ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. അതുവരെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് ഉത്തരവ്. യുവനടി നൽകിയ പരാതിയിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ മുകുൾ രോഹ്തഗിയാണ് സിദ്ദിഖിന് വേണ്ടി ഹാജരായത്. സമാനമായ കേസുകളിൽ മറ്റ് നടൻമാർക്ക് ജാമ്യം കിട്ടിയെന്നും എന്നാൽ തനിക്കു മാത്രം ജാമ്യം നിഷേധിക്കപ്പെടുകയാണെന്നുമാണ് രോഹ്തഗി കോടതിയിൽ സിദ്ദിഖിന് വേണ്ടി ബോധിപ്പിച്ചത്. പരാതിക്ക് ആസ്പദമായ സംഭവം നടന്നുവെന്ന് പറയപ്പെടുന്നതിന് 8 വർഷത്തിന് ശേഷം 2024ലാണ് പരാതി നൽകപ്പെടുന്നത്. താനൊരു അറിയപ്പെടുന്ന നടനായതിനാൽ ചില ഫേസ്ബുക്ക് പോസ്റ്റുകൾ തനിക്കെതിരെ പ്രത്യക്ഷപ്പെട്ടുവെന്നും സിദ്ദിഖ് വ്യക്തമാക്കി. കേസിൽ സംസ്ഥാന സർക്കാർ അടക്കമുള്ള കക്ഷികൾക്ക് നോട്ടീസ് അയക്കാനും ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
കേരള ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് സെപ്റ്റംബർ 24നായിരുന്നു. കുറ്റകൃത്യത്തിൽ സിദ്ദിഖിന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു നടപടി. ഇതിനെതിരെ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കുകയും സംസ്ഥാന സർക്കാരും അതിജീവിതയും തടസഹർജി സമർപ്പിക്കുകയും ചെയ്തു. പരാതി എട്ടു വർഷത്തിന് ശേഷമാണ് നൽകിയതെന്ന സിദ്ദിഖിന്റെ വാദത്തിൽ സുപ്രധാനമായ നിരീക്ഷണം കേരള ഹൈക്കോടതി നടത്തിയിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവർ വൈകാരികവും മാനസികവും സാമൂഹികവുമായ ചില കടമ്പകൾ കടന്നാണ് അവയെക്കുറിച്ച് തുറന്നു പറയുന്നത്. ചിലപ്പോൾ അതിന് താമസം നേരിട്ടേക്കും. അവർ അനുഭവിക്കുന്ന ട്രോമയുടെ പശ്ചാത്തലത്തിൽ വേണം അക്കാര്യങ്ങൾ മനസിലാക്കാൻ. സിദ്ദിഖിനെതിരായ ആരോപണങ്ങൾ ബലാൽസംഗം എന്ന വിശാലമായ അർത്ഥത്തിൽ കാണണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പരാതിയിൽ കാലതാമസമുണ്ടായി എന്ന അതേ വാദം തന്നെയായിരുന്നു സിദ്ദിഖ് സുപ്രീം കോടതിയിലും ഉയർത്തിയത്. ഇത് സംബന്ധിച്ച് കോടതിയിലും ചർച്ചകളുണ്ടായി.
2014ൽ പരാതിക്കാരിക്ക് വെറും 19 വയസ് മാത്രം പ്രായമുണ്ടായിരുന്ന സമയത്ത് ഫേസ്ബുക്കിലൂടെ പ്രതി അവരെ സമീപിക്കുകയായിരുന്നുവെന്ന് അതിജീവിതയ്ക്കു വേണ്ടി ഹാജരായ അഡ്വ.വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. 2016ൽ അവരെ ഒരു സിനിമയുടെ പ്രിവ്യൂവിനായി ക്ഷണിക്കുകയും ബലാൽസംഗത്തിന് ഇരയാക്കുകയുമായിരുന്നു. പരാതി ഇപ്പോഴാണ് നൽകിയതെങ്കിലും ഹാർവെ വെയ്ൻസ്റ്റീൻ കേസിൽ പോലും സംഭവിച്ചത് ഇതൊക്കെയായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. എന്നാൽ പരാതി നൽകാൻ ഈ എട്ടു വർഷം നിങ്ങൾക്ക് തടസമായത് എന്തായിരുന്നു എന്ന ചോദ്യമാണ് കോടതി തിരികെ ഉന്നയിച്ചത്. പരാതി താമസിച്ചതിൽ ന്യായീകരണമുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലുണ്ടായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വേണം ഇതിനെ നോക്കിക്കാണാനെന്നും വൃന്ദ ഗ്രോവർ മറുപടി നൽകി. 365 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന കാരണത്താൽ വേട്ടക്കാരെക്കുറിച്ച് മിണ്ടരുത് എന്നാണോയെന്നും അഭിഭാഷക ചോദിച്ചു. സിദ്ദിഖിന് ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാരും എതിർത്തുവെങ്കിലും സുപ്രീം കോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.