നെല്ല് സംഭരണം; സപ്ലൈകോയ്ക്ക് സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

നെല്ല് സംഭരണം; സപ്ലൈകോയ്ക്ക് സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
Published on

സംഭരിച്ച നെല്ലിന് സബ്‌സിഡിയായി സിവില്‍ സപ്ലൈസ് കോര്‍പറേഷന് 175 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. നെല്ലിനുള്ള താങ്ങുവില സഹായത്തില്‍ കേന്ദ്രം 900 കോടി രൂപയുടെ കുടിശിക നല്‍കാനുണ്ടെന്നും 2017 മുതലുള്ള കുടിശിക തുകയാണിതെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തിന് കാത്തുനില്‍ക്കാതെ, നെല്ല് സംഭരിക്കുമ്പോള്‍തന്നെ കര്‍ഷകര്‍ക്ക് വില നല്‍കുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയര്‍ന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില നല്‍കുമ്പോള്‍ മാത്രമാണ് കര്‍ഷകന് നെല്‍വില ലഭിക്കുന്നത്. കേരളത്തില്‍ പിആര്‍എസ് വായ്പാ പദ്ധതിയില്‍ കര്‍ഷകന് നെല്‍വില ബാങ്കില്‍നിന്ന് ലഭിക്കും.

പലിശയും മുതലും ചേര്‍ത്തുള്ള വായ്പാ തിരിച്ചടവ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കും. കര്‍ഷകന് നല്‍കുന്ന ഉല്‍പാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത സംസ്ഥാന സര്‍ക്കാരാണ് തീര്‍ക്കുന്നത്. ഇതിലൂടെ നെല്ല് ഏറ്റെടുത്താല്‍ ഉടന്‍ കര്‍ഷകന് വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വായ്പാ ബാധ്യത കര്‍ഷകന് ഏറ്റെടുക്കേണ്ടി വരുന്നതുമില്ല. കേരളത്തില്‍ മാത്രമാണ് നെല്‍ കര്‍ഷകര്‍ക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in