കേന്ദ്രസഹമന്ത്രിസ്ഥാനത്തുനിന്ന് ഒഴിയാൻ താൻ നീക്കം നടത്തുന്നുവെന്ന വാർത്ത തെറ്റാണെന്ന് സുരേഷ് ഗോപി. മോദി സർക്കാരിൻ്റെ മന്ത്രി സഭയിൽ നിന്ന് രാജിവെയ്ക്കാൻ പോകുന്ന എന്ന തരത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണെന്നും മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമായാണ് കാണുന്നത് എന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ സുരേഷ് ഗോപി അറിയിച്ചു.
സുരേഷ് ഗോപിയുടെ പോസ്റ്റ്:
മോദി സർക്കാരിൻ്റെ മന്ത്രി സഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നു എന്ന തെറ്റായ വാർത്തയാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത് തീർത്തും തെറ്റാണ്. മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
സഹമന്ത്രി പദവിയില്‍ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇപ്പോൾ വിശദീകരണവുമായി സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ് എത്തിയത്. മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് തിരുവന്തപുരത്തേക്ക് പോയ സുരേഷ് ഗോപിയെ മോദി നേരിട്ട് തിരിച്ചു വിളിക്കുകയായിരുന്നു. ഇതോടെയാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞയ്ക്കായി ദില്ലിയിലേക്ക് തിരിച്ചത്.