പുത്തുമല ദുരന്തബാധിതര്‍ക്ക് നല്‍കിയത് പഴംതുണി; മേപ്പാടി ക്യാമ്പ് കുപ്പത്തൊട്ടിയാക്കി; കെട്ടിക്കിടക്കുന്നവയില്‍ പഴകിയ അടിവസ്ത്രങ്ങളും
വന്‍ ദുരന്തം സംഭവിച്ച വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ സഹായമെന്ന പേരില്‍ ഒരു വിഭാഗം ആളുകള്‍ നല്‍കിയത് ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍. ഉപയോഗിച്ച് ഉപേക്ഷിച്ച അടിവസ്ത്രം ഉള്‍പ്പെടെ ഒരു ലോഡ് പഴന്തുണിയാണ് മേപ്പാടി ദുരിതാശ്വാസ ക്യാംപില്‍ കെട്ടിക്കിടക്കുന്നത്. പുത്തുമല ദുരന്തബാധിത മേഖലയിലുള്ളവരാണ് ക്യാമ്പിലുണ്ടായിരുന്നത്.
ദുരിതാശ്വാസ ക്യാമ്പ് അധികൃതര്‍ ഈ 'ചാരിറ്റി' നിഷേധിച്ചതോടെ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കുന്നുകൂടിയിരിക്കുകയാണ്. അഴുക്കുപിടിച്ചതും വിയര്‍പ്പോടുകൂടിയതുമായ വസ്ത്രങ്ങളും കൂട്ടത്തിലുണ്ടായിരുന്നതായി പിടിഎ പ്രസിഡന്റ് എന്‍ ഡി സാബു ദ ക്യൂവിനോട് പറഞ്ഞു.
കുറെ പേരെ മടക്കി അയച്ചു. സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങള്‍ക്ക് തണ്ടാണെന്ന് പ്രചരിപ്പിച്ചു. വിയര്‍പ്പോടു കൂടിയ വസ്ത്രങ്ങളും ഉണ്ടായിരുന്നു. ടീച്ചേഴ്‌സ് ഇത് തരംതിരിക്കാന്‍ വളരെ ബുദ്ധിമുട്ടി.
എന്‍ഡി സാബു
ഒരു ക്ലാസ് മുറിയിലും കമ്യൂണിറ്റി ഹാളിന്റെ പിറകുവശത്തുമായി കൂട്ടിയിട്ടിരിക്കുകയാണ്. പഴകിയ വസ്ത്രം സംസ്‌കരിച്ചാല്‍ മാത്രമേ കൂട്ടിയിട്ട മുറിയില്‍ ക്ലാസ്് തുടങ്ങാനാകുകയുള്ളുവെന്നതാണ് സ്‌കൂള്‍ അധികൃതരെ കുഴക്കുന്നത്. മാലിന്യം കത്തിക്കരുതെന്ന് നിയമമുള്ള ഗ്രാമപഞ്ചായത്താണ് മേപ്പാടി.
മണ്ണില്‍ കുഴിച്ചിടാനും കഴിയില്ല. പഴകിയതും ഉപയോഗിക്കാന്‍ കഴിയാത്തതുമായ വസ്ത്രങ്ങള്‍ ചാക്കില്‍ നിറച്ച് ക്യാമ്പില്‍ എത്തിക്കുകയായിരുന്നു. പഴകിയ വസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തള്ളരുതെന്ന് അധികൃതര്‍ കഴിഞ്ഞ വര്‍ഷവും അഭ്യര്‍ത്ഥിച്ചിരുന്നു.