സോളാര്‍ വിവാദത്തില്‍ വി.എസ് അച്യുതാനന്ദന് തിരിച്ചടി. വി.എസിന്റെ പരാമര്‍ശത്തിനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസിലാണ് അനുകൂല വിധി.
വി.എസ് അച്യുതാനന്ദന്‍ ഉമ്മന്‍ചാണ്ടിക്ക് പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടേതാണ് വിധി.
2013 ജൂലൈയില്‍ സോളറില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസിന്റെ പരാമര്‍ശം. സാമ്പത്തിക തട്ടിപ്പിന് വേണ്ടിയാണ് കമ്പനി രൂപീകരിച്ചതെന്നായിരുന്നു ഇതു മാനനഷ്ടമുണ്ടാക്കിയെന്നാരോപിച്ചാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്.
പൊതുസമൂഹത്തിന് മുന്നില്‍ അഴിമതിക്കാരനായി ചിത്രീകരിക്കാനായിരുന്നു വി.എസിന്റെ ശ്രമമെന്നും ആരോപണത്തില്‍ തെളിവ് നല്‍കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. ഒരുകോടി രൂപയായിരുന്നു നഷ്ടപരിഹാരം ആദ്യം ആവശ്യപ്പെട്ടിരുന്നത്. അപ്പീല്‍ നല്‍കുമെന്ന് വി.എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ അറിയിച്ചു.