തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൊലീസ് കൈ കാണിച്ചപ്പോള്‍ കുറച്ച് മുന്നോട്ട് ബൈക്ക് നിര്‍ത്തിയെന്നതിന്റെ പേരില്ലാണ് ക്രൂരമായി മർദിച്ചത്. കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ വീണ്ടും ഒരു സമരത്തിന് കൂടി കൊച്ചി സാക്ഷ്യം വഹിക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സി.പി.എം രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ്. രാജ്യത്താകെ രാഹുൽ ഗാന്ധി തരംഗം ഉണ്ടായപ്പോള്‍ അതിന്റെ ഷെയര്‍ പറ്റാനാണ് മുഖ്യമന്ത്രി അടക്കം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്
തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം
തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ നടന്നത് ക്രൂരമായ കസ്റ്റഡി മരണമാണ്. പൊലീസ് കൈ കാണിച്ചപ്പോള്‍ കുറച്ച് മുന്നോട്ട് ബൈക്ക് നിര്‍ത്തിയെന്നതിന്റെ പേരില്‍ അവിടെ വച്ചും ജീപ്പില്‍ കയറ്റിയും സ്റ്റേഷനില്‍ എത്തിച്ചും മര്‍ദ്ദിച്ചു. കേരളത്തില്‍ ഏറ്റവും ക്രൂരമായ മര്‍ദ്ദനം നടക്കുന്ന പൊലീസ് സ്റ്റേഷനാണ് തൃപ്പൂണിത്തുറയിലേത്. സി.ഐയാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കുന്നത്. സി.ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. അതിന് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ വീണ്ടും ഒരു സമരത്തിന് കൂടി കൊച്ചി സാക്ഷ്യം വഹിക്കും.
ഇപ്പോള്‍ എസ്.ഐയെ മാത്രമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സി.ഐ നടത്തുന്ന അക്രമം സംബന്ധിച്ച ഫയല്‍ കമ്മീഷണറുടെ കയ്യിലുണ്ട്. എന്നിട്ടും നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്. ഉന്നതരായ ആളുകളുടെ പിന്തുണയോടെ സി.ഐയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പോക്കറ്റില്‍ കൈ ഇട്ട് സി.ഐയുടെ മുന്നില്‍ നിന്നു എന്നതിന്റെ പേരില്‍ പതിനെട്ടുകാരന് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. ആ യുവാവിന്റെ പിതാവ് സങ്കടം പറഞ്ഞതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ച് ഞാന്‍ ഈ പരാതി ഉന്നയിച്ചിരുന്നു. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. സി.ഐ നടത്തുന്നത് ക്രൂര മര്‍ദ്ദനമാണ്. അയാള്‍ വാദികളെയും പ്രതികളെയും തല്ലും. വഴിയാത്രക്കാരെ പിടിച്ചുകൊണ്ട് പോയി മര്‍ദ്ദിക്കാനും തല്ലിക്കൊല്ലാനും പൊലീസിന് എന്ത് അധികാരമാണുള്ളത്? ഇതൊന്നും കേരളത്തില്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊലീസ് ഇത്രമാത്രം കുഴപ്പമുണ്ടാക്കിയ കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ല.
അമ്മയെ ആക്രമിച്ചെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും മകള്‍ വിളിച്ചപ്പോള്‍ സ്‌റ്റേഷനിലെത്തി രാത്രി പന്ത്രണ്ടരയ്ക്ക് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട പൊലീസാണ് കേരളത്തിലുള്ളത്. എന്നിട്ടും ആഭ്യന്തരമന്ത്രിയുടെ കസേരയില്‍ മുഖ്യമന്ത്രി ഞെളിഞ്ഞ് ഇരിക്കുകയാണ്. പാര്‍ട്ടിക്കാരാണ് പൊലീസിനെ ഭരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഒരു റോളുമില്ല. കമ്മിഷണറോ ഐ.ജിയോ വിചാരിച്ചാല്‍ സി.ഐയെ മാറ്റാന്‍ പറ്റില്ല. സി.ഐയെ നിയമിച്ചിരിക്കുന്നത് പാര്‍ട്ടി ജില്ലാ ഏരിയാ കമ്മിറ്റികളാണ്. രാഷ്ട്രീയ സംരക്ഷണമുള്ളതുകൊണ്ടാണ് ഇതുപോലെ ഒരാളെ സി.ഐ ആയി ഇരുത്തിയിരിക്കുന്നത്. പാവപ്പെട്ട സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാത്ത പൊലീസാണ് ഇരുചക്ര വാഹനക്കാരെ തടഞ്ഞു നിര്‍ത്തി ഈ ക്രൂരത ചെയ്യുന്നത്. ഇത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാനാകില്ല.
സി.പി.എം രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത് സ്വയരക്ഷയ്ക്ക് വേണ്ടി
എം.വി ഗോവിന്ദന്റെ പ്രസ്താവനയോടെ സി.പി.എമ്മിന്റെ കാപട്യം പുറത്ത് വന്നിരിക്കുകയാണ്. മോദി ഭരണകൂടത്തിന് എതിരായി രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഒരു തരംഗം ഉണ്ടാക്കിയപ്പോള്‍ അതിന്റെ ഷെയര്‍ പിടിക്കാനാണ് മുഖ്യമന്ത്രിയും എം.വി ഗോവിന്ദനുമൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നിട്ടാണ് പ്രതിഷേധിച്ച ഞങ്ങളുടെ കുട്ടികളുടെ തല തല്ലിപ്പൊളിച്ച് ബി.ജെ.പിയെ സന്തോഷിപ്പിച്ചത്. രാഹുല്‍ ഗാന്ധിക്ക് വേണ്ടിയല്ല സ്വയരക്ഷക്ക് വേണ്ടിയാണ് പിന്തുണച്ചതെന്നാണ് ഇപ്പോള്‍ പറയുന്നത്. നാളെ ഇവര്‍ക്കെതിരെ കേസ് വരുമ്പോള്‍ ഇതുപോലെ എല്ലാവരും ചെയ്യണമെന്നാണ് ആഗ്രഹം. അതിനൊന്നും ഞങ്ങളെ കിട്ടില്ല.