നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ക്കിടെ മലയാള മനോരമ ഗ്രൂപ്പിന് കീഴിലുള്ള വനിതാ മാഗസിന്‍ ദിലീപിന്റെ കുടുംബവിശേഷങ്ങള്‍ കവര്‍ ചിത്രമാക്കിയതില്‍ വിമര്‍ശനം. ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ ഉള്‍പ്പെടെ ലൈംഗിക ആക്രമണത്തില്‍ കുറ്റാരോപിതനായ പ്രതിയെ വെള്ളപൂശുന്ന വനിതയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. ദിലീപ് കാവ്യ മാധവന്‍, മക്കള്‍ എന്നിവരെ കവര്‍ ചിത്രമാക്കിയാണ് വനിതയുടെ പുതിയ ലക്കം.
സ്വര ഭാസ്‌കറിന്റെ പ്രതികരണം
ദിലീപ് എന്ന ഈ മനുഷ്യന്‍ സഹപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാനും ലൈംഗിക ആക്രമണത്തിന് ഇരയാക്കാനും നേതൃത്വം കൊടുത്തെന്ന കേസിലെ കുറ്റാരോപിതനാണ്. മാസങ്ങള്‍ ജയിലിലായിരുന്നു. കേസിലെ അതിജീവിത മുഖ്യമന്ത്രിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ്. ഷെയിം ഓണ്‍ യു വനിത.
പ്രമുഖ മാധ്യമപ്രവര്‍ത്തകയും ന്യൂസ് മിനുട്ട് എഡിറ്ററുമായ ധന്യാ രാജേന്ദ്രനും മനോരമക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. വനിതകളുടെ സുഹൃത്തും വഴികാട്ടിയുമെന്ന് ടാഗ് ലൈനുള്ള വനിത സഹപ്രവര്‍ത്തക്കെതിരെ ക്രൂരമായ കുറ്റകൃത്യം നടത്തിയ കേസിലെ പ്രതിയെ വൈറ്റ് വാഷ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് ധന്യ രാജേന്ദ്രന്‍. പണമുണ്ടാക്കാന്‍ ഇത്തരമൊരു രീതി വേണമായിരുന്നോ എന്നും ധന്യ ചോദിക്കുന്നു.
'വഴികാട്ടിയാണ്, സുഹൃത്താണ്, ആരുടെ വനിതകളുടെ...! ഇത്തരം ഐറണികള്‍ ഇനി സ്വപ്നത്തില്‍ മാത്രം,' എന്നാണ് മാധ്യമപ്രവര്‍ത്തകനും 24 ചാനല്‍ മുന്‍ എക്‌സിക്യുട്ടീവ് എഡിറ്ററുമായ ഡോ.അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
നടിയെ ആക്രമിച്ച കേസിലെ പ്രതികളായ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുടേതെന്ന് അവകാശപ്പെടുന്ന കത്തും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളതായും പള്‍സര്‍ സുനി കത്തില്‍ പറയുന്നുണ്ട്. 'അമ്മ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ എന്നും പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും, പുറത്ത് വന്നാല്‍ എന്നകാര്യവും. എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും'. എന്നാണ് കത്തിലെ പരാമര്‍ശം.
കേസില്‍ 2015 മുതല്‍ ഗൂഢാലോചന നടന്നു. ഗൂഢാലോചനയില്‍ ദിലീപിനൊപ്പം പലരും പങ്കാളിയായി. കൃത്യം നടത്താന്‍ കോടിക്കണക്കിന് രൂപ ദിലീപ് വാഗ്ദാനം ചെയ്‌തെന്നും പള്‍സര്‍ സുനിയുടെ അമ്മ റിപ്പോര്‍ട്ടര്‍ ടി.വിയോട് വെളിപ്പെടുത്തി.
കേസില്‍ തന്നെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞു.