‘ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്തതാണ് ചെയ്തത്’; നൗഷാദിന് മമ്മൂട്ടിയുടെ അഭിനന്ദനകോള്‍
'എന്റെ പെരുന്നാളിങ്ങനെയാ',നമ്മള്‍ പോകുമ്പോള്‍ ഇവിടെ നിന്നൊന്നും കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ, ഇതെല്ലാം എത്തേണ്ടിടത്ത് എത്തും', കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി എറണാകുളം ബ്രോഡ്‌വേയിലെ കടയില്‍ നിന്ന് ചാക്കുകള്‍ നിറച്ച് വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദ് പറഞ്ഞതിങ്ങനെയായിരുന്നു. സഹജീവികളോടുള്ള സ്‌നേഹം മലയാളി മറന്നിട്ടില്ലെന്ന് തെളിയിച്ച നൗഷാദിന് സമൂഹത്തിന്റെ എല്ലാ മേഖലകളിലും നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
തനിക്കുണ്ടാവുന്ന നഷ്ടം നോക്കാതെ വില്‍ക്കാന്‍ വെച്ചിരുന്ന വസ്ത്രങ്ങള്‍ ക്യാംപില്‍ കഴിയുന്നവര്‍ക്കായി എടുത്തു നല്‍കിയ നൗഷാദിനെ നടന്‍ മമ്മൂട്ടിയും വിളിച്ചഭിനന്ദിച്ചു. നല്ലൊരു ദിവസമായിട്ട് സന്തോഷമുള്ള ഒരു കാര്യമാണ് നൗഷാദ് ചെയ്തതെന്നും എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെയെന്ന് മമ്മൂട്ടി നൗഷാദിനോട് പറഞ്ഞു.
നിങ്ങള്‍ കടയിലുള്ള സാധനങ്ങളൊക്കെ കൊടുത്തുവെന്ന് അറിഞ്ഞു. സന്തോഷമുള്ള കാര്യമാണ്.നല്ലൊരു ദിവസമായിട്ട് ‘റാഹത്താ’യ കാര്യങ്ങള്‍ ചെയ്യുക. അതിന് പടച്ചോന്‍ അനുഗ്രഹിക്കട്ടെ. ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത ഒരുകാര്യമാണ് ചെയ്തത്. വലിയ കാര്യമാണ്,എല്ലാ നന്മകളും ഉണ്ടാകട്ടെ..
മമ്മൂട്ടി
ഇന്നലെയാണ് കുസാറ്റില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ ബ്രോഡ് വേയില്‍ സാധനങ്ങള്‍ സമാഹരിക്കുന്നതിനിടെ നൗഷാദ് ഒന്നു കട വരെ വരുമോ എന്ന് വിളിച്ച് കൊണ്ടു പോയി കട മുഴുവന്‍ തുറന്നു കൊടുത്തത്. നൗഷാദിനെക്കുറിച്ച് നടന്‍ രാജേഷ് ശര്‍മ്മയായിരുന്നു പുറം ലോകത്തെ അറിയിച്ചത്. പിന്നീടും കടയിലെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നൗഷാദ് കടയിലെ വസ്ത്രങ്ങള്‍ എടുത്തു നല്‍കി.
പലരും നേരിട്ടും അല്ലാതെയും നൗഷാദിനെ വിളിച്ച് അഭിനന്ദിച്ചു. ഒരുപാട് പേര്‍ ഫേസ്ബുക്കില്‍ നൗഷാദിനെക്കുറിച്ചുള്ള കുറിപ്പുകള്‍ പങ്കുവെച്ചു. നിര്‍മ്മാതാവായ തമ്പി ആന്റണി നൗഷാദിന് ഉണ്ടായ നഷ്ടം പങ്കിടാനായി അമ്പതിനായിരം രൂപ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഓണത്തിന് നൗഷാദിന്റെ കടയില്‍ നിന്നായിരുക്കും വസ്ത്രങ്ങളെടുക്കുക എന്നും പലരും കുറിച്ചു.