എലസിന് ഉള്ളിലുള്ളത് ഭസ്മം, കഴിക്കാന്‍ പറയാറില്ലെന്ന് ജ്യോത്സ്യന്‍,സയനേഡ് നല്‍കിയത് പെരുച്ചാഴിയെ കൊല്ലാനെന്ന് പ്രജികുമാര്‍
പെരുച്ചാഴിയെ കൊല്ലാനാണ് താന്‍ സയനേഡ് നല്‍കിയതെന്ന വാദവുമായി കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ പ്രജികുമാര്‍. എലിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു തന്റെ കയ്യില്‍ നിന്ന് സയനേഡ് വാങ്ങിയതെന്ന് പ്രജികുമാര്‍ പറഞ്ഞു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോടായിരുന്നു ഇയാളുടെ പ്രതികരണം. എന്നാല്‍ ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണസംഘം കണ്ടെതത്തിയിട്ടുണ്ട്. മാത്യുവിനെ പരിചയമില്ലെന്നടക്കം ഇയാള്‍ മൊഴി നല്‍കിയിരുന്നു. പ്രജികുമാര്‍ കൂടുതല്‍ പേര്‍ക്ക് സയനേഡ് എത്തിച്ചുനല്‍കിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാള്‍ സയനേഡ് കൊണ്ടുവന്നിരുന്നത്. മരുന്ന് എന്ന കോഡിലാണ് സയനേഡ് കൈമാറിയിരുന്നതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇടപാടുകള്‍ക്കായി കോഴിക്കോട്ട് രഹസ്യ കേന്ദ്രമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം അറസ്‌ററിലായ ജോളിയേയോ അവരുടെ ആദ്യ ഭര്‍ത്താവ് റോയിയെയോ അറിയില്ലെന്നായിരുന്നു ജ്യോത്സ്യന്‍ കൃഷ്ണകുമാറിന്റെ പ്രതികരണം. തന്നെ കാണാന്‍ ഒരുപാട് പേര്‍ വരാറുണ്ടെന്നും ഇത്തരത്തില്‍ ആരെയും ഓര്‍ക്കുന്നില്ലെന്നുമായിരുന്നു വിശദീകരണം. താന്‍ പൂജിച്ച് നല്‍കുന്ന ഏലസില്‍ ഭസ്മമാണുള്ളത്. അത് കഴിക്കാന്‍ കൊടുക്കാറില്ല. ഏലസിലെ ഭസ്മം കഴിക്കണമെന്ന് നിര്‍ദേശിക്കാറില്ലെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കാണാന്‍ വരുന്നവരുടെ രജിസ്റ്റര്‍ രണ്ട് വര്‍ഷമൊക്കെ സൂക്ഷിക്കാറുണ്ട്.ജോത്സ്യന്‍ പൂജിച്ച് നല്‍കിയ തകിടിനുള്ളിലെ പൊടി കലക്കി നല്‍കിയതാണ് ഫിലിയുടെ മരണത്തിന് കാരണമായെന്ന തരത്തില്‍ ചില വാദങ്ങളുയര്‍ന്നിരുന്നു. കൂടാതെ കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ നിന്ന് ഏലസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കട്ടപ്പനക്കാരനായ ഇയാളിലേക്ക് അന്വേഷണം നീണ്ടത്.
അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നോയെന്ന ചോദ്യത്തിന് ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു കോള്‍ വന്നിരുന്നെന്ന് ഇദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പിന്നീട് തുടര്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും കേസ് എന്താണെന്ന് പറഞ്ഞില്ലെന്നും വരുമ്പോള്‍ പറയാമെന്നാണ് അറിയിച്ചതെന്നും ഇയാള്‍ വിശദീകരിച്ചു. ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. കട്ടപ്പനയിലെ ജ്യോത്സ്യനിലേക്കും അന്വേഷണം നീളുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കഴിഞ്ഞദിവസം കൃഷ്ണകുമാര്‍ മൂന്ന് മൊബൈല്‍ നമ്പറുകളിലും ലഭ്യമായിരുന്നില്ല. വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇയാളെ കാണാന്‍ സാധിച്ചിരുന്നില്ല. ഒളിവിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന് തൊട്ടുപിന്നാലെ ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.