ചവറയിൽ വോട്ടർമാരെ സ്വാധീനിക്കുവാൻ സൗജന്യ മദ്യ വിതരണം നടക്കുന്നതായി ആരോപണം; വീഡിയോ പുറത്ത് വിട്ട് യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ

ചവറയിൽ വോട്ടർമാരെ സ്വാധീനിക്കുവാൻ സൗജന്യ മദ്യ വിതരണം നടക്കുന്നതായി ആരോപണം; വീഡിയോ പുറത്ത് വിട്ട് യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ
Published on

എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മദ്യവും പണവും നൽകി ചവറയിൽ വോട്ടർമാരെ സ്വാധീനിക്കുവാൻ ശ്രമിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ. ഇത് സംബന്ധമായ വീഡിയോ സോഷ്യൽ മീഡിയയിൽ ഷിബു ബേബി ജോൺ പോസ്റ്റ് ചെയ്തു. ഇടതുപക്ഷ സ്ഥാനാർഥിയുടെ സ്വന്തം ബാറിൽ നിന്നും അനിയന്ത്രിതമായി മദ്യം ഒഴുക്കുകയാണെന്നും സൗജന്യമായി മദ്യം നൽകുകയാണെന്നും ഫേസ്ബുക്കിൽ വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ ഷിബു ബേബി ജോൺ ആരോപിച്ചു. പുറത്ത് നിന്ന് കൊണ്ടുവന്ന കുപ്പികളില്‍ മദ്യം ഒഴിച്ചു കൊടുക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. ഇത്തരത്തില്‍ സീല് പൊട്ടിച്ച് കുപ്പികളില്‍ ഒഴിച്ച് കൊടുത്തു വിടുന്ന മദ്യത്തിന് എന്ത് സുരക്ഷിതത്വമാണ് ഉള്ളതെന്ന് ഷിബു ബേബി ജോൺ ചോദിച്ചു. അബ്കാരി നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ ബാറിൽ നടക്കുന്നതെന്നും വീഡിയോ ദൃശ്യങ്ങൾ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും ഫേസ്ബുക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു. സുജിത് വിജയനാണ് ചവറ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി.

ഷിബു ബേബി ജോൺ ഫേസ്ബുക് കുറിപ്പ്

മദ്യവും പണവും ഒഴുക്കി എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ചവറയില്‍ ജനവിധി അട്ടിമറിക്കാന്‍ നോക്കുകയാണെന്ന് അഞ്ചു വര്‍ഷം മുന്‍പേ യുഡിഎഫ് പറഞ്ഞതാണ്. ഇന്നത് തെളിവുകള്‍ സഹിതം പുറത്തു വന്നിരിക്കുന്നു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ സ്വന്തം ബാറുകളില്‍ നിന്നും വോട്ടര്‍മാര്‍ക്കിടയിലേക്ക് അനിയന്ത്രിതമായി മദ്യം ഒഴുക്കുകയാണ്. ബാറിന് മുന്‍പില്‍ സൗജന്യമായി കൂപ്പണ്‍ വിതരണം ചെയ്യുന്നതും, ആ കൂപ്പണ്‍ ഉപയോഗിച്ച് സൗജന്യമായി മദ്യം വാങ്ങുന്നതും, ആളുകള്‍ പുറത്ത് നിന്ന് കൊണ്ടുവന്ന കുപ്പികളില്‍ മദ്യം ഒഴിച്ചു കൊടുക്കുന്നതും ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമായി കാണാം. ഇത്തരത്തില്‍ സീല് പൊട്ടിച്ച് കുപ്പികളില്‍ ഒഴിച്ച് കൊടുത്തു വിടുന്ന മദ്യത്തിന് എന്ത് സുരക്ഷിതത്വം ആണ് ഉള്ളത്.? ഇതേ ബാറില്‍ നിന്നും മദ്യപിച്ച് വന്ന സാമൂഹിക വിരുദ്ധരാണ് കഴിഞ്ഞ ദിവസം ബിയര്‍ കുപ്പികൊണ്ട് യുഡിഎഫ് പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചത്.

അബ്കാരി നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് ഈ മൂന്ന് ബാറുകളിലും നടക്കുന്നത് എന്നതിനും ഈ ദൃശ്യങ്ങള്‍ തെളിവാണ്. ഇത് മനുഷ്യാന്തസ്സിനെതിരെയുള്ള വെല്ലുവിളി ആണ്. ജനാധിപത്യത്തോടുള്ള തുറന്ന യുദ്ധപ്രഖ്യാനമാണ്. ഒരു രാഷ്ട്രീയ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെയല്ല. ഇത് ഞങ്ങള്‍ക്ക് കയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ല. ഈ രാഷ്ട്രീയ മര്യാദകേടിനെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കയ്യില്‍ കള്ളും പണവും ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വരെ അട്ടിമറിക്കാമെന്ന ഇവരുടെ ധാരണ എന്ത് വിലകൊടുത്തും നമ്മള്‍ ചവറക്കാര്‍ തിരുത്തിക്കും. ഏതറ്റം വരെ പോയിട്ടാണെങ്കിലും ഈ നെറികെട്ട രാഷ്ട്രീയത്തിന് പുറകിലുള്ളവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വരും.

Related Stories

No stories found.
logo
The Cue
www.thecue.in