അനധികൃത മണല്‍ ഖനനക്കേസില്‍ സിറോ മലങ്കര കത്തോലിക്ക സഭ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബിഷപ്പ് ഉള്‍പ്പെടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷയും തള്ളി. തിരുനെല്‍വേലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തു. കൃത്യമായ തെളിവുകളുണ്ടെന്ന് തമിഴ്‌നാടിന്റെ പ്രോസിക്യൂട്ടര്‍ വാദിച്ചു.
വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളം, പുരോഹിതന്‍മാരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരാണ് ബിഷപ്പിനൊപ്പം അറസ്റ്റിലായത്.
തിരുനെല്‍വേലി അംബാസമുദ്രത്തിനടുത്ത് സൗത്ത് കല്ലടൈകുറിച്ചി പൊട്ടലിലെ 300 ഏക്കര്‍ ഭൂമി സഭയുടെ കൈവശമാണുള്ളത്. ഈ ഭൂമിയില്‍ നിന്നും അനധികൃതമായി മണല്‍കടത്തിയെന്നാണ് കേസ്. കോട്ടയം സ്വദേശിയായ ജോര്‍ജ് മാനുവലിന് കൃഷി ചെയ്യാന്‍ പാട്ടത്തിന് നല്‍കിയ ഭൂമിയാണെന്നാണ് സഭയുടെ വിശദീകരണം.
27,774 ക്യുബിക് മീറ്റര്‍ മണല്‍ ഖനനം ചെയ്‌തെടുത്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സബ് കളക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 9.57 കോടി പിഴ ചുമത്തിയിരുന്നു. അന്വേഷണം പാതി വഴിയില്‍ നിലച്ചതോടെ പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.