നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. മുസ്ലീം ലീഗിന് വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് പ്രതിസന്ധി സൃഷ്ടിച്ച് എസ് വൈ എസ് സെക്രട്ടറി കൂടിയായ സമദ് പൂക്കോട്ടൂരിന്റെ പ്രസ്താവന.
സമദ് പൂക്കോട്ടൂര്‍ മാധ്യമങ്ങളോട്
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം നീക്കിവച്ചിട്ടില്ല. ആ സാഹചര്യത്തില്‍ പൊതുമണ്ഡലത്തില്‍ സ്ത്രീകളെ മത്സരിപ്പിക്കേണ്ട ആവശ്യമില്ല. ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ സ്ത്രീകള്‍ അനിവാര്യഘട്ടത്തില്‍ മാത്രമേ പൊതുമണ്ഡലത്തില്‍ ഇറങ്ങാവൂ എന്നുണ്ട്. ആ ഇസ്ലാമിക കാഴ്ചപ്പാടാണ് പ്രകടിപ്പിക്കുന്നത്.
സ്ത്രീകളെ മത്സരിപ്പിക്കുകയാണെങ്കില്‍ പ്രായവും പക്വതയുമുള്ളവര്‍ മതിയെന്നാണ് വനിതാ ലീഗിന്റെ നിലപാട്. സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിനാ റഷീദ്, സംസ്ഥാന സെക്രട്ടറി പി.കുല്‍സു എന്നിവരുടെ പേരാണ് വനിതാ ലീഗ് നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കിയതിന് ശേഷമേ യുവതികളെ പരിഗണിക്കാവൂ എന്ന് വനിതാ ലീഗ് കെ.പി.എ മജീദിനോട് ശക്തമായി അറിയിച്ചിട്ടുണ്ട്.