ഒറ്റപ്പെട്ട് അട്ടപ്പാടി; പാലങ്ങള്‍ ഒലിച്ചു പോയി; ഊരുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു
ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ പാലങ്ങള്‍ ഒലിച്ചു പോയതും റോഡുകള്‍ തകര്‍ന്നതും മണ്ണിടിച്ചിലുണ്ടായതും അട്ടപ്പാടി ഒറ്റപ്പെട്ടു. പല ഊരുകളുമായി ബന്ധിപ്പിക്കുന്ന ചെറിയ പാലങ്ങളും തകര്‍ന്നു. ഊരുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും. കുത്തിയൊഴുകുന്ന പുഴയിലൂടെ അതിസാഹസികമായാണ് പലരെയും രക്ഷപ്പെടുത്തിയത്.ശിരുവാണിയും ഭവാനിപ്പുഴയും കര കവിഞ്ഞ് ഒഴുകിയതോടെ ഇതിന്റെ ഇരുകരകളിലെയും വീടുകള്‍ വെള്ളത്തിനടയിലായി.
ശിരുവാണി പുഴയിലെ നാല് പാലങ്ങളും കനത്തമഴയില്‍ തകര്‍ന്നു.ഉദ്ഘാടനത്തിനായി തയ്യാറാക്കിയിരുന്ന തുടുക്കി പാലവും സമ്പാര്‍ക്കോട് പാലവും വണ്ണാന്തറ പാലവുമാണ് തകര്‍ന്നതോടെയാണ് അട്ടപ്പാടിയുടെ വിവിധ മേഖലകളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലകളില്‍ വൈദ്യുതിയില്ല.
ജലനിരപ്പ് ഉയര്‍ന്നതോടെ അപ്പര്‍ ഭവാനി അണക്കെട്ട് ഉടന്‍ തന്നെ തുറന്നു വിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഭവാനി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എടവാണി, ജലസി, തുടുക്കി, താഴെത്തുടുക്കി, പുട്ടിക്കല്‍ കുറുവമ്പാടി, കോഴിക്കുടം എന്നീ ഊരുകളിലുള്ളവരെയാണ് രക്ഷപ്പെടുത്തുന്നത്. കുറുവമ്പാടിക്ക് ചുറ്റും മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. അഗളി ട്രൈബല്‍ ഹോസ്റ്റലിലും സമീപത്തുള്ള സ്‌കൂളുകളിലുമാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്.
ഊരുകളിലേക്കുള്ള താല്‍ക്കാലികമായി കെട്ടിയ പാലങ്ങളും ഒലിച്ചു പോയി. മണ്ണാര്‍ക്കാട് നിന്നുള്ള വാഹനഗതാഗതവും നിലച്ചിരിക്കുകയാണ്. ചുരത്തിലെ മണ്ണ് നീക്കിയാല്‍ മാത്രമേ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ സര്‍വ്വീസ് ആരംഭിക്കുകയുള്ളു. ചെറിയ വാഹനങ്ങള്‍ മാത്രമാണ് ഈ വഴി എത്തുന്നത്. നവായ്, മാറനാട്ടി, പുലിയറ, കുറവന്‍പാടി, ചിറ്റൂര്‍, കോഴിക്കുടം എന്നിവിടങ്ങളിലെ റോഡിലെ മണ്ണ് നീക്കുന്നതിനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.