വി.എസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജി വച്ചു, ഇതുവരെ സമര്‍പ്പിച്ചത് പതിനൊന്ന് റിപ്പോര്‍ട്ടുകള്‍

വി.എസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജി വച്ചു, ഇതുവരെ സമര്‍പ്പിച്ചത് പതിനൊന്ന് റിപ്പോര്‍ട്ടുകള്‍
Published on

വി.എസ് അച്യുതാനന്ദന്‍ സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജി വച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ആരോഗ്യ കാരണങ്ങളാല്‍ ഒഴിയുന്നതായി നേരത്തെ തന്നെ വി.എസ് അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. മകന്‍ വി.എസ് അരുണ്‍ കുമാറിനൊപ്പം തിരുവനന്തപുരത്ത് തന്നെ ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് നിലവില്‍ താമസം. പതിനൊന്ന് റിപ്പോര്‍ട്ടുകള്‍ ഇതുവരെ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ലെന്ന് രാജി വച്ചതിന് ശേഷമുള്ള വിശദീകരണത്തില്‍ വി.എസ് വ്യക്തമാക്കി.

വി.എസ് അച്യുതാനന്ദന്റെ കുറിപ്പ്

ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ നാലര വര്‍ഷമായി പ്രവര്‍ത്തിക്കുകയും പതിനൊന്ന് പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞു. ഇതിനു വേണ്ടി സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ രൂപപ്പെട്ടത്. രണ്ട് റിപ്പോര്‍ട്ടുകള്‍കൂടി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ പ്രിന്റിങ്ങ് ജോലികള്‍ തീരുന്ന മുറയ്ക്ക് അതും സര്‍ക്കാരിന് സമര്‍പ്പിക്കാനാവും.

എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് തുടരാനാവാതെ വന്നിരിക്കുന്നു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, 31-01-2021 തിയ്യതി വെച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി ഞാന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

നൂറു കണക്കിന് ആളുകളുടെ കൂട്ടായ യത്‌നത്തിന്റെ ഫലമായാണ് കമ്മീഷന്റെ പഠന റിപ്പോര്‍ട്ടുകളുണ്ടായത്. ഈ യജ്ഞത്തില്‍ സഹകരിച്ച എല്ലാവരോടും അകൈതവമായ കൃതജ്ഞത അറിയിക്കുന്നു. സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാവും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in