ബാവലി തോണിക്കടവില്‍ ഒഴുക്കില്‍ പെട്ടവരെ രക്ഷപെടുത്തി ; കക്കയം പവര്‍ഹൗസിന് മുകളില്‍ ഉരുള്‍ പൊട്ടല്‍
തിരുനെല്ലി പഞ്ചായത്തിലെ ബാവലി - തോണിക്കടവില്‍ ഒഴുക്കില്‍പ്പെട്ട് മരത്തില്‍ അഭയം തേടിയ 4 പേരെയും രക്ഷപെടുത്തിയെന്ന് ഒആര്‍ കേളു എംഎല്‍എ അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ ഇവരെ രക്ഷപെടുത്താന്‍ ശ്രമം നടക്കുകയാണെങ്കിലും പ്രതികൂല കാലവസ്ഥ തടസ്സമാവുകയായിരുന്നു. മൂന്ന് പേരെ വൈകുന്നേരത്തോടെ രക്ഷപെടുത്തിയിരുന്നു.
കക്കയം ജനറേറ്റിംഗ് സ്റ്റേഷന്റെ തൊട്ടുമുകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി അറിയിച്ചു. അരീക്കോടു നിന്ന് വടക്കോട്ട് വൈദ്യുതി കൊണ്ടുപോകുന്ന 220 കെവി ലൈന്‍ ചാലിയാര്‍ പുഴയില്‍ വെള്ളം കയറി ക്ലിയറന്‍സ് കുറഞ്ഞതിനാല്‍ ഓഫ് ചെയ്തിരിക്കുകാണ്. ഈ സാഹചര്യത്തില്‍ വടക്കന്‍ ജില്ലകളില്‍ വൈദ്യുതി ബന്ധം ഇല്ലാത്ത സ്ഥിതിയുണ്ടെന്നും അരീക്കോട് ലൈന്‍ ചാര്‍ജ് ചെയ്യാനുള്ള സാദ്ധ്യതകള്‍ പരിശോധിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു.
പൂത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണിക്കൂറുകള്‍ക്ക് ശേഷം ഒരാളെ ജീവനോടെ മണ്ണിനടിയില്‍ നിന്ന് രക്ഷപെടുത്തി. മലപ്പുറം കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. അന്‍പതോളം പേര്‍ ഇവിടെ മണ്ണിനടിയില്‍ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. സംസ്ഥാനത്താകെ ഇതുവരെ 28 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്താകെ 738 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 64013 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. വയനാട്ടില്‍ അതിതീവ്ര മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.