LIVE BLOG: മഴയുടെ ശക്തി കുറഞ്ഞു; മണിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ അടച്ചു, മുഴിയാര്‍ ഡാം ഇന്നു തുറക്കില്ല 

LIVE BLOG: മഴയുടെ ശക്തി കുറഞ്ഞു; മണിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ അടച്ചു, മുഴിയാര്‍ ഡാം ഇന്നു തുറക്കില്ല 

ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതിനാല്‍ മണിയാര്‍ ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ തോത് കുറച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 5 ഷട്ടറുകളില്‍ ഒരു ഷട്ടര്‍ അടയ്ക്കുകയും ചെയ്തതിട്ടുണ്ട്. മൂഴിയാര്‍ ഡാം ഇന്നു തുറക്കുന്നതായിരിക്കില്ല.

പൂത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണിക്കൂറുകള്‍ക്ക് ശേഷം ഒരാളെ ജീവനോടെ മണ്ണിനടിയില്‍ നിന്ന് രക്ഷപെടുത്തി. ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിലേക്ക മാറ്റി. ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു

കക്കയം ഡാം പവര്‍ ഹൗസിന് മുകളിലും കക്കയം വാലിയിലും ഉരുള്‍പൊട്ടല്‍. പവര്‍ ഹൗസില്‍ ചെളി കയറി. പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവച്ചു

പമ്പയാറ്റിലൂടെ ചെങ്ങന്നൂരിലേക്ക് ഒഴുകി വരുന്ന ജലത്തിന്റെ അളവില്‍ വര്‍ധനവ്. പമ്പാതീരത്ത് താമസിക്കുന്നവരെ എംഎല്‍എയുടൈയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ മാറ്റിപ്പാര്‍പ്പിക്കുന്നു. ചെങ്ങന്നൂരില്‍ മൂന്ന് ക്യാമ്പുകള്‍ തുറന്നു

മലപ്പുറം കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍. മൂന്ന് പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടതായി സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

കവളപ്പാറയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹം കിട്ടി. രണ്ട് കുട്ടികളുടെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെടുത്തു. മാതി ചെറുമകന്‍ ഗോകുല്‍, അഞ്ച് വയസ്സുള്ള മറ്റൊരു കുട്ടി എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് കോഴിക്കോട് ഫറോക്ക് പഴയ പാലം അടച്ചു. ചാലിയാറില്‍ ശക്തമായ ഒഴുക്ക്

കോഴിക്കോട് പുതിയാപ്പ തുറമുഖത്ത് നിന്ന് കടലില്‍ മീന്‍ പിടിക്കാന്‍ പോയ 2 ബോട്ടുകള്‍ തിരിച്ചെത്തിയില്ല. ഈ മാസം 6 നാണ് ഗംഗോത്രി, കടല്‍ റാണി എന്നി ബോട്ടുകള്‍ കടലിലേയ്ക്ക് പോയത്. 2 ബോട്ടിലുമായി ഏതാണ്ട് 30 ഓളം മത്സ്യതൊഴിലാളികള്‍ ഉണ്ടെന്നാണ് സൂചന.

മഴക്കെടുതി: ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അടിയന്തര സാമ്പത്തിക സഹായമായി 22.5 കോടി നല്‍കും. മഴക്കെടുതി രൂക്ഷമായ വയനാട് ജില്ലക്ക് രണ്ടര കോടിയാണ് നല്‍കുക. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ട് കോടി നല്‍കും. ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ജില്ല

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം. കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഓരോ ജില്ലയിലേയും നിലവിലെ സ്ഥിതി വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്തു. ദുരന്തത്തില്‍പ്പെടുന്നവര്‍ക്കുള്ള വൈദ്യസഹായം ദുരന്തസ്ഥലങ്ങളിലും ആശുപത്രികളിലും ലഭ്യമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തും. ഓരോ ജില്ലയിലേയും ക്യാമ്പുകള്‍, അവരുടെ ആരോഗ്യ പരിരക്ഷ, ആവശ്യമായ ഡോക്ടര്‍മാരെ ലഭ്യമാക്കല്‍, മരുന്നുകള്‍, മറ്റ് സാധനസാമഗ്രികള്‍, ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ടാബ്ലറ്റ് തുടങ്ങിയവ എല്ലാം ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതിര്‍ത്തി ജില്ലകളിലെ പ്രദേശങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമെങ്കില്‍ അതിര്‍ത്തി സംസ്ഥാനങ്ങളുടെ സഹായം തേടും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം (0471 2302160) ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലകള്‍ തോറും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ സംഘത്തെ എല്ലായിടത്തും സജ്ജമാക്കിവരുന്നുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കവളപ്പാറ ഉരുള്‍പൊട്ടല്‍: അമ്പതിനും നൂറിനുമിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് പി വി അന്‍വര്‍ എം എല്‍ എ. സിഗ്‌നല്‍ ലഭ്യതയുടെ അഭാവം മൂലം കമ്മ്യൂണിക്കേഷനിലും ബുദ്ധിമുട്ടുണ്ട്. സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.സര്‍ക്കാര്‍ തീരുമാനപ്രകാരം പാലക്കാട് നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടന്‍ കവളപ്പാറയില്‍ എത്തും. കവളപ്പാറയിലെ ജനങ്ങള്‍ക്കൊപ്പം ഈ നാട് ഒന്നാകെ ഉണ്ടാകണമെന്നും പി വി അന്‍വര്‍ അഭ്യര്‍ത്ഥിച്ചു

പാലക്കാട് -ഷൊര്‍ണുര്‍, ഷൊര്‍ണൂര്‍-കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം താല്‍കാലികമായി നിര്‍ത്തിവച്ചുവെന്ന് റെയില്‍വേ അറിയിച്ചു

ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം ബണ്ടിലെ 90 ഷട്ടറുകളും അന്ധകാരനഴിയിലെ 13 ഷട്ടറുകളും തുറന്നു. കടലിലേക്ക് ശക്തമായ ഒഴുക്കുള്ളതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടനാട് മേഖലയില്‍ നിന്നും കടലിലേക്ക് വെള്ളം ശക്തമായി ഒഴുകുന്നുണ്ട്. ഏത് സാഹചര്യത്തെയും നേരിടാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

തൃശ്ശൂരില്‍ പുന്നയൂര്‍കുളത്ത് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ മുങ്ങി മരിച്ചു

പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. അപകട സാധ്യതയുള്ളതിനാലാണ് നടപടി. കാഞ്ഞിരപ്പുഴ, മംഗലം ഡാം, വെള്ളിയാങ്കല്ല് പാര്‍ക്ക് എന്നിവിടങ്ങളിലാണ് നിയന്ത്രണം.

മൂന്നാറില്‍ വീണ്ടും കനത്ത മഴ. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

ജീവനക്കാര്‍ അവധി റദ്ദാക്കി സഹകരിക്കണമെന്ന് സര്‍ക്കാര്‍. നാളെയും മറ്റന്നാളും ജോലിക്കെത്തണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.

ദുരിതബാധിത മേഖല മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും. ഹെലികോപ്റ്ററിലാണ് വിവിധ ജില്ലകളിലെത്തുക

മലപ്പുറം കവളപ്പാറയില്‍ വന്‍ദുരന്തം; മുപ്പതിലേറെ കുടുംബങ്ങള്‍ മണ്ണിനടിയിലെന്ന് സംശയം .ഉരുള്‍പൊട്ടിയത് ഇന്നലെ രാത്രി എട്ടുമണിക്ക്. രക്ഷാപ്രവര്‍ത്തനം തുടങ്ങിയത് ഇന്ന് 12 മണിക്ക്. മുപ്പതിലേറെ വീടുകള്‍ മണ്ണിനടിയിലാണെന്ന് നാട്ടുകാര്‍. അമ്പതിലേറെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും സംശയം.റോഡ് തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പറ്റുന്നില്ല.

സംസ്ഥാനത്ത് നാളെ മഴ കുറഞ്ഞാലും ആഗസ്റ്റ് 13 മുതല്‍ വീണ്ടും മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം േേമധാവി കെ സതീദേവി. എന്നാല്‍ ഇപ്പോഴുള്ള അത്ര തീവ്രത ഉണ്ടാകാന്‍ സാധ്യതയില്ല. എങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രണ്ട് ദിവസത്തേക്ക് ശക്തമായ മഴയുണ്ടാകും. ആഗസ്റ്റ് മാസത്തില്‍ ഇതുവരെയുള്ള എട്ട് ദിവസത്തിനുള്ളില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ 60 ശതമാനം അധികം ലഭിച്ചു, എന്നാല്‍ മണ്‍സൂണ്‍ ആരംഭിച്ചത് മുതലുള്ള മഴയുടെ കണക്കെടുത്താല്‍ 23 ശതമാനം കുറവാണ് ലഭിച്ചിരിക്കുന്നതെന്നും സതീദേവി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ 23000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

മണിയാര്‍ ഡാമിന്റെ 5 ഷട്ടറുകള്‍ തുറന്നു ; പമ്പാ- കക്കാട് തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം കണ്ണൂര്‍ പഴശ്ശി ഡാം അതിവേഗം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് പകടമായ വിധം ഉയരുന്നതിനാല്‍ പഴശ്ശി റിസെര്‍വോയറിന്റെയും വളപട്ടണം പുഴയുടെയും കരയില്‍ താമസിക്കുന്നവരും പഴശ്ശി ഡാമിന്റെ കൈവഴികള്‍ക്കു സമീപത്തു ഉള്ളവരും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് കളക്ടര്‍ അറിയിച്ചു.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മണിയാര്‍ ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. പമ്പാ നദിയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

ആലപ്പുഴ വഴിയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. ദീര്‍ഘദൂര സര്‍വ്വീസുകള്‍ കോട്ടയം വഴി തിരിച്ചു വിടും.

പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്. പന്ത്രാണ്ടാം തിയ്യതി വരെ ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

മഴക്കെടുതി: 22 മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മഴ കുറയും. ഓഗസ്റ്റ് 15 വീണ്ടും ശക്തമാകും.

മഴ കനത്ത സാഹചര്യത്തില്‍ നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സച്ചിന്‍ തെന്‍ഡുല്‍ക്കറായിരുന്നു മുഖ്യാതിഥി.

രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റും.

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് . 9 ജില്ലകളില്‍ റെഡ് അലേര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മരിച്ചവരുടെ എണ്ണം പതിനാലായി. ശക്തമായ ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയിലും നിലമ്പൂര്‍ കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ഭാരതപ്പുഴ കരകവിഞ്ഞു. പട്ടാമ്പി മുതല്‍ തൃത്താല വരെ വെള്ളം കയറി. വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നു.

നിലമ്പൂരില്‍ വീണ്ടു ഉരുള്‍പൊട്ടല്‍. കവളപാറയില്‍ ഉരുള്‍പൊട്ടി. ചുങ്കത്തറ പാലം ഒലിച്ചു പോയി. മുപ്പത് കുടുംബങ്ങള്‍ കുടുങ്ങി കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയുന്നില്ലെന്ന് നാട്ടുകാര്‍.

ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് ഒരാളുടെ മൃതദേഹം കണ്ടെത്തി. നാല് പേരെയാണ് കാണാതായത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ചാലക്കുടിയില്‍ മുന്നറിയിപ്പ് ചാലക്കുടി പുഴയുടെ തീരത്ത് വെള്ളപ്പൊക്ക ഭീഷണി. പുഴ കരകവിഞ്ഞ് ഒഴുകുന്നു. തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലില്‍ തടസ്സമുണ്ടായി. ഇതാണ് ചാലക്കുടി പുഴയില്‍ വെള്ളം കയറാന്‍ കാരണം. ഇരുകരകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നുണ്ട്

കക്കയം ഡാം അല്പസമയത്തിനുള്ളിൽ മൂന്ന് അടി വരെ തുറക്കും . നിലവിൽ 45 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത് ഏഴടി. ഇന്നലെ രാവിലെയോടെ ജലനിരപ്പ് 120 അടി പിന്നിട്ടു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.

പെരിയാറിലെ ജലനിരപ്പ് കൂടുന്നു. എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നു. ജില്ലയില്‍ 54 ക്യാമ്പുകള്‍ തുടങ്ങി. മൂവാറ്റുപുഴയിലും കോതമംഗലത്തും വെള്ളം കയറി. ദക്ഷിണാനാവികസേന രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാണെന്ന് അറിയിച്ചു.

കോഴിക്കോട് വടകര വിലങ്ങാട് ഉരുള്‍പൊട്ടി. നാലുപേരെ കാണാതായി. മൂന്ന് വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

കോഴിക്കോട് കുറ്റ്യാടിയില്‍ രണ്ടു പേര്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. മാക്കൂല്‍ മുഹമ്മദ്, ഷരീഫ് സഖാഫി എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി വളയന്നൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ വയലിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കിട്ടിയത്.

ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഒരു മൃതദേഹം കണ്ടെത്തി. സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. 40 അംഗ സംഘം പുത്തുമലയിലെത്തി. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നു. വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ തുടരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിട്ടു. വിമാനങ്ങള്‍ വഴിതിരിച്ചുവിടും.

logo
The Cue
www.thecue.in