കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ വിളക്കണല്‍ സമരത്തിനിടെ പട്ടികജാതി കോളനിയില്‍ പോയി സിപിഎം ക്രൂരമായ മര്‍ദ്ദനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പി.വി ശ്രീനിജന്‍ എം.എല്‍.എയുടെ നിലപാടിനെതിരെയായിരുന്ന വീടുകളില്‍ വിളക്കണക്കല്‍ സമരം. ജനാധിപത്യപരമായ രീതിയിലുള്ള സമരത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. പട്ടികജാതി കോളനിയില്‍ കാമ്പയിന്‍ നടത്തിയതിന്റെ പേരിലാണ് ദീപുവെന്നയാളെ സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ ആക്രമിച്ചതെന്നും വി.ഡി.സതീശന്‍.
വി.ഡി.സതീശന്റെ പ്രതികരണം
പ്രദേശത്തെ പ്രധാനപ്പെട്ട സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ദീപുവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. എം.എല്‍.എക്കെതിരെ നടത്തിയ സമരത്തെയാണ് അക്രമത്തിലൂടെ കൈകാര്യം ചെയ്തത്. വീടുകളില്‍ കാമ്പയിന്‍ നടത്തി എന്നത് കുറ്റമാണോ. സിപിഎം പോലൊരു രാഷ്ട്രീയപാര്‍ട്ടി ഒരു പട്ടിക ജാതി കോളനിയില്‍ പോയി സമരം നടത്തിയവരെ ആക്രമിക്കാമോ.
കേരളത്തിലെ കോളജുകളില്‍ വ്യാപകമായ ആക്രമണം സിപിഎം അഴിച്ചുവിടുകയാണ്. പൊലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. പിണറായിയുടെ തുടര്‍ഭരണത്തിന് ശേഷം പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ട്യം കൂടിയിരിക്കുകയാണ്. ഇതിന്റെ രക്തസാക്ഷിയാണ് ദീപു. സിപിഎം പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതാണ് ദീപുവിനെ.
വിളക്കണക്കല്‍ സമരത്തിനിടെ മര്‍ദ്ദനത്തിനിരയായ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു ഇന്നാണ് മരണപ്പെട്ടത്. ചായാട്ടുചാലില്‍ ദീപു ആലുവയിലെ രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മര്‍ദ്ദനമേറ്റ ശേഷം ദീപു വെന്റിലേറ്ററിലായിരുന്നു. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.