വാളയാർ കേസ് സിബിഐയ്ക്ക്; പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആര്‍ സമർപ്പിച്ചു

വാളയാർ കേസ് സിബിഐയ്ക്ക്; പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആര്‍ സമർപ്പിച്ചു
Published on

വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട കേസന്വേഷണം സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആര്‍ സമർപ്പിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പോക്സോ, എസ്‍സി/എസ്ടി നിയമം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി 26 നാണ് കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്.

കേസ് എത്രയും വേഗം ഏറ്റെടുത്ത് സിബിഐ അന്വേഷണം ആരംഭിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. പത്ത് ദിവസത്തിനകം കേസിന്റെ എല്ലാ രേഖകളും സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. പ്രതികളെ വെറുതെ വിട്ട ഉത്തരവ് ജനുവരി ആറിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിചാരണക്കോടതി ഉത്തരവാണ് റദ്ദാക്കിയത്. കുട്ടികളുടെ അമ്മയുടേയും സര്‍ക്കാരിന്റേയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് വിധി റദ്ദാക്കിയത്.

2017 ജനുവരി 13, മാർച്ച് 4 എന്നീ തിയതികളിലാണ് വാളയാർ അട്ടപ്പളളത്തെ സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ 2019 ൽ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടു. വിധിക്കെതിരെയുളള അപ്പീലിൻമേൽ വാദം നടക്കുന്നതിനിടെ പ്രദീപ് ആത്മഹത്യ ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in