുടെ തിരിച്ചുവരവ് എളുപ്പമല്ലാതാക്കുന്നതാണ് പുതിയ ഭേദഗതി. ജനറല്‍ ബോഡിയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഭേദഗതി നടപ്പാക്കാമെന്ന നിലപാടിലേക്ക് യോഗം എത്തിയത്. പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തി്ല്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
എല്ലാവരില്‍ നിന്നും അഭിപ്രായം ലഭിച്ചില്ലെന്നും കത്തുകളിലൂടെയും നിര്‍ദേശങ്ങളിലൂടെയും അഭിപ്രായം സ്വരൂപിച്ച ശേഷം ഭേദഗതി നടപ്പാക്കുമെന്ന നിലപാടാണ് പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. 1994ലെ ബൈലോ പരിഷ്‌കരിച്ച ശേഷമാകാം പുതിയ ബൈലോ നടപ്പാക്കുന്നതെന്ന നിര്‍ദേശമാണ് ഷമ്മി തിലകന്‍ മുന്നോട്ട് വച്ചത്. ലൈംഗിക ആക്രമണ പരാതി ഉള്‍പ്പെടെ പരിഗണിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ പുരുഷ അംഗങ്ങളുടെ അത്ര തന്നെ സ്ത്രീ പ്രാതിനിധ്യം വേണമെന്ന ഡബ്ലു സി സി പ്രതിനിധികളായ അംഗങ്ങളുടെ ആവശ്യത്തിനൊപ്പമാണെന്ന് ജോയ് മാത്യു യോഗത്തില്‍ പറഞ്ഞു.
ഭരണഘടനാ ഭേദഗതി പാസാക്കുന്നതിന് അംഗങ്ങളുടെ അഭിപ്രായം തേടിയപ്പോഴാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് അധികാരം പരിമിതപ്പെടുന്നതും, അംഗങ്ങളുടെ വിമര്‍ശനങ്ങളില്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ രേവതി എതിര്‍പ്പ് അറിയിച്ചത്. സംഘടനയിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരണം എങ്ങനെയെന്നതടക്കമുള്ള കാര്യങ്ങളില്‍ രേവതി നിലപാട് വ്യക്തമാക്കി.
പുതിയ ഭേദഗതി പ്രകാരം എക്സിക്യുട്ടീവ് കമ്മിറ്റിയിലെ മൂന്ന് പേരിലേക്ക് എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള അധികാരം പരിമിതപ്പെടുമെന്നും ഇത് അംഗീകരിക്കാനാകില്ലെന്ന് രേവതിക്ക് പുറമേ പദ്മപ്രിയയും നേതൃത്വത്തെ അറിയിച്ചിരുന്നു. കത്ത് മുഖേനയാണ് പദ്മപ്രിയ വിയോജിപ്പ് അറിയിച്ചത്. അമ്മ ബൈലോ ഭേദഗതിക്കായി ഒരു സബ്കമ്മിറ്റി രൂപീകരിക്കുമെന്ന് കഴിഞ്ഞ യോഗത്തില്‍ അമ്മ അറിയിച്ചിരുന്നു. എന്നാല്‍ ബൈലോ തയ്യാറാക്കിയ സബ് കമ്മിറ്റി ആരാണെന്ന് പരസ്യപ്പെടുത്തണമെന്നും സബ്കമ്മിറ്റി ഉണ്ടായിരുന്നോ എന്ന വ്യക്തമാക്കണമെന്നും പദ്മപ്രിയ ആവശ്യപ്പെട്ടിരുന്നു.
അമ്മ ജനറല്‍ ബോഡി ചേരുന്നുണ്ടെങ്കിലും കാലങ്ങളായി എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് പരമാധികാര സംവിധാനമായി സംഘടനയെ നിയന്ത്രിക്കുന്നതെന്നാണ് പദ്മപ്രിയ കത്തില്‍ പറയുന്നത്. എകസിക്യുട്ടീവ് കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളിലേക്ക് സംഘടനയുടെ എല്ലാ അധികാരവും വന്നുചേരുന്ന വിധത്തിലാണ് പുതിയ ഭേദഗതി. ഇത് ജനാധിപത്യ സ്വഭാവത്തിലുള്ളതല്ല. അംഗങ്ങള്‍ക്കെതിരെ അച്ചടക്കനടപടിയും ശിക്ഷാ നടപടിയും സ്വീകരിക്കാന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതിയെന്നും പദ്മപ്രിയയുടെ കത്തിലുണ്ടായിരുന്നു.