ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്; കക്കി ഡാം 11 മണിക്ക് തുറക്കും, മുന്നറിയിപ്പ്

ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്; കക്കി ഡാം 11 മണിക്ക് തുറക്കും, മുന്നറിയിപ്പ്
Published on

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2396.86 അടിയിലെത്തിയതോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

ഇടുക്കിയിലെ പൂര്‍ണസംഭരണ ശേഷം 2403 അടിയാണ്. ജലനിരപ്പ് 2397.86 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. അപ്പര്‍ റൂള്‍ കര്‍വായ 2398.86 അടിയില്‍ ജലനിരപ്പെത്തിയാലാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് ജലമൊഴുക്കേണ്ട സാഹചര്യമുണ്ടാവുക. ഓരോ അലര്‍ട്ടിനും മുമ്പ് കൃത്യമായ മുന്നറിയിപ്പുകള്‍ അതത് മേഖലകളിലെ ജനങ്ങള്‍ക്ക് നല്‍കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ തികഞ്ഞ ജാഗ്രതയോടെ രംഗത്തുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

ഇടമലയാര്‍ അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുകയാണെന്നും മുന്നറിയിപ്പുണ്ട്. ഇടമലയാര്‍ അണക്കെട്ടിന്റെ പരമാവധി ജലവിതാനനിരപ്പ് (FRL)169 മീറ്റര്‍ ആണ്. ഇപ്പോഴത്തെ ജലനിരപ്പ് +165.30 മീറ്റര്‍ ആണ്. റൂള്‍ കര്‍വ് പ്രകാരം ജലസംഭരണിയുടെ ഉയര്‍ന്ന ജല വിതാനം (Upper Rule Level)166.80 മീറ്റര്‍ ആണ്. മഴയും നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ അധികജലം താഴേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി, ആദ്യഘട്ട മുന്നറിയിപ്പ് എന്ന നിലയിലാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

കക്കി ഡാം തിങ്കളാഴ്ച രാവിലെ 11ന് തുറക്കും. നാല് ഷട്ടറുകളാണ് തുറക്കുക. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in