ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നത് കേരളത്തോടുള്ള വെല്ലുവിളി - പ്രതിപക്ഷനേതാവ്

ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നത് കേരളത്തോടുള്ള വെല്ലുവിളി - പ്രതിപക്ഷനേതാവ്
Published on

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നീ മൂന്നു പ്രതികളെയാണ് ജയില്‍ നിയമങ്ങളും ഹൈക്കോടതി വിധിയും ലംഘിച്ച് ജയില്‍ മോചിതരാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച് ജയില്‍ വകുപ്പ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അയച്ച റിപ്പോര്‍ട്ട് പുറത്തുവന്നരിക്കുകയാണ്. പരോളിന് പോലും അര്‍ഹതയില്ലാത്ത കൊടും ക്രിമിനലുകളെ ശിക്ഷയില്‍ ഇളവ് നല്‍കി പുറത്തുകൊണ്ടു വരാന്‍ ശ്രമിക്കുന്നത് കേരളത്തിന്റെ മനസാക്ഷിയോടുള്ള വെല്ലുവിളിയാണെന്ന് സതീശന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ക്രൂരന്മാരായ കൊലയാളികളെയും കുടുംബങ്ങളെയും സിപിഎമ്മാണ് സംരക്ഷിക്കുന്നത. തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ തിരിച്ചടിയുണ്ടായിട്ടും പാഠം പഠിക്കാനോ തെറ്റു തിരുത്താനോ തയാറാകാതെ തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്കാണ് സി.പി.എം വീഴുന്നത്. ടി.പിയെ 51 വെട്ടു വെട്ടി കൊന്ന ക്രിമിനലുകളെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഈ ക്രിമിനലുകള്‍ക്ക് പരോള്‍ നല്‍കിയത് സംബന്ധിച്ച വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് നിയമസഭയില്‍ കെ.കെ രമ ചോദിച്ച ചോദ്യങ്ങള്‍ക്ക് അഞ്ച് മാസമായി ഉത്തരം നല്‍കിയിട്ടില്ല. ഇതിന് മുന്‍പ് എല്ലാ പ്രതികള്‍ക്കും കൂടി രണ്ടായിരം ദിവസം പരോള്‍ നില്‍കിയിട്ടുണ്ട്.

പ്രതികള്‍ക്ക് വേണ്ടി ജയിലില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണ് ചെയ്തു കൊടുത്തിരിക്കുന്നത്. ഇനി ജയില്‍ എയര്‍ കണ്ടീഷനാക്കുന്നതു മാത്രമെ ബാക്കിയുള്ളൂ. ഇഷ്ടപ്പെട്ട ഭക്ഷണവും മദ്യവും ഉള്‍പ്പെടെ എല്ലാം എത്തിച്ചു നല്‍കുന്നുണ്ട്. ജയിലില്‍ കിടന്നു കൊണ്ടു തന്നെ ഈ പ്രതികള്‍ക്ക് കൊട്ടേഷനുകള്‍ പിടിക്കാനും കൊട്ടേഷന്‍ സംഘങ്ങളുടെ ഭാഗമാകാനും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളാകാനുമുള്ള അവസരങ്ങള്‍ പൊലീസും ജയില്‍ അധികൃതരും ചെയ്തു കൊടുക്കുകയാണ്. പുറത്തുള്ളവരെ ഭീഷണിപ്പെടുത്തുന്നത് സംബന്ധിച്ച വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. മിക്കവാറും സമയങ്ങളില്‍ ഈ പ്രതികള്‍ ജിയിലിന് പുറത്തു തന്നെയാണ്.

ഈ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. ആ ചെറുത്ത് നില്‍പിന് മുന്നില്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം പ്രതിപക്ഷവും മുന്‍പന്തിയിലുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു. സി.പി.എം ഇപ്പോഴും ബോംബ് നിര്‍മ്മാണം തുടരുകയാണ്. കണ്ണൂരില്‍ നിരപരാധിയായ വയോധികനാണ് കൊല ചെയ്യപ്പെട്ടത്. നിരവധി കുട്ടികളും നിരപരാധികളുമായ മനുഷ്യരുമാണ് സി.പി.എമ്മിന്റെ ബോംബിന് ഇരകളായത്. ഇപ്പോഴും അപരിഷ്‌കൃത സമൂഹത്തിലേതു പോലെയാണ് സി.പി.എം ബോംബ് നിര്‍മ്മിക്കുന്നതും ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നതും.

ഇവര്‍ ഇപ്പോഴും ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നത്. ബോംബിന്റെ ഭീതിയെ കുറിച്ച് തുറന്നു പറഞ്ഞ സീന എന്ന പെണ്‍കുട്ടിയെയും അവരുടെ അമ്മയെയും സി.പി.എം ഭീഷണിപ്പെടുത്തുകയാണ്. സീനയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കണം. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

അധികാരം ഉപയോഗിച്ച് എന്തും ചെയ്യുമെന്ന സി.പി.എമ്മിന്റെ അഹങ്കാരവും ധിക്കാരവും ഇതുവരെ അവസാനിച്ചിട്ടില്ല. കൊടും കൊലപാതകത്തിലെ പ്രതികള്‍ക്കാണ് സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കുന്നത്. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹെക്കോടതി വിധി പുറപ്പെടുവിച്ചിട്ടും ശിക്ഷാ ഇളവ് നല്‍കാന്‍ ജയില്‍ മേധാവിക്ക് എന്ത് അധികാരമാണുള്ളത്? ക്രൂരമായ കൊലപാതം ചെയ്ത പ്രതികളുടെ പേരുകള്‍ ശിപാര്‍ശ ചെയ്യാന്‍ ജയില്‍ അധികൃതര്‍ക്ക് എന്ത് അധികാരമാണുള്ളത്? എന്തും ചെയ്യാന്‍ മടിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ സി.പി.എമ്മും സര്‍ക്കാരും നല്‍കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in