കേരളത്തിനെതിരായ യോഗി ആദിത്യനാഥിന്റെ പരാമര്‍ശം പാര്‍ലമെന്റില്‍ ഉന്നയിച്ച് സി.പി.എം. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ജോണ്‍ ബ്രിട്ടാസ് എം.പിയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി ആവശ്യപ്പെട്ടു.
യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ രംഗത്തെത്തിയിരുന്നു.
യോഗിക്ക് ഹിന്ദിയിലും ഇംഗ്ലീഷിലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. യുപി കേരളമായാല്‍ മികച്ച വിദ്യാഭ്യാസ സൗകര്യമുണ്ടാകും, ആരോഗ്യ സേവനങ്ങളുണ്ടാകും, സാമൂഹിക ക്ഷേമമുണ്ടാകും, ജീവിതനിലവാരമുണ്ടാകും സര്‍വ്വോപരി ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടാത്ത ഒരു സമൂഹവുമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
ഉത്തര്‍പ്രദേശുകാരോട് കേരളം പോലെയാകാന്‍ വോട്ട് ചെയ്യാനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞത്. മതാന്ധതയ്ക്ക് പകരം ഐക്യമുള്‍ക്കൊള്ളുന്ന വികസനം തെരഞ്ഞെടുക്കാനും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുതെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെ ഇന്ത്യ എല്ലാ നിറങ്ങളിലും മനോഹരമാണ്. സംസ്‌കാരം, ഭാഷ, മനുഷ്യര്‍, സംസ്ഥാനങ്ങള്‍ എന്നിവയിലെ വൈവിധ്യങ്ങളാണ് ഇന്ത്യയെ മഹത്തരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.