ജലീല്‍ 'നേരെ ചൊവ്വെ' ലക്ഷ്യമിടുന്നത് എന്ത്? മുസ്ലീം ലീഗ് ആശയക്കുഴപ്പത്തിലോ; പുതിയ യുദ്ധത്തില്‍ ആര്‍ക്കാകും നഷ്ടം?

ജലീല്‍ 'നേരെ ചൊവ്വെ' ലക്ഷ്യമിടുന്നത് എന്ത്? മുസ്ലീം ലീഗ് ആശയക്കുഴപ്പത്തിലോ; പുതിയ യുദ്ധത്തില്‍ ആര്‍ക്കാകും നഷ്ടം?
Published on

സമീപകാലത്തെ കേരള രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുന്നത് മലപ്പുറത്തെ കേന്ദ്രീകരിച്ചാണല്ലോ. സ്വര്‍ണ്ണക്കടത്തും, മുസ്ലീം രാഷ്ട്രീയവുമൊക്കെയാണ് അതില്‍ പ്രധാനമായും കടന്നു വരുന്നത്. മലപ്പുറം ജില്ല കേന്ദ്രീകരിച്ചും ചര്‍ച്ചകളുണ്ടാകുന്നു. മുഖ്യമന്ത്രിയുടെ ദി ഹിന്ദു അഭിമുഖം വിവാദമാകുന്നതു പോലും മലപ്പുറം എന്ന വിഷയത്തിലാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി.അന്‍വര്‍ തുടങ്ങിവെച്ച ചര്‍ച്ചകള്‍ ഒരു വഴിക്ക് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മലപ്പുറം തന്നെയാണ് വിഷയം. ഇപ്പോള്‍ അതേ ആയുധം ഉപയോഗിച്ച് പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് ഡോ.കെ.ടി.ജലീല്‍. തന്റെ ശത്രുക്കളായ മുസ്ലീം ലീഗിനെ നേരിട്ട് ആക്രമിച്ചിരിക്കുകയാണ് ജലീല്‍. ഇവിടെയും മലപ്പുറം തന്നെ ചര്‍ച്ചയില്‍ വരുന്നു. സ്വര്‍ണ്ണക്കടത്തും ഹവാലയും ദേശവിരുദ്ധമാണെന്നതിനൊപ്പം മതവിരുദ്ധവുമാണെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ മതപ്രസ്താവന പുറപ്പെടുവിക്കണമെന്നതാണ് ജലീല്‍ ഉന്നയിച്ച ആവശ്യം. ഒരു പടികൂടി കടന്ന് അത്തരമൊരു പ്രസ്താവന തങ്ങള്‍ പുറപ്പെടുവിക്കാത്തത് എന്താണ് എന്നൊരു ചോദ്യം കൂടി ഉന്നയിക്കുന്നുണ്ട് ജലീല്‍. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തുകളില്‍ ഭൂരിപക്ഷത്തിലും മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണ് പ്രതികളാകുന്നതെന്നും നൂറിലേറെ പള്ളികളുടെ ഖാസിയായ തങ്ങള്‍ അങ്ങനെയൊരു മതപ്രസ്താവന നടത്തേണ്ടത് ആവശ്യമാണെന്നുമാണ് ജലീല്‍ വാദിക്കുന്നത്. ഈ പ്രസ്താവനയ്ക്ക് പല മാനങ്ങളുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അത് മുസ്ലീം ലീഗിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണെന്നതാണ് വാസ്തവം.

ലീഗിന്റെ പ്രതികരണം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ എന്നതില്‍ ഉപരിയായി ജലീല്‍ പറഞ്ഞതുപോലെ ഒരു ആധ്യാത്മിക നേതാവു കൂടിയാണ് പാണക്കാട് തങ്ങള്‍. അദ്ദേഹം സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടുകളും അടക്കമുള്ള വിഷയങ്ങളില്‍ മത പ്രസ്താവന പുറപ്പെടുവിക്കണമെന്ന ആവശ്യത്തെ ലീഗിന് നിസാരമായി എടുക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും യൂത്ത്‌ലീഗ് അധ്യക്ഷന്‍ പി.കെ.ഫിറോസും ഒരേ സ്വരത്തിലാണ് ആദ്യഘട്ടത്തില്‍ പ്രതികരിച്ചത്. ആര്‍എസ്എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞതെന്നും കുറ്റകൃത്യത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഒരു സമുദായത്തിന്റെ തലയില്‍ ഇടുകയാണ് ജലീല്‍ എന്നും സലാം പറഞ്ഞപ്പോള്‍ വര്‍ഷങ്ങളായി ബിജെപി നടത്തുന്ന പ്രചാരണം ജലീല്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് ഫിറോസും ആരോപിച്ചു. മതവിധി പുറപ്പെടുവിക്കാന്‍ ഇത് മതരാഷ്ട്രമാണോ എന്ന ചോദ്യവും ഫിറോസ് ഉന്നയിക്കുന്നുണ്ട്. സിപിഎം നിലപാടില്‍ സമുദായത്തെ കുരുക്കാനുള്ള ശ്രമമാണ് ജലീല്‍ നടത്തുന്നതെന്ന് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീറും പ്രതികരിച്ചിരുന്നു.

ജലീലിൻ്റെ പ്രതിരോധം

ആര്‍എസ്എസ്, ബിജെപി നിലപാടാണ് ജലീല്‍ സ്വീകരിച്ചിരിക്കുന്നതെന്ന മറുപടിയില്‍ തിരിച്ചാക്രമിക്കാന്‍ ഈ നേതാക്കള്‍ ശ്രമിക്കുമ്പോഴും ജലീലിന്റെ വാദങ്ങള്‍ക്കുള്ള മറുപടി മുസ്ലീം ലീഗിന് ആദ്യ ഘട്ടത്തില്‍ ഇല്ല എന്നതാണ് വാസ്തവം. ജലീലിന്റെ പുതിയ ആക്രമണം ആ സംഘടനയെ ഒരു ആശയക്കുഴപ്പത്തില്‍ ആക്കിയിരിക്കുകയാണ്. തെറ്റ് ചെയ്യുന്നത് ഏത് മത, സമുദായക്കാരാണെങ്കിലും അതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളില്‍ നിന്നാണ് എന്ന് ജലീല്‍ പറയുന്നു. ക്രൈസ്തവ സമുദായത്തിലെ തെറ്റുകള്‍ എതിര്‍ക്കാന്‍ മുന്നോട്ടു വരേണ്ടത് ക്രൈസ്തവരാണ്. മുസ്ലീങ്ങളിലെ കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടത് മുസ്ലീങ്ങളാണ്. ഹൈന്ദവര്‍ക്കിടയിലെ അരുതായ്മകള്‍ പറയേണ്ടത് ഹൈന്ദവരാണ്. അല്ലാത്തപക്ഷം, ഇടപെടലുകള്‍ ദുര്‍വ്യാഖ്യാനിക്കപ്പെടുമെന്നും മതപരിഷ്‌കരണങ്ങളും സാമൂഹ്യ നവോത്ഥാനങ്ങളും അങ്ങിനെയേ നടന്നിട്ടുള്ളുവെന്നും ജലീല്‍ വിശദീകരിക്കുന്നുണ്ട്. ആര്‍എസ്എസും ബിജെപിയും കാലങ്ങളായി ഉന്നയിക്കുന്ന അതേ വാദം തന്നെയാണ് ജലീല്‍ തന്റെ വിശദീകരണത്തില്‍ തുടര്‍ന്ന് ഉന്നയിക്കുന്നതെങ്കിലും ലീഗിന് അതില്‍ ഉത്തരം മുട്ടിപ്പോകുന്നുണ്ട്.

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലീം സമുദായത്തില്‍ പെടുന്നവരാണെന്നതാണ് ജലീലിന്റെ ആ വാദം. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്ലീം സമുദായത്തില്‍ നടത്താന്‍ 'മലപ്പുറം പ്രേമികള്‍' ഉദ്ദേശിക്കുന്നത് എന്നും ജലീല്‍ ചോദിക്കുന്നു. സ്വര്‍ണ്ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്ലീങ്ങളില്‍ നല്ലൊരു ശതമാനവും ഇതൊന്നും മതവിരുദ്ധമല്ലെന്ന് വിശ്വസിക്കുന്നവരാണെന്നും അത്തരക്കാരെ ബോധവത്കരിക്കാന്‍ ഖാളിമാര്‍ തയ്യാറാകണമെന്ന് പറഞ്ഞാല്‍ ഇസ്ലാമോഫോബിയയാകുകയാണെന്നും ജലീല്‍ പറയുന്നു. തങ്ങള്‍ അടക്കമുള്ളവര്‍ അത്തരത്തില്‍ പ്രസ്താവനയിറക്കാന്‍ തയ്യാറായാല്‍ മലപ്പുറത്തിനുണ്ടാകുന്ന ദോഷപ്പേര് മാറുമെന്നും സമര്‍ത്ഥിക്കുകയാണ് ജലീല്‍. സ്വര്‍ണ്ണക്കടത്തുകാര്‍ വഴിയും ഹവാലക്കാര്‍ വഴിയും വിദേശത്തുനിന്ന് കിട്ടുന്ന പണം 'ഏതെങ്കിലുമാളുകള്‍' നാട്ടിലെത്തിക്കുന്നത് പുറത്തറിയുമെന്ന ഭീതി ആര്‍ക്കെങ്കിലുമുണ്ടോ എന്നൊരു ചോദ്യം കൂടി ഇതിനിടയിലൂടെ ജലീല്‍ ഉന്നയിക്കുന്നുമുണ്ട്. തന്റെ വാദങ്ങളെ ന്യായീകരിക്കാന്‍ ചില മതപണ്ഡിതന്‍മാര്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടുണ്ടെന്ന വാദവും ജലീല്‍ ഉന്നയിക്കുന്നുണ്ട്. അവരില്‍ ചിലര്‍ ലീഗ് വേദികളില്‍ പ്രസംഗിക്കാന്‍ എത്താറുണ്ടെന്നും ജലീല്‍ പറഞ്ഞുവെക്കുന്നു.

സമാന്തര യുദ്ധം

മലപ്പുറം എന്ന ഭൂമികയില്‍ പി.വി.അന്‍വര്‍ ഉയര്‍ത്തിയ കൊടുങ്കാറ്റില്‍ സിപിഎം പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ ആ പ്രതിസന്ധി കണ്ടറിഞ്ഞുകൊണ്ട് മുന്നിട്ടിറങ്ങുകയാണ് ജലീല്‍. സിപിഎമ്മിനെതിരെ തുടര്‍ച്ചയായി നടന്നുകൊണ്ടിരുന്ന ആക്രമണങ്ങള്‍ക്കെതിരെ ജലീല്‍ ഒരു കവചം തീര്‍ത്തിരിക്കുന്നു. മലപ്പുറം സ്വദേശി എന്ന മേല്‍വിലാസത്തിലാണ് ജലീല്‍ സ്വയം അവതരിപ്പിക്കുന്നത്. കൂടാതെ സമുദായത്തെ പുഴുക്കുത്തുകളില്‍ നിന്ന് മോചിപ്പിക്കുകയെന്ന ദൗത്യം കുടി മുന്നോട്ടു വെക്കുന്നു. മുസ്ലീം ലീഗിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകുന്നില്ലെന്ന് ചിത്രീകരിക്കുന്നു. അക്കാര്യത്തില്‍ പെട്ടെന്നൊരു പ്രതികരണം സാധ്യമാകാതെ ലീഗ് ആശയക്കുഴപ്പത്തില്‍ തുടരുന്നു. സിപിഎമ്മിനെ ആക്രമിക്കാന്‍ തുനിയുന്നവര്‍ക്ക് മലപ്പുറത്ത് ജലീലിനെക്കൂടി നേരിടേണ്ടി വരുന്നു. ഈ പുതിയ പോര്‍മുഖത്തില്‍ സിപിഎമ്മിന് നഷ്ടമൊന്നും ഉണ്ടാകാനിടയില്ല. യുഡിഎഫ് ഘടകകക്ഷികള്‍ പ്രതികരിക്കാന്‍ ഇനിയും മണിക്കൂറുകള്‍ ഏറെയെടുക്കും. അപ്പോള്‍ ചിത്രം വ്യക്തമാണ്. ജലീല്‍ തുടക്കമിട്ടിരിക്കുന്നത് ഒരു സമാന്തര യുദ്ധത്തിനാണ്. ജയപരാജയങ്ങള്‍ക്ക് അപ്പുറം എതിര്‍പക്ഷത്തെ ആശയക്കുഴപ്പത്തിലാക്കുന്ന യുദ്ധതന്ത്രം കൂടിയാണ് ഇത്.

Related Stories

No stories found.
logo
The Cue
www.thecue.in