അടുത്ത 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തിപ്രാപിച്ച് അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരം മുതല്‍കര്‍ണാടക തീരം വരെയാണ് ന്യൂനമര്‍ദ്ദ പാത്തി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്നും പ്രവചനമുണ്ട്. ഞായറാഴ്ച വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് 3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം. പൊതുജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.