‘സമഗ്രാധിപത്യ പ്രവണത ഇന്ത്യയെ ഇരുളിലേക്ക് നയിക്കുന്നു’; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രഘുറാം രാജന്‍
നരേന്ദ്രമോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് മുന്‍ റിസര്‍വ് ബാങ്ക് ഗര്‍ണര്‍ രഘുറാം രാജന്‍. സമഗ്രാധിപത്യ പ്രവണത ഇന്ത്യയെ ഇരുളിലേക്ക് നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷാധികാര ഇടപെടലുകളല്ല, ദേശീയ സുരക്ഷയെ ശക്തിപ്പെടുത്താന്‍ ആഭ്യന്തരമായ യോജിപ്പും സാമ്പത്തിക വളര്‍ച്ചയുമാണ് സഹായിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂരിപക്ഷാധികാരം കയ്യാളുന്നതുകൊണ്ട് ദേശീയ സുരക്ഷ ശക്തിപ്പെടുത്താനാകുമെന്ന് ഞാന്‍ കരുതുന്നില്ല. അത് ദുര്‍ബലമാക്കപ്പെടുകയേയുള്ളൂ. കാരണം അവര്‍ സ്വേഛാധിപത്യ കാഴ്ചപ്പാടുകളിലൂടെയാണ് ഇത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ അത് ഹിന്ദുത്വത്തിന്റെ അടിച്ചേല്‍പ്പിക്കലാണ്.
രഘുറാം രാജന്‍
അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഒ.പി ജിന്‍ഡാല്‍ പ്രഭാഷണത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സമഗ്രാധിപത്യ ദേശീയതയെന്നാല്‍ പൗരന്‍മാരെ വിഭജിച്ച് ഭരിക്കുകയെന്നതാണ്. യഥാര്‍ത്ഥ പൗരന്‍മാരായി പരിഗണിക്കപ്പെടണമെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ കടമ്പകളുണ്ടെന്ന് അവരെ അപരവല്‍ക്കരിക്കും. അത് അവരെ പൂര്‍ണമായും അന്യവല്‍ക്കരിക്കുന്നതിലേക്ക് നയിക്കും. എന്നാല്‍ വിഭജന രാഷ്ട്രീയത്തിനും ഭൂരിപക്ഷാധികാര പ്രമത്തതയ്ക്കും ദേശീയ സുരക്ഷയെ ശക്തിപ്പെടുത്താന്‍ സാധിക്കില്ല. അതിന് ആഭ്യന്തര യോജിപ്പും സാമ്പത്തിക വളര്‍ച്ചയുമാണ് അനിവാര്യമായിട്ടുള്ളത്.
രഘുറാം രാജന്‍
ഏകാധിപത്യ രീതികളിലൂടെയുള്ള ഇടപെടലുകള്‍ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നല്‍കിയേക്കാം. പക്ഷേ ഇന്ത്യയെ അത് ഇരുളിലേക്കാണ് നയിക്കുന്നത്. രാജ്യം അനിശ്ചിതമായ വഴികളിലേക്കാണ് നയിക്കപ്പെടുന്നത്.
രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തിലും അസം പൗരത്വ രജിസ്റ്ററില്‍ നിന്ന് 19 ലക്ഷം പേര്‍ ഒഴിവാക്കപ്പെടുകയും ചെയ്ത രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നു രഘുറാം രാജന്റെ വിമര്‍ശനം. മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനമടക്കമുള്ള നയപരിപാടികളെയും സാമ്പത്തിക പരിഷ്‌കാരങ്ങളെയും ആദ്യം മുതല്‍ക്കേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന സാമ്പത്തിക വിദഗ്ധനാണ് രഘുറാം രാജന്‍.