യു.ഡി.എഫിനെ പരസ്യമായി വിമര്‍ശിച്ച മാണി.സി.കാപ്പന്‍ എം.എല്‍.എയെ അനുനയിപ്പിക്കാന്‍ മുന്നണി നേതൃത്വം. ഉന്നയിച്ച പരാതികളില്‍ യു.ഡി.എഫ് നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്തി പരിഹാരം കാണും. തിങ്കളാഴ്ചയാണ് മാണി.സി.കാപ്പനുമായുള്ള ചര്‍ച്ച.
യു.ഡി.എഫില്‍ അസ്വസ്ഥതകളുണ്ടെന്നും തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നുവെന്നുമായിരുന്നു മാണി.സി.കാപ്പന്റെ ആരോപണം. ഒരു നേതാവിന് തന്നോട് വ്യക്തിപരമായ പ്രശ്‌നമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും മാണി.സി.കാപ്പന്‍ തുറന്നു പറഞ്ഞിരുന്നു.
മാണി.സി.കാപ്പന്‍ പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു വി.ഡി സതീശന്റെ പ്രതികരണം. പരാതി തന്നോട് നേരിട്ട് പറയാം. യു.ഡി.എഫ് കണ്‍വീനറെയും അറിയിക്കാം. പൊതുവേദികളില്‍ പരാതി ഉന്നയിക്കുന്നത് ഉചിതമല്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
മാണി.സി.കാപ്പന്റെ ആരോപണങ്ങളെ പി.ജെ. ജോസഫ് തള്ളിയിരുന്നു. യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായി പോകുന്നുണ്ടെന്നും കേരള കോണ്‍ഗ്രസിന് പരാതിയില്ലെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.
ഇടതുമുന്നണിയിലേക്ക് മാണി.സി.കാപ്പന്‍ തിരിച്ചെത്തുമെന്ന പ്രചരണവും ഉണ്ടായിരുന്നു. മാണി.സി.കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചാല്‍ എല്‍.ഡി.എഫിലേക്ക് വരാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച ആള്‍ക്ക് എല്‍.ഡി.എഫിലേക്ക് വരാന്‍ പറ്റില്ല. മാണി.സി.കാപ്പന്റെ കാര്യത്തില്‍ എല്‍.ഡി.എഫ് തീരുമാനം എടുത്തിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.