സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം എം.പിക്കെതിരായ പരാമര്‍ശനത്തില്‍ പ്രതിഷേധിച്ച് ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍. നാളെ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം ഓഫീസിലേക്കാണ് തൊഴിലാളികളുടെ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ എളമരം കരീമിനും കുടുംബത്തിനുമെതിരെ വിനു.വി.ജോണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.
പണിമുടക്കിയ തൊഴിലാളികളെ ആക്ഷേപിക്കുന്നതും എളമരം കരീമിനെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് വിനു.വി.ജോണിന്റെ പരാമര്‍ശമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ ആരോപിക്കുന്നു. തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യ വിരുദ്ധമായ മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനല്‍ അപമാനിച്ചത്.
എളമരം കരീമിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ല. ദേശീയ പണിമുടക്ക് സംബന്ധിച്ച് നേരത്തെ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തിയിരുന്നതാണ്. യാത്രകള്‍ ഒഴിവാക്കിയും കടകള്‍ അടച്ചും പണിമുടക്കില്‍ പങ്കെടുത്തും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തൊഴിലാളി സമരത്തെ മോശമായ ഭാഷയിലാണ് വിനു.വി.ജോണ്‍ അധിക്ഷേപിച്ചതെന്നും സംയുക്ത തൊഴിലാളി യൂണിയന്‍ കുറ്റപ്പെടുത്തുന്നു.
വിനു.വി.ജോണിനെതിരെ നടപടിയെടുക്കാന്‍ ഏഷ്യനെറ്റ് ന്യൂസ് മാനേജ്‌മെന്റ് തയ്യാറാവണമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. എളമരം കരീമിനെ അക്രമിച്ച് സമൂഹത്തില്‍ കലാപം സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. സി.പി.എമ്മിനെ തെറിവിളിച്ച് തനിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ച് മാര്‍ക്കറ്റ് ചെയ്യാനാണ് വിനു.വി.ജോണ്‍ ശ്രമിക്കുന്നത്. ഇതിലൂടെ മാധ്യമവിപണിയില്‍ റേറ്റിംഗ് കൂട്ടുകയെന്ന സങ്കുചിതമായ അജണ്ടയാണ് പിന്നിലുള്ളത്. തൊഴിലാളികളെയും അതിന്റെ നേതൃത്വത്തെയും അധിക്ഷേപിച്ച സാഹചര്യത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
ചാനല്‍ ചര്‍ച്ചയില്‍ വിനു.വി.ജോണ്‍ പറഞ്ഞത്
എളമരം കരീം പോകുന്ന വണ്ടിയൊന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് അതിലുള്ള ആളുകളെ, എളമരം കരീം കുടുംബസമേതമാണെങ്കില്‍ അവരെയൊക്കെയൊന്ന് ഇറക്കി വിടണമായിരുന്നു. എളമരം കരീം പോയൊരു വണ്ടിയുടെ കാറ്റഴിച്ച് വിടണമായിരുന്നു. എളമരം കരീമിനെ യാസറിനെ പോലെ മുഖത്തടിച്ച് മൂക്കില്‍ നിന്നും ചോര വരുത്തണമായിരുന്നു.