കൂടോത്രത്തില്‍ വിശ്വസിക്കുന്നത് മാനസികരോഗം; തനിക്കെതിരെ പരീക്ഷിക്കാന്‍ വെല്ലുവിളിക്കുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍

കൂടോത്രത്തില്‍ വിശ്വസിക്കുന്നത് മാനസികരോഗം; തനിക്കെതിരെ പരീക്ഷിക്കാന്‍ വെല്ലുവിളിക്കുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍
Published on

കൂടോത്രത്തില്‍ വിശ്വസിക്കുന്നത് മാനസികരോഗമാണെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. കൂടോത്രം പോലെയുള്ള കാര്യങ്ങള്‍ അവയില്‍ വിശ്വസിക്കുന്നവരെ മാത്രമേ ബാധിക്കുകയുള്ളു. കാരണം അവ സ്വന്തം മനസില്‍ ഫലങ്ങള്‍ സൃഷ്ടിക്കുന്നു. അതൊരു മാനസികരോഗമാണെന്ന് അമല്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ബ്ലാക്ക് മാജിക് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവരെ തനിക്കെതിരെ പരീക്ഷിക്കാന്‍ വെല്ലുവിളിക്കുന്നു. താന്‍ ഒരു അന്ധവിശ്വാസി അല്ലാത്തതിനാല്‍ അത് തീര്‍ച്ചയായും ഏല്‍ക്കില്ല. ഈ സമ്പ്രദായത്തില്‍ ഏര്‍പ്പെടുന്ന ആളുകള്‍ തട്ടിപ്പുകാരല്ലാതെ മറ്റൊന്നുമല്ല. സ്വന്തം നേട്ടത്തിനായി അജ്ഞതയെയും ഭയത്തെയും അവര്‍ ഇരട്ടിയാക്കുകയാണെന്നും അമല്‍ പറഞ്ഞു.

ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങളും നമ്മുടെ ലോകം കൈവരിച്ച പുരോഗമനപരമായ മുന്നേറ്റങ്ങളും ഉണ്ടായിരുന്നിട്ടും മാന്ത്രികതയിലും കൂടോത്രത്തിലും മറ്റ് പിന്തിരിപ്പന്‍ രീതികളിലും വിശ്വസിക്കുന്ന വ്യക്തികള്‍ ഇപ്പോഴും ഉണ്ട്. ഇത്തരം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത് ആശങ്കാജനകവും നിരാശാജനകവുമാണ്. ഈ വീക്ഷണങ്ങള്‍ ആരുടേതായാലും അവ കാലഹരണപ്പെട്ടതും ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതുമാണെന്നും അമല്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

കാസര്‍കോട് എംപിയായ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉയര്‍ത്തിയ കൂടോത്ര ആരോപണം പിന്നീട് വളര്‍ന്ന് മറ്റൊരു തലത്തില്‍ എത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വീട്ടില്‍ നിന്ന് മുന്‍പ് കൂടോത്രം കണ്ടെത്തിയതിന്റെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ എത്തുകയും വൈറലാകുകയും ചെയ്തതോടെ കോണ്‍ഗ്രസിനെ കൂടോത്ര വിവാദം വലയം ചെയ്തു. യൂത്ത് കോണ്‍ഗ്രസും യുവനേതാക്കളും കൂടോത്രത്തില്‍ എതിരഭിപ്രായവുമായി രംഗത്തെത്തുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in