ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളം,മാര്‍ക്ക് ദാനമെന്നത് പ്രതിപക്ഷ നേതാവിന്റെ പൊയ്‌വെടി, ഇടപെട്ടിട്ടില്ലെന്നും മന്ത്രി കെടി ജലീല്‍
എംജി സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ ഇടപെട്ട് മാര്‍ക്ക് ദാനം നല്‍കിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം പച്ചക്കള്ളമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. അതുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. സര്‍വ്വകലാശാലകളില്‍ ഭരണസമിതിയായ സിന്‍ഡിക്കേറ്റാണ് തീരുമാനങ്ങള്‍ എടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നത്. വൈസ് ചാന്‍സലറുടെ അദ്ധ്യക്ഷതയിലാണ് ഇതെല്ലാം നടക്കുന്നത്. സിന്‍ഡിക്കേറ്റിനോ വൈസ് ചാന്‍സലര്‍ക്കോ ഇത്തരത്തില്‍ ചട്ടവിരുദ്ധായി ഒരു തീരുമാനം എടുക്കാനാകില്ല. ഇന്നാട്ടില്‍ കോടതികളുണ്ട്. ആരെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും തീരുമാനം റദ്ദാക്കപ്പെടുകയും ചെയ്യും.
ഇതൊക്കെ പ്രതിപക്ഷനേതാവിന് അറിയാവുന്നതാണ്. എന്നാല്‍ അതെല്ലാം മറച്ചുവെച്ച് അഞ്ച് മണ്ഡലങ്ങൡ പരാജയം മണക്കുന്ന സാഹചര്യത്തില്‍ അവാസ്തവങ്ങള്‍ എഴുന്നള്ളിച്ച് പ്രതിപക്ഷനേതാവ് രംഗത്ത് വരികയാണെന്നും കെടി ജലില്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ് എന്ത് തീരുമാനമാണ് എടുക്കുന്നതെന്ന് മന്ത്രി അറിയേണ്ട കാര്യമില്ല. സിന്‍ഡിക്കേറ്റ് യോഗത്തിന്റെ അധ്യക്ഷന്‍ വിസി ആയതിനാല്‍ എടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിയും അദ്ദേഹമാണെന്നും കെടി ജലീല്‍ വിശദീകരിച്ചു. താന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് മുന്‍പ് പലതവണ പറഞ്ഞിട്ടുണ്ട്. ബന്ധുനിയമനമെന്ന പേരില്‍ എഴുന്നള്ളിച്ച കേസ് എന്തായെന്നും ജലീല്‍ ചോദിച്ചു. ചെന്നിത്തല നിരുത്തരവാദപരമായി പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി നല്‍കുകകയല്ല താനുള്‍പ്പെടെയുള്ള മന്ത്രിമാരുടെ ജോലി.
തെളിവ് സഹിതം ഉത്തരവാദിത്വത്തോടെ ആരോപണം ഉന്നയിച്ചാല്‍ മറുപടി നല്‍കാം. അല്ലാതെ പ്രതിപക്ഷനേതാവ് പൊയ് വെടിവെച്ചാല്‍ മറുപടി പറയേണ്ടതില്ല. യുഡിഎഫ് മന്ത്രസഭയുടെ കാലത്ത് ഇത്തരത്തില്‍ ഇടപെടലുണ്ടായിട്ടുണ്ടാകാം. അതിന്റെ അനുഭവത്തിലായിരിക്കും പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു. കോതമംഗലം കോളജിലെ ബിടെക് വിദ്യാര്‍ത്ഥിക്ക് മന്ത്രിയിടപെട്ട് മാര്‍ക്ക് ദാനം നല്‍കിയെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം. ഒരു മാര്‍ക്ക് ആവശ്യപ്പെട്ട കുട്ടിക്ക് 5 മാര്‍ക്ക് നല്‍കിയെന്നും, എല്ലാ സെമസ്റ്ററുകളിലുമായി ഒരു വിഷയത്തില്‍ മാത്രം തോറ്റ എല്ലാ ബിടെക് വിദ്യാര്‍ത്ഥികള്‍ക്കും ഇതേപോലെ മാര്‍ക്ക് ദാനം നല്‍കിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു.