മോദി വന്നുപോയത് ജനുവരിയില്‍ ; ഇനിയും വാടക കിട്ടാതെ ഓഫീസുകള്‍ കയറിയിറങ്ങി കൊല്ലത്തെ ടാക്‌സി ഡ്രൈവര്‍മാര്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിനായി കാറുകള്‍ വിട്ടുനല്‍കിയവര്‍ക്ക് ഇനിയും വാടക കിട്ടിയില്ല. ഇതിനായി മാസങ്ങളായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഉടമകള്‍.കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തിയപ്പോഴാണ് എസ്പിജി സുരക്ഷയ്ക്കായി ഡ്രൈവര്‍മാര്‍ കാറുകള്‍ വാടകയ്ക്ക് നല്‍കിയത്. ജനുവരി 15 നായിരുന്നു പരിപാടി. ഇതിനായി ഇന്‍ഡിപെന്‍ഡന്റ് ടാക്‌സി ഡ്രൈവേഴ്‌സ് ഗ്രൂപ്പ് വഴി 15 ഇന്നോവ കാറുകള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
ആറ് ദിവസത്തേക്കാണ് ഡ്രൈവര്‍മാര്‍ സഹിതം വാഹനങ്ങള്‍ നല്‍കിയത്. 2800 രൂപ വാടകയും 200 രൂപ ബാറ്റയുമടക്കം 3000 രൂപയാണ് ഇന്ധനച്ചെലവടക്കം ഒരു ദിവസത്തേക്ക് നിശ്ചയിച്ചത്. എആര്‍ ക്യാംപില്‍ വാഹനങ്ങള്‍ എത്തിച്ച് ഡ്രൈവര്‍മാരുടെ തിരിച്ചറിയല്‍ രേഖയുള്‍പ്പെടെ ലഭ്യമാക്കുകയും ചെയ്തു. ഒടുവില്‍ പരിപാടിക്ക് ശേഷം ആകെ ദിവസങ്ങളിലെ ചെലവ് തുകയുടെ ബില്‍ കളക്ടറേറ്റില്‍ നല്‍കി.
എന്നാല്‍ കമ്മീഷണറെ സമീപിക്കാനാണ് കളക്ടറേറ്റില്‍ നിന്ന് നിര്‍ദേശിച്ചത്. ഇതുപ്രകാരം കമ്മീഷണര്‍ ഓഫീസിലെത്തിയപ്പോള്‍ ടൂറിസം വകുപ്പിനെ സമീപിക്കാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോഴും ഫലമുണ്ടായില്ല. 8 മാസത്തോളമായി പലകുറി ഈ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയതല്ലാതെ ഡ്രൈവര്‍മാര്‍ക്ക് വാടകത്തുക കിട്ടിയില്ലെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.