കോളേജുകളില്‍ ഏറ്റവും അക്രമം നടത്തിയത് കെ.എസ്.യു; മാധ്യമങ്ങള്‍ ഒളിപ്പിച്ച് വെച്ച് സഹായിക്കുന്നുവെന്ന് വി.പി സാനു

കോളേജുകളില്‍ ഏറ്റവും അക്രമം നടത്തിയത് കെ.എസ്.യു; മാധ്യമങ്ങള്‍ ഒളിപ്പിച്ച് വെച്ച് സഹായിക്കുന്നുവെന്ന് വി.പി സാനു
Published on

കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരന്‍ എത്തിയതിന് ശേഷം കേരളത്തിലെ കോളേജുകളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നുവെന്ന് എസ്.എഫ്. ദേശീയ പ്രസിഡന്റ് വി.പി സാനു ദ ക്യുവിനോട് പറഞ്ഞു. അതിന്റെ തുടര്‍ച്ചയാണ് ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയതും. കോളേജുകളില്‍ ഏറ്റവും കൂടുതല്‍ അക്രമം നടത്തിയത് എസ്.എഫ്.ഐയാണെന്ന് ആരോപിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്. ഇന്ത്യയിലെ ക്യാമ്പസുകളില്‍ തന്നെ പരിശോധിച്ചാല്‍ ഒരു ജീവന്‍ പോലും എസ്.എഫ്.ഐയുടെ കൈ കൊണ്ട് നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഒരമ്മയുടെയും കണ്ണുനീര്‍ ഞങ്ങളുടെ മേല്‍ പതിക്കില്ലെന്ന ഉറപ്പ് തങ്ങള്‍ക്കുണ്ടെന്നും വി.പി സാനു പറഞ്ഞു.

കേരളത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായത് കൊണ്ട് മാത്രം കൊല്ലപ്പെട്ട 35ാമത്തെ വ്യക്തിയാണ് ധീരജെന്നും വി.പി സാനു ചൂണ്ടിക്കാട്ടി. ക്യാമ്പസിലെ കെ.എസ്.യുക്കാരല്ല അക്രമിച്ചത്. പുറത്ത് നിന്ന് എത്തിയവരാണ്. യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം ഭാരവാഹിയുടെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കത്തിയുമായി നടക്കുന്നവരായി കെ.എസ്.യുവിലെയും യൂത്ത് കോണ്‍ഗ്രസിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍ മാറുന്നു. ആസൂത്രിതമായാണ് കൊലപാതകം നടത്തിയിരിക്കുന്നത്. അല്ലെങ്കില്‍ അക്രമിച്ചവരുടെ കൈയ്യില്‍ എങ്ങനെ കത്തി വന്നു?. നെഞ്ചില്‍ കുത്തിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. അഭിമന്യൂവിനെ കൊലപ്പെടുത്തിയതും നെഞ്ചില്‍ കുത്തിയാണ്. എസ്.ഡി.പി.ഐയെ ചെയ്തത് പോലെ നെഞ്ചില്‍ ഒറ്റക്കുത്ത് കുത്തി കൊല്ലാണ് പദ്ധതിയിട്ടത്. കോണ്‍ഗ്രസും യു.ഡി.എഫും എസ്.ഡി.പി.ഐയുമായുമാണ് ജമായത്ത് ഇസ്ലാമിയുമായി ആശയം പങ്കുവെയ്ക്കുന്നത് പോലെ ആയുധപരിശീലനവും നേടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും വി.പി സാനു ആവശ്യപ്പെട്ടു.

സെയ്താലി മുതല്‍ കൊല്ലപ്പെട്ടവരുടെ പട്ടിക പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടത്തിയ വിദ്യാര്‍ത്ഥി സംഘടന ഏത് എന്ന ചോദ്യത്തിനുള്ള ഉത്തരം കെ.എസ്.യു എന്നാണ്. മാധ്യമങ്ങളുടെ സ്വാധീനം കൊണ്ട് ക്യാമ്പസുകളിലെ അക്രമരാഷ്ട്രീയം എന്ന് പറഞ്ഞാല്‍ എസ്.എഫ്.ഐ എന്ന നിലയിലേക്ക് വരുന്നു. മാധ്യമങ്ങള്‍ക്ക് കൃത്യമായ അജണ്ടയുണ്ട്. കേരളത്തിലെ കെ.എസ്.യു നേതാക്കളെ ഉയര്‍ത്തി കൊണ്ടുവരാന്‍ മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. കോണ്‍ഗ്രസും മനോരമയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണിത്. എല്ലാ മാധ്യമങ്ങളുമായിട്ടും അവര്‍ക്ക് അഭേദ്യ ബന്ധമാണ് ഇപ്പോളുള്ളത്. കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും പ്രതികളായി വരുന്ന കൊലപാതക കേസുകളില്‍ പോലും കടുത്ത വിമര്‍ശനത്തിന് മാധ്യമങ്ങള്‍ തയ്യാറാവാത്തത് ഈ ബന്ധം കൊണ്ടാണ്. അതുകൊണ്ടാണ് ഇത്തരം അക്രമങ്ങള്‍ തുടരുന്നതിന് കാരണമാകുന്നതെന്നും വി.പി സാനു വിമര്‍ശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in