മാസപ്പടി കേസിൽ വീണ വിജയനെതിരെ SFIO അന്വേഷണം,മൊഴിയെടുത്തു.പുതുതായി ഒന്നുമില്ലെന്ന് മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോൺഗ്രസ്

മാസപ്പടി കേസിൽ വീണ വിജയനെതിരെ SFIO അന്വേഷണം,മൊഴിയെടുത്തു.പുതുതായി ഒന്നുമില്ലെന്ന് മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോൺഗ്രസ്
Published on

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ മാസപ്പടി വാങ്ങിയെന്ന കേസിൽ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം) വീണ വിജയൻറെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദിന് മുന്നിൽ വീണാ വിജയൻ മൊഴി നൽകിയത്. വീണ മാസപ്പടിയായി 1.72 കോടിയോളം രൂപയുടെ പണമിടപാട് നടത്തിയെന്നാണ് കേസ്.

കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) ഏറ്റെടുത്തത്. വീണയ്ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും നേരത്തെ എസ് എഫ് ഐ ഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കും കെഎസ്ഐഡിസിയുമടക്കം അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

മാസപ്പടി കേസിലെ അന്വേഷണത്തില്‍ പുതുതായി ഒന്നുമില്ലെന്നാണ് വാർത്തകളോട് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേസ് സെറ്റില്‍ ചെയ്തു എന്ന് പറഞ്ഞതില്‍ വസ്തുതയില്ലെന്ന് വ്യക്തമായില്ലേയെന്നും ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞില്ലേയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. ബിജെപിയും ആര്‍എസ്എസുമായി മുഖ്യമന്ത്രി കോംപ്രമൈസ് നടത്തുന്നുവെന്ന് പ്രചാരണം നടത്തിയില്ലേ. അവര്‍ക്കിപ്പോള്‍ എന്താണ് പറയാനുള്ളത്. പാര്‍ട്ടി നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും റിയാസ് പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രിയോട് ആര്‍എസ്എസിനും ബിജെപിക്കും പ്രത്യേക സ്‌നേഹമാണ്. അതുകൊണ്ടാണല്ലോ തലക്ക് ഇനാം പ്രഖ്യാപിച്ചതെന്നും റിയാസ് പറഞ്ഞു.

ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടിയാണ്. ഈ അന്വേഷണം പ്രഹസനമാണെന്നും ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് വിഡി സതീശൻ പ്രതികരിച്ചത്. ഇതേ രീതിയില്‍ കരുവന്നൂരിനെക്കുറിച്ച് നിങ്ങള്‍ ചോദിച്ചപ്പോള്‍ ഒന്നും നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുവന്നൂര്‍ എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ. എല്ലാം തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. രണ്ട് ഉപതിരഞ്ഞെടുപ്പ് നാളെ പ്രഖ്യാപിക്കുമെന്ന് വാര്‍ത്ത വന്നിരിക്കുകയാണ്. അതിന് തൊട്ടുമുമ്പാണ് ഇത് വന്നിരിക്കുന്നത്. സിപിഐഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ എന്ന് വരുത്തി തീര്‍ക്കുകയാണ്. കരുവന്നൂരിലും ഇതേ രീതിയെടുത്തിട്ടാണ് തൃശൂരില്‍ പരസ്പരം അഡ്ജസ്റ്റ്‌മെന്റ് നടത്തിയത് എന്നും വിഡി സതീശൻ പറഞ്ഞു.

ഈ കേസിൽ ടാര്‍ഗറ്റ് വീണയല്ല, പിണറായി വിജയനാണെന്നാണ് പരാതിക്കാരനായ അഡ്വ. ഷോൺ ജോർജ്ജ് പറഞ്ഞത്. കേസ് എവിടെയെത്തുമെന്ന നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഫയല്‍ ചെയ്തത്. പിണറായി വിജയനെന്ന കള്ളനാണയത്തെ ഏറ്റവും നന്നായി തിരിച്ചറിഞ്ഞിട്ടുള്ള കുടുംബമാണ് എന്റേത്. ഇത്രയും വലിയ അഴിമതി പുറത്ത് വന്നിട്ടും നിയമസഭയില്‍ പൊറാട്ട് നാടകം നടന്നതല്ലാതെ പ്രത്യേകിച്ച് അന്വേഷണമുണ്ടായില്ല. അത്തരമൊരു അന്വേഷണം എങ്ങനെ നടത്താം, ഏത് ഏജന്‍സി അന്വേഷിക്കും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് എസ്എഫ്‌ഐഒ. എന്റെ അഭിഭാഷകനും അദ്ദേഹത്തിന്റെ ഓഫീസും വളരെയേറെ ജോലി ചെയ്ത് ഈ രേഖകളെല്ലാം ശേഖരിച്ച് മൂന്ന് മാസത്തിലേറെ ഒരു ഹോം വര്‍ക്ക് നടത്തിയതിന് ശേഷമാണ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നും ഷോൺ ജോർജ്ജ് പറഞ്ഞു.

വീണയെ സഹായിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നടപടിയും നീക്കങ്ങളും. കേന്ദ്രസർക്കാർ സത്യസന്ധമാണെങ്കിൽ ഇഡി അന്വേഷണം ഏർപ്പെടുത്തിയേനെ. ഹൈക്കോടതി എന്ത് നടപടി എടുത്തുവെന്ന് കേന്ദ്ര സർക്കാരിനോട് ചോദിച്ചപ്പോൾ എസ്എഫ്‌ഐഒ അന്വേഷണവുമായി മുന്നോട്ടുപോകുന്നുവെന്ന് പറഞ്ഞു. ഹൈക്കോടതി വിധി പറഞ്ഞിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് തിരിച്ചടിയായേനെ. കേന്ദ്രം എസ്എഫ്‌ഐഒ അന്വേഷണം നടത്തുമെന്ന് പറഞ്ഞതുകൊണ്ട് കേസിന്റെ തീവ്രത ഇല്ലാതായി. പ്രളയം പോലെ ഇത്രയേറേ തെളിവുണ്ടായിട്ടും കേന്ദ്ര സർക്കാർ ഇതുവരെ ഈ കേസിൽ ഗൗരവമുള്ള ഒരു നടപടിയും എടുത്തിട്ടില്ലെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in