നിയമസഭയില്‍ നടന്നത് അസാധാരണ സംഭവങ്ങള്‍. ചോദ്യോത്തര വേളയില്‍ തുടങ്ങിയ ബഹളവും ആരോപണ പ്രത്യാരോപണങ്ങളും അടിയന്തര പ്രമേയം മുടങ്ങുന്ന സാഹചര്യത്തിലേക്കും നയിച്ചു. ഇത് പ്രതിപക്ഷത്തിനെതിരെ ശക്തമായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ഭരണപക്ഷം. രാവിലെ സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ മലപ്പുറം പരാമര്‍ശവും എഡിജിപി അജിത്ത് കുമാറും പി.വി.അന്‍വറും പൂരം കലക്കലുമൊക്കെ പ്രതിപക്ഷം ഉന്നയിച്ചു. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളമുണ്ടാക്കി. നക്ഷത്രചിഹ്നമിട്ട 45 ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിടാത്തതാക്കി മാറ്റിയ വിഷയത്തിലായിരുന്നു പ്രതിഷേധം. ചോദ്യങ്ങളില്‍ പ്രതികരണം വൈകാന്‍ ഇത് കാരണമാകുമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമാണ് നിഷേധിക്കുന്നതെന്നും ഇനി ചോദ്യങ്ങള്‍ ചോദിക്കേണ്ട എന്ന തീരുമാനം എടുക്കേണ്ടി വരികയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സഭ ബഹിഷ്‌കരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കിയുള്ള തദ്ദേശ വിഷയങ്ങളായതിനാലാണ് ചോദ്യങ്ങളുടെ നക്ഷത്രചിഹ്നം ഒഴിവാക്കിയതെന്നും റൂള്‍ 266 അനുസരിച്ച് ഇതിന് സ്പീക്കര്‍ക്ക് അധികാരമുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
ഇതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് എങ്ങനെയാണ് പ്രാധാന്യമില്ലാത്ത ചോദ്യമാകുന്നതെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. പ്രതിഷേധത്തിനിറങ്ങിയ മാത്യു കുഴല്‍നാടന്‍ തിരികെ പോകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ആരാണ് പ്രതിപക്ഷ നേതാവെന്നും ഒരുപാട് പ്രതിപക്ഷ നേതാക്കളുണ്ടോയെന്നും സ്പീക്കര്‍ ചോദിച്ചത് പുതിയ ചര്‍ച്ചാമുഖം തുറന്നു. സര്‍ക്കാരിന് വേണ്ടി സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് സ്പീക്കറുടെ കസേരയില്‍ ഇരുന്നതിന്റെ കുറ്റബോധം കൊണ്ടാണ് തന്നോട് ഈ ചോദ്യം ചോദിച്ചതെന്ന് സ്പീക്കറോട് പ്രതിപക്ഷനേതാവ് പറഞ്ഞു. സ്പീക്കറുടെ കസേരയില്‍ ഇരുന്ന് കൊണ്ട് അങ്ങ് പ്രതിപക്ഷനേതാവ് ആരാണെന്ന് ചോദിച്ചത് അങ്ങയുടെ അപക്വതയാണ് തെളിയിക്കുന്നത്. ഒരു സ്പീക്കറും ഇതുവരെ ചോദിക്കാത്ത, സ്പീക്കര്‍ പദവിക്ക് അപമാനകരമായ ചോദ്യമാണ് അങ്ങ് ഉന്നയിച്ചത്. ഈ സര്‍ക്കാരിന്റെ എല്ലാ വൃത്തികേടുകള്‍ക്കും കൂട്ടുനിന്ന് പ്രതിപക്ഷത്തിന്റെ അവകാശങ്ങളാണ് അങ്ങ് ഹനിച്ചത് എന്നായിരുന്നു സതീശന്റെ വാക്കുകള്‍.
തുടര്‍ന്ന് ചെയറിന് എതിരായി ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് തുടര്‍ച്ചയായി അധിക്ഷേപങ്ങള്‍ നടത്തി വരികയാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു. അതിന്റെ പാരമ്യമാണ് ഇവിടെ കണ്ടത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും അപക്വമതിയായ പ്രതിപക്ഷനേതാവ് എന്ന പദവിക്ക് അദ്ദേഹം ഇതോടുകൂടി അര്‍ഹനായിരിക്കുകയാണ്. നിയമസഭയുടെ ചരിത്രം നോക്കിയാല്‍ ഒരു പ്രതിപക്ഷനേതാവും ചെയറിനെ ഇതുപോലെ അധിക്ഷേപിച്ചതായി കാണാന്‍ കഴിയില്ലെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. സഭയുടെ ചരിത്രത്തില്‍ ഇതേ വരെ ഉണ്ടായിട്ടില്ലാത്ത അധിക്ഷേപ വാക്കുകളാണ് ചെയറിനെക്കുറിച്ച് പ്രതിപക്ഷനേതാവില്‍ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. നിലവാരമില്ലാത്ത ഒരു പ്രതിപക്ഷനേതാവാണ് താന്‍ എന്ന് അദ്ദേഹം പലഘട്ടങ്ങളിലുള്ള നടപടിക്രമങ്ങളിലൂടെ ഇവിടെ തെളിയിച്ചിട്ടുണ്ട്. അതിന്റെ മൂര്‍ധന്യദശയാണ് ഇന്ന് കണ്ടത്. എത്രമാത്രം ഈ തരത്തില്‍ അധപതിക്കാം എന്നതാണ് പ്രതിപക്ഷനേതാവിന്റെ വാക്കുകളിലൂടെ തെളിയുന്നത്. അവജ്ഞയോടെ തള്ളുന്നു, അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയും പ്രതികരണം രൂക്ഷമാക്കി. മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗം ചെകുത്താന്‍ വേദമോതുന്നത് പോലെയാണെന്നും നിലവാരമില്ലായ്മ എന്തെന്നറിയാന്‍ സ്വയം കണ്ണാടിയില്‍ നോക്കണമെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയെപ്പോലെയാകാതിരിക്കാനാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. വി.ഡി.സതീശന്റെ പ്രാര്‍ത്ഥനയില്‍ എന്താണ് ഉള്ളതെന്ന് അറിയില്ല. പക്ഷേ, പിണറായി വിജയന്‍ അഴിമതിക്കാരനാണെന്ന് പറഞ്ഞാല്‍ സമൂഹം അംഗീകരിക്കുമെന്ന് കരുതേണ്ടെന്നും സതീശന്‍ കാപട്യം നിറഞ്ഞയാളാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഇതോടെ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് സമീപമെത്തി പ്രതിഷേധിക്കുകയും മൂന്ന് എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറുകയും ചെയ്തു. ബഹളത്തെതുതടര്‍ന്ന് സ്പീക്കര്‍ സഭ പിരിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു.
സ്പീക്കറുടെ പ്രതികരണം
പ്രതിപക്ഷനേതാവിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരം. പ്രതിപക്ഷനേതാവ് പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ചെയര്‍ മൈക്ക് നല്‍കി. അദ്ദേഹം അദ്ദേഹത്തിന്റെ അംഗങ്ങളോട് തിരിച്ച് ചെയറിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഏതാണ്ട് എല്ലാ അംഗങ്ങളും പോയപ്പോഴും മാത്യു കുഴല്‍നാടന്‍ ഇവിടെ നിന്ന് ബഹളം വെച്ചു. അതുകൊണ്ടാണ് അത്തരമൊരു ചോദ്യം ചോദിക്കേണ്ടി വന്നത്. പ്രതിപക്ഷ നേതൃനിരയെ നയിക്കേുന്ന പ്രതിപക്ഷനേതാവ് പറഞ്ഞിട്ട് പോലും ഒരംഗം ഇവിടെ ചെയറിന് അഭിമുഖമായി നിന്ന് ബഹളം വെച്ചപ്പോഴാണ് അത്തരമൊരു ചോദ്യം ചോദിച്ചത്. പ്രതിപക്ഷനേതാവ് ചെയറിനെതിരെ നടത്തിയ ഒരു പരാമര്‍ശവും സഭാരേഖകളില്‍ ഉണ്ടായിരിക്കുന്നതല്ല.