'മലയാളിയായതിൽ ഞാൻ അഭിമാനിക്കുന്നു'; കേരളീയത്തിന് ആശംസകൾ നേർന്ന് മോഹൻലാൽ

'മലയാളിയായതിൽ ഞാൻ അഭിമാനിക്കുന്നു'; കേരളീയത്തിന് ആശംസകൾ നേർന്ന് മോഹൻലാൽ
Published on

കേരളീയം എന്ന സാംസ്‌കാരിക പദ്ധതിയ്ക്കായി തിരുവനന്തപുരത്തെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടൻ മോഹൻലാൽ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാംസ്‌കാരിക പരിപാടികളും ഒത്തുചേരലുകളും നടക്കുന്നത് തലസ്ഥാന നഗരിയില്‍ ആണെന്ന് അറിയാമെന്നും നാളത്തെ കേരളം എങ്ങനെ എന്ന ചിന്തയാണ് കേരളീയം 2023 മുന്നോട്ട് വയ്ക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വർഷവും കേരള പിറവി ദിനത്തോടനുബന്ധിച്ചു ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷമായാണ് കേരളീയം എന്ന പരിപാടി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്. ഭൂമിശാസ്ത്രപരവും ഭാഷാടിസ്ഥാനത്തിലുമുള്ള അതിരുകള്‍ ഭേദിച്ച് പാന്‍ ഇന്ത്യന്‍ പ്രേക്ഷക ബന്ധത്തെ ശക്തിപ്പെടുത്താൻ ഉപകാരപ്പെടും വിധമുള്ള ശ്രമങ്ങൾക്ക് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകം മുന്‍കൈ എടുക്കണമെന്നും സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിയും പോലെ പല കാര്യങ്ങളും ആദ്യം നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയില്‍ നമുക്ക് ഇത്തരമൊരു നീക്കത്തിനും വഴികാട്ടികളാകാം എന്നും മോഹൻലാൽ പറഞ്ഞു. ഒരു മലയാളിയായതിലും കേരളത്തിൽ ജനിച്ചതിലും അഭിമാനം കൊള്ളുന്നു എന്ന് പറഞ്ഞ മോഹൻലാൽ സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിക്ക് ആശംസകളും നേർന്നു.

മോഹൻലാൽ പറഞ്ഞത്:

കേരളത്തിന്റെ പൈതൃക പ്രൗഢിയും ഭാഷയുടെ മഹത്വവും ലോകത്തിനും മനുഷ്യരാശിക്കും മുന്‍പില്‍ ഒരു ഓര്‍മ്മപ്പെടുത്തലായി സംസ്ഥാന സര്‍ക്കാര്‍ ഇത് ആദ്യമായി സംഘടിപ്പിക്കുന്ന കേരളീയം ഉദ്ഘാടന വേദിയില്‍ എനിക്കും ഇടം ഉണ്ടായതില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും മറ്റ് ബന്ധപ്പെട്ടവരോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് എന്റെ ന​ഗരമാണ്. തിരുവനന്തപുരത്തോളം എനിക്ക് പരിചിതമായ മറ്റൊരു നഗരവുമില്ല. ഇവിടുത്തെ ഓരോ മുക്കും മൂലയും എനിക്ക് അറിയാം. ഇവിടുത്തുകാരെയും ഇവിടുത്തുകാരുടെ സംസ്‌കാരവും എനിക്ക് ഏറെ പരിചിതമാണ്. സര്‍ക്കാര്‍ കേരളീയം എന്ന ഈ വന്‍ സാംസ്‌കാരിക പദ്ധതിയ്ക്കായി തിരുവനന്തപുരത്തെ തിരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാംസ്‌കാരിക പരിപാടികളും ഒത്തുചേരലുകളും നടക്കുന്നത് ഈ തലസ്ഥാന നഗരിയില്‍ ആണെന്ന് എനിക്ക് അറിയാം. നാളത്തെ കേരളം എങ്ങനെ എന്ന ചിന്തയാണ് കേരളീയം 2023 മുന്നോട്ട് വച്ചിട്ടുള്ളത്. സ്വാഭാവികമായും സാംസ്‌കാരിക കേരളത്തെക്കുറിച്ചുള്ള ഭാവി ചിന്തനവും അതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഞാന്‍ പ്രതിനിധികരിക്കുന്ന സിനിമയെ സംബന്ധിച്ചാണെങ്കില്‍ ഭൂമിശാസ്ത്രപരവും ഭാഷാടിസ്ഥാനത്തിലുമുള്ള അതിരുകള്‍ ഭേദിച്ച് പാന്‍ ഇന്ത്യന്‍ പ്രേക്ഷക ബന്ധത്തെ ശക്തിപ്പെടുത്താൻ ഉപകാരപ്പെടും വിധം ഇത്തരത്തിലുള്ള ശ്രമങ്ങൾക്ക് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിന് മുന്‍കൈ എടുക്കാവുന്നതേയുള്ളൂ. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിയുംപോലെ പല കാര്യങ്ങളും ആദ്യം നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയില്‍ നമുക്ക് ഇത്തരമൊരു നീക്കത്തിനും വഴികാട്ടികളാകാം. മലയാളിയായതിലും കേരളത്തില്‍ ജനിച്ചതിലും ഞാൻ അഭിമാനിക്കുന്നു. ഈ കേരളപ്പിറവിക്ക് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയത്തിന് എന്റെ എല്ലാ വിധ മം​ഗളാശംസകളും.

കേരളത്തെ അതിന്റെ സാംസ്കാരികവും തന്മയ ഭാവത്തോടും കൂടെ അവതരിപ്പിക്കൽ തുടങ്ങി വിവിധോദ്ദേശങ്ങളോടെയാണ് കേരളീയം വികസന-സാംസ്‌കാരിക-മഹോത്സവം സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത്. തലസ്ഥാനത്തെ 41 വേദികളിലായി നവംബര്‍ ഏഴ് വരെയാണ് ആഘോഷം. കിഴക്കേകോട്ട മുതല്‍ കവടിയാര്‍വരെയുള്ള ഭാഗത്ത് 41 'കേരളീയം' പ്രദര്‍ശനനഗരികളാണുള്ളത്. കല, സംസ്‌കാരം, വ്യവസായം, കാര്‍ഷികം മുതലായ വ്യത്യസ്തമേഖലകളിലെ മേളകള്‍ ഉണ്ടാവും. 25 പ്രദര്‍ശനങ്ങള്‍, 400-ലധികം കലാപരിപാടികള്‍, 3000 കലാകാരന്മാര്‍, 11 വ്യത്യസ്ത ഭക്ഷ്യമേളകള്‍, ആറു വേദികളില്‍ ഫ്‌ളവര്‍ ഷോ, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, 600-ലധികം സംരംഭകര്‍ പങ്കെടുക്കുന്ന ട്രേഡ്‌ഫെയര്‍, എട്ടുകിലോമീറ്റര്‍ നീളത്തില്‍ ദീപാലങ്കാരം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതുകൂടാതെ, കേരളവികസനത്തെ സംബന്ധിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചുമുള്ള 25 സെമിനാറുകളുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in