70 വയസ്സില്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കും; മരിക്കുന്നത് വരെ അധികാര സ്ഥാനത്തെന്ന സംസ്‌കാരം മാറണമെന്ന് ടി.എന്‍ പ്രതാപന്‍

70 വയസ്സില്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കും; മരിക്കുന്നത് വരെ അധികാര സ്ഥാനത്തെന്ന സംസ്‌കാരം മാറണമെന്ന് ടി.എന്‍ പ്രതാപന്‍
Published on

രാഷ്ട്രീയത്തിലും പെന്‍ഷന്‍ പ്രായം വേണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. താന്‍ എഴുപതാം വയസ്സില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കും. മരിക്കുന്നത് വരെ പാര്‍ട്ടിയുടെ നേതൃ കസേരകളിലും അധികാരത്തിന്റെ ഉച്ചിയിലുള്ള മാളികകളിലും കഴിയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുന്ന സംസ്‌കാരം ഉണ്ടാകണം. പുതിയ തലമുറയ്ക്ക് അവസരം ഒരുക്കണം. വിരമിച്ച് കഴിഞ്ഞാല്‍ മണ്ണ്-പ്രകൃതി- സൗഹൃദം എന്നിവയുടെ ഗുണഫലങ്ങള്‍ ആവോളം ആവാഹിക്കുമെന്നും ടി.എന്‍ പ്രതാപന്‍.

കുറേക്കാലം രാഷ്ട്രീയത്തില്‍ നില്‍ക്കുകയും പിന്നീട് ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും താക്കോല്‍സ്ഥാനങ്ങളില്‍ തിരുകി കൂട്ടുകച്ചവടമാക്കുന്ന, നിക്ഷിപ്ത താല്‍പര്യങ്ങള്‍ വാഴുന്ന രീതി മാറണം. രാഷ്ട്ര സേവനം എന്ന മൂല്യത്തില്‍ ഊന്നിയുള്ളതായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ടി.എന്‍ പ്രതാപന്‍ പറയുന്നു.

ടി.എന്‍ പ്രതാപന്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മരിക്കുന്നതുവരെ, പാര്‍ട്ടിയുടെ അമരത്തുള്ള കസേരകളിലും അധികാരത്തിന്റെ ഉച്ചിയിലുള്ള മാളികകളിലും കഴിയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന്, പിന്മുറക്കാര്‍ക്ക് അവസരങ്ങള്‍ ഉറപ്പിച്ചു കൊണ്ട് വിശ്രമ ജീവിതത്തിലേക്ക് മടങ്ങാന്‍ തയ്യാറാവുന്ന ഒരു സംസ്‌കാരം നമ്മളുണ്ടാക്കണം. പാര്‍ട്ടിയുടെ ഉപദേശക സമിതികളിലോ സ്വന്തം നാട്ടിലെ അടിസ്ഥാന ഘടകങ്ങളിലോ ഒക്കെ തുടര്‍ന്നും സേവന മനസ്സോടെ തന്നെ പ്രവര്‍ത്തിക്കാം. അതേസമയം, ഇതൊക്കെ മറ്റൊരു അധികാര കേന്ദ്രമാകാതിരിക്കുകയും വേണം. ഒപ്പം, പുതിയ തലമുറ മുതിര്‍ന്നവരുടെ പരിചയ സമ്പത്തിനെ വളരെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കണം. മാറുന്ന കാലത്തിനനുസരിച്ച് മനസ്സ് തിരിച്ച് വെച്ച് നവ സമൂഹത്തോട് നല്ല ആശയങ്ങള്‍ പങ്കവെക്കുകയും അവസാനം അവരുടെ തീരുമാനത്തിന് പിന്തുണ കൊടുക്കുകയും ചെയ്യുന്നതാണ് 70 വയസ്സ് കഴിഞ്ഞവര്‍ക്ക് കൂടുതല്‍ അഭികാമ്യം.

പല പുരോഗമന രാജ്യങ്ങളിലും ഒരു പ്രായം കഴിഞ്ഞാല്‍ രാഷ്ട്രീയക്കാര്‍ സ്വയമേ വിരമിക്കുന്ന സംസ്‌കാരം കാണുന്നുണ്ട്. കുറേകാലം രാഷ്ട്രീയത്തില്‍ തങ്ങി, ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും താക്കോല്‍സ്ഥാനങ്ങളില്‍ തിരുകി രാഷ്ട്രീയം ഒരു കൂട്ടു കച്ചവടമാക്കുന്ന, നിക്ഷിപ്ത താല്പര്യങ്ങള്‍ വാഴുന്ന രാഷ്ട്രീയം മാറി രാഷ്ട്ര സേവനം എന്ന മൂല്യത്തിലേക്ക് കണിശമായി നമ്മുടെ കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ട്. സര്‍ക്കാര്‍ ജീവനക്കാരന്‍ 55-60 വയസ്സില്‍ വിരമിക്കുന്നുണ്ടെങ്കില്‍, രാഷ്ട്രീയക്കാരന്‍ 70ലെങ്കിലും വിരമിക്കാന്‍ തയ്യാറാകണം.

70 വയസ്സ് കഴിഞ്ഞ ഒരാള്‍ പിന്നെ മത്സര രംഗത്തുണ്ടാകരുത്. പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളിലും നില്‍ക്കരുത്. പകരം ഏറെക്കാലത്തെ പരിചയസമ്പത്ത് ജനങ്ങള്‍ക്ക് ഉപകാരപ്പെടും വിധം ഗുണകാംക്ഷ ഉണ്ടായിരിക്കണം. എന്റെ രാഷ്ട്രീയ ജീവിതത്തിന് അങ്ങനെയൊരു വിരമിക്കല്‍ നിശ്ചയിച്ചിട്ടുണ്ട്. ഉറപ്പായും എഴുപത് കഴിഞ്ഞാല്‍ അധികാര രാഷ്ട്രീയത്തോട് വിടപറയും. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവും. സേവനത്തില്‍ നിറഞ്ഞ് നില്‍ക്കും. നല്ല രാഷ്ട്രീയം പറയും അനീതിക്കെതിരെ നിലകൊള്ളും ലഭിച്ച അനുഭവങ്ങളോടൊപ്പം പുതിയ തലമുറയുടെ തിരിച്ചറിവില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും. മണ്ണ്- പ്രകൃതി - സൗഹൃദം- ഇവയുടെ ഗുണഫലങ്ങള്‍ ആവോളം ആവാഹിക്കും. അങ്ങിനെ ശിഷ്ടകാലം; കഴിഞ്ഞതിനേക്കാള്‍ ഫലപ്രദമാക്കും. അതിന് അധികാരം വേണ്ട. പകരം ഇതെല്ലാം തിരിച്ചറിയുന്നവരെ കൂടുതല്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ചാല്‍ മതിയാവും.

Related Stories

No stories found.
logo
The Cue
www.thecue.in