'കേന്ദ്രത്തില്‍ നിന്നും കിട്ടിയ പച്ചക്കൊടി എവിടെ'; ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് കെ.സുധാകരന്‍

'കേന്ദ്രത്തില്‍ നിന്നും കിട്ടിയ പച്ചക്കൊടി എവിടെ'; ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് കെ.സുധാകരന്‍
Published on

കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തത്വത്തില്‍ അംഗീകരിച്ചുവെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. പദ്ധതിക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ എന്താണ് അറിയിച്ചതെന്ന് വസ്തുനിഷ്ഠമായി ജനങ്ങളോട് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയണം.ഏത് പ്രൊജക്ട് സമര്‍പ്പിച്ചാലും കേന്ദ്ര സര്‍ക്കാര്‍ അത് പരിശോധിക്കും. അങ്ങനെ പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പച്ചക്കൊടി എവിടെയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും കെ.സുധാകരന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കോണ്‍ഗ്രസിന് നിലപാട് മാറ്റമില്ല. അതിവേഗ റെയില്‍പാതയ്ക്ക് കോണ്‍ഗ്രസ് എതിരല്ല. കേരളം ചെറിയൊരു ഇടനാഴിയാണ്. ചെറിയൊരു സ്ഥലത്ത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പദ്ധതിയാണ് വേണ്ടത്. 38 മീറ്ററാണ് സില്‍വര്‍ ലൈനിന്റെ ഉയരം. 38 മീറ്ററൊക്കെ കെട്ടിപ്പൊക്കിയാല്‍ ഈ നാടിന്റെ സ്ഥിതിയെന്താകും. ആളുകള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ട് പോകാന്‍ കഴിയോ. കേരളത്തിന് ഭാവനയില്‍ കാണാന്‍ പറ്റുന്ന പദ്ധതിയാണോയെന്നും കെ.സുധാകരന്‍ ചോദിച്ചു.

റെയില്‍ വേ ലൈനിന്റെ വളവ് മാറ്റിയും ശാസ്ത്രീയമായ രീതിയില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ ഒരുക്കിയും വന്ദേ ഭാരത് പദ്ധതി നടപ്പിലാക്കാം. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ബദല്‍ സംവിധാനം അതാണ്. അത് എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കാത്തതെന്നും കെ.സുധാകരന്‍ ചോദിച്ചു.

പഠനം നടത്തിയിട്ടാണ് പദ്ധതി നടപ്പിലാക്കാനാകില്ലെന്ന് ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസും യു.ഡി.എഫും പറയുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും പദ്ധതിക്ക് എതിരാണ്. നാട് മുഴുവന്‍ കല്ലിടാന്‍ സര്‍ക്കാരിന് തലയ്ക്ക് ഭ്രാന്താണോ. കല്ലിടരുതെന്ന് ഹൈക്കോടതി പറഞ്ഞു. ആ ഉത്തരവ് പാലിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് സര്‍ക്കാരും ഹൈക്കോടതിക്ക് മുകളിലാണോയെന്നും കെ.സുധാകരന്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in