'എവിടെയെങ്കില്‍ എന്നെ കൊണ്ട് ആക്കിക്കോ എന്ന് എന്റെ മോള് പറയുമായിരുന്നു', നീതി ലഭിച്ചില്ലെന്ന് പോക്‌സോ ഇരയുടെ അമ്മ

'എവിടെയെങ്കില്‍ എന്നെ കൊണ്ട് ആക്കിക്കോ എന്ന് എന്റെ മോള് പറയുമായിരുന്നു', നീതി ലഭിച്ചില്ലെന്ന് പോക്‌സോ ഇരയുടെ അമ്മ

courtesy : mathrubhumi news 

Published on

പൊലീസ് പല വട്ടം മൊഴിയെടുത്ത് കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് തേഞ്ഞിപ്പലത്ത് ആത്മഹത്യ ചെയ്ത പോക്‌സോ കേസിലെ ഇരയുടെ അമ്മ. പൊലീസ് പ്രതിക്കൊപ്പമാണ് നിന്നത്. പൊലീസുകാരോട് പല പ്രാവശ്യം കുട്ടിയെ കൗണ്‍സിലിംഗ് നടത്തുന്ന കാര്യം പറഞ്ഞിരുന്നു. അവര്‍ സഹായിച്ചില്ല. കുട്ടിയെ ശിശുഭവനിലേക്ക് മാറ്റണമെന്ന ആവശ്യവും അവര്‍ ചെവിക്കൊണ്ടില്ലെന്ന് അമ്മ.

തേഞ്ഞിപ്പലത്ത് പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. പൊലീസിനോട് റിപ്പോര്‍ട്ടും തേടി. ഇന്നലെയാണ് പെണ്‍കുട്ടിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനെട്ട് വയസാണ് പ്രായം. കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി മൂന്ന് പോക്‌സോ കേസുകളിലെ ഇരയുമാണ്.

അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കേസ് നടപടികള്‍ക്കിടെ കുട്ടി കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മകളെ ചികില്‍സിക്കാനുള്ള പണം ഇല്ലെന്നും കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും പല തവണ അധികൃതരോട് പറഞ്ഞെങ്കിലും ആരും തയ്യാറായില്ലെന്ന് അമ്മ. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗിന് രേഖാമൂലം ശുപാര്‍ശ നല്‍കിയിരുന്നുവെന്നാണ് പൊലീസ് വാദം.

മോനെ സ്‌കൂളിലേക്ക് ബസ് കയറ്റി വന്ന് തിരിച്ച് വാടകവീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച് നിലയില്‍ കണ്ടെത്തിയതെന്ന് അമ്മ. പൊലീസില്‍ നിന്നും മറ്റ് വകുപ്പുകളില്‍ നിന്നും നീതി ലഭിച്ചില്ലെന്നും അമ്മ മാധ്യമങ്ങളോട്.

അമ്മയുടെ വാക്കുകള്‍

ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും സഹായം കിട്ടിയിരുന്നെങ്കില്‍ ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല. മകള്‍ക്ക് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. ശിശുഭവനിലോ എവിടെയെങ്കില്‍ എന്നെ കൊണ്ട് ആക്കിക്കോ എന്ന് എന്റെ മോള് പറയുമായിരുന്നു. എന്നെ എവിടെയും കൊണ്ട് ആക്കിക്കോ, എനിക്ക് പഠിക്കണമെന്ന് ഇടക്കിടെ മോള് പറയുമായിരുന്നു.

നമ്മള്‍ പറയുന്നതൊന്നും പൊലീസുകാര്‍ കേള്‍ക്കില്ലായിരുന്നു. എല്ലാവരും ജയിലില്‍ നിന്ന് ഇറങ്ങിയില്ലേ. കേസ് പിന്‍വലിക്കാന്‍ വേണ്ടി പലവട്ടം ആവശ്യപ്പെട്ടിരുന്നു. പൊലീസ് വേഷത്തില്‍ സി.ഐ വന്നപ്പോള്‍ തറവാട്ടില്‍ അനിയത്തിയുടെ വീട്ടില്‍ പ്രശ്‌നമുണ്ടായിരുന്നു. പൊലീസുകാര്‍ സ്ത്രീകളോട് സംസാരിക്കുന്ന രീതിയില്‍ അല്ല ഞങ്ങളോട് പെരുമാറിയിരുന്നത്. പൊലീസ് മൊഴിയെടുത്തത് മോളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

എന്നെയും മോളെയും സഹായിക്കാന്‍ ആരുമില്ലെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. മോള് കൈ മുറിച്ചും ഗുളിക കഴിച്ചും ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന കാര്യം പലവട്ടം അവരോട് പറഞ്ഞിരുന്നു. ആരും എന്റെ കൂടെ എവിടെയും വരാനില്ല.

രണ്ട് വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വാടകവീട്ടില്‍ മൊഴിയെടുക്കാന്‍ പൊലീസ് ഇടക്കിടെ വരുന്നതിനാല്‍ വാടകയ്ക്ക് വീട് കിട്ടാത്ത സ്ഥിതിയുണ്ടായെന്നും അമ്മ.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദിന്റ വാക്കുകള്‍

പെണ്‍കുട്ടിക്കും അമ്മക്കും നീതി ലഭിക്കാനുള്ള ഒരു സഹായവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഇടപെടലുണ്ടായില്ല.

Related Stories

No stories found.
logo
The Cue
www.thecue.in