ഡല്‍ഹി വായുമലിനീകരണത്തിന്റെ ഭീദിതാവസ്ഥ ലോക ശ്രദ്ധയിലെത്തിച്ച് ലിയനാര്‍ഡോ ഡി കാപ്രിയോ ; ആകുലത പങ്കുവെച്ച് ഇടപെടല്‍
ഡല്‍ഹിയിലെ രൂക്ഷമായ വായുമലിനീകരണത്തിന്റെ ഭീതിതാവസ്ഥ ലോക ശ്രദ്ധയിലെത്തിച്ച് ഹോളിവുഡ് താരം ലിയനാര്‍ഡോ കാപ്രിയോ. പരിസ്ഥിതി വിഷയങ്ങള്‍ക്കായുള്ള തന്റെ എക്‌സ്റ്റിംഗ്ഷന്‍ റെബല്യന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍, ഇന്ത്യാ ഗേറ്റിലെ പ്രതിഷേധങ്ങളുടെ ചിത്രങ്ങളടക്കം ചേര്‍ത്താണ് അദ്ദേഹം പോസ്റ്റിട്ടത്. 'എനിക്ക് നല്ല ഭാവി വേണം', 'ശ്വസിക്കുമ്പോള്‍ ഞാന്‍ മരിക്കുകയാണ് എന്നെല്ലാമെഴുതിയ പ്ലക്കാര്‍ഡുകള്‍ ഏന്തിയ പ്രതിഷേധക്കാരുടെ ചിത്രങ്ങളാണ് പങ്കുവെച്ചത്.
ഡി കാപ്രിയോയുടെ കുറിപ്പ്
കടുത്ത വായുമലിനീകരണത്തില്‍ അടിയന്തര നടപടികളാവശ്യപ്പെട്ട് 1500 ലേറെ പേരാണ് ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധിച്ചത്. വായുമലിനീകരണം ഇന്ത്യയില്‍ പ്രതിവര്‍ഷം 15 ലക്ഷം പേരുടെ മരണത്തിന് കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതലാകളുടെ മരണത്തിന് കാരണമാകുന്ന കാര്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് വായുമലിനീകരണത്തിനുള്ളത്. പ്രായഭേദമന്യേ നടന്ന പ്രതിഷേധം ചില നടപടികള്‍ എടുപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.
1. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. രണ്ട് ആഴ്ചയ്ക്കകം ഈ സമിതി സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
2. കൃഷിക്ക് ശേഷം വയലുകളില്‍ തീയിടുന്നത് ബന്ധപ്പെട്ട സംസ്ഥാനങ്ങളെക്കൊണ്ട് നിര്‍ത്തിവെപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
3. വായുമലിനീകരണം നേരിടാന്‍ ഗ്രീന്‍ ഫണ്ട് ഉപയോഗിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
4. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് പകരം യന്ത്രസംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി കാര്‍ഷിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഈ വാഗ്ദാനങ്ങള്‍ ലഭിക്കുമ്പോഴും, അന്തരീക്ഷം വിഷജന്യമായി തുടരുന്നതിനാല്‍ ശ്വാസം സുരക്ഷിതാവസ്ഥയിലേക്ക് എത്തുംവരെ ആക്ടിവിസ്റ്റുകള്‍ സമ്മര്‍ദ്ദം തുടരുമെന്നും അദ്ദേഹം കുറിക്കുന്നു. ഇന്ത്യ നേരിടുന്ന പരസ്ഥിതി പ്രശ്‌നങ്ങളില്‍ ഇതാദ്യമായല്ല ഡി കാപ്രിയോ ഇടപെടല്‍ നടത്തുന്നത്. ചെന്നൈയിലെ വരള്‍ച്ച ലോക ശ്രദ്ധയിലെത്തിക്കാന്‍ അദ്ദേഹം ജൂണില്‍ സമൂഹ മാധ്യമ പോസ്റ്റുകളിലൂടെ ശ്രമിച്ചിരുന്നു. ബിബിസിയുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ഇത്. 'ഈ സാഹചര്യത്തില്‍ മഴയ്ക്ക് മാത്രമേ ചെന്നൈയെ രക്ഷിക്കാനാകൂ' എന്ന തലക്കെട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ കുറിപ്പ്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം