ഉരുള്‍പൊട്ടലുണ്ടായ രാജമലയില്‍ മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നില്ലെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ദീപന്‍ എന്ന യുവാവ്. കനത്തമഴയെ തുടര്‍ന്ന് പ്രദേശം ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു. പത്ത് ദിവസമായിട്ട് വൈദ്യുതിയോ ആശയ വിനിമയ സംവിധാനങ്ങളോ ഇല്ലായിരുന്നുവെന്നും ദീപന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. മലയിടിഞ്ഞ് നല്ല വേഗതയില്‍ താഴേക്ക് വന്നു.അച്ഛനും ഭാര്യയും അമ്മയും കൂടെയുണ്ടായിരുന്നു. അമ്മയുടെ കരച്ചില്‍ കേട്ടു. പിന്നെ ആരെയും കണ്ടില്ലെന്നും ദീപന്‍ പറഞ്ഞു. എല്ലാവരും അപകടത്തില്‍പ്പെട്ടു. അച്ഛനെയും ഭാര്യയെയും കുറിച്ച് വിവരമില്ല. വലിയ പ്രദേശത്താണ് അപകടം സംഭവിച്ചിരിക്കുന്നത്.
അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നു.പഴനിയമ്മാളിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി. ചേട്ടനും ഭാര്യയും മക്കളും അടുത്ത വീട്ടിലുണ്ടായിരുന്നു. പത്ത് ദിവസമായിട്ട് പ്രദേശത്ത് ശക്തമായ മഴയായിരുന്നു. വൈദ്യുതിയുണ്ടായില്ല. പ്രദേശം ഒറ്റപ്പെട്ടിരിക്കുകയായിരുന്നു. പാലം തകര്‍ന്ന് പോയി. കയറുകെട്ടിയാണ് ആശുപത്രിയിലേക്ക് കൊണ്ടു വന്നു. മുപ്പത് വണ്ടികള്‍ വെള്ളത്തില്‍ പോയി. നാല് ലൈനുകള്‍ തീര്‍ത്തും പോയി. ഡ്രൈവര്‍മാരാണ് കൂടുതലും ഈ മേഖലയിലുള്ളത്. ഇടമലക്കുടിയില്‍ ജീപ്പ് ഓടിക്കുന്നവരും ഉണ്ടെന്നും ദീപന്‍ പറയുന്നു.
ദീപന്റെ അമ്മ പളനിയമ്മയെ അതീവ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ മെഷിന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് ലയങ്ങളിലായി 30 മുറികളായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ ലയത്തിലാണ് അപകടമുണ്ടായത്. മൂന്നര കിലോമീറ്റര്‍ മുകളില്‍ നിന്ന് കുന്നിടിഞ്ഞുവെന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നത്. മലയിടിഞ്ഞ ഭാഗം പുഴ പോലെയായി.