കേരള ബാങ്കിനെതിരെ നടപടിയെടുത്ത് റിസര്‍വ് ബാങ്ക്. സി-ക്ലാസ് പട്ടികയിലേക്ക് കേരള ബാങ്കിനെ തരംതാഴ്ത്തിയ റിസര്‍വ് ബാങ്ക് വ്യക്തിഗത വായ്പകളില്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. വ്യക്തിഗത വായ്പകള്‍ 25 ലക്ഷം രൂപയ്ക്ക് മുകളില്‍ ആകാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശാഖകള്‍ക്ക് ബാങ്ക് കത്തയച്ചു. നല്‍കിയ വായ്പകള്‍ തിരിച്ചു പിടിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. കേരള ബാങ്കിന്റെ റാങ്കിംഗ് മാനദണ്ഡങ്ങള്‍ വിലയിരുത്താന്‍ ഏര്‍പ്പെടുത്തിയ കണ്‍ട്രോളിംഗ് അതോറിറ്റിയായ നബാര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി.
ഭവന വായ്പ, കാര്‍ഷിക വായ്പ എന്നിവയടക്കമുള്ള മറ്റു വായ്പകളാണ് വലിയ തുകയുടേതായി നിലവിലുള്ളത്. അതിനാല്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധി ബാധിക്കാന്‍ ഇടയില്ലെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍. റാങ്കിംഗില്‍ നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച വിലയിരുത്തലും കേരള ബാങ്കിനെ ബാധിച്ചിട്ടുണ്ട്. നിഷ്‌ക്രിയ ആസ്തി 7 ശതമാനത്തില്‍ കുറവായിരിക്കണമെന്നാണ് നിബന്ധന. എന്നാല്‍ കേരള ബാങ്കിന് ഇത് 11 ശതമാനത്തില്‍ കൂടുതലാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അടക്കം നല്‍കിയിരിക്കുന്ന വായ്പകള്‍ തിരിച്ചു കിട്ടാതെ വര്‍ദ്ധിച്ചതും പ്രതിസന്ധിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ബി ക്ലാസിലായിരുന്ന ബാങ്കിനെ സി ക്ലാസിലേക്ക് മാറ്റിയ വിവരം എല്ലാ റീജിയണല്‍ മാനേജര്‍മാര്‍ക്കും സിപിസി മേധാവികള്‍ക്കും നല്‍കിയ കത്തിലാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് നിലവിലുള്ള 40 ലക്ഷം രൂപയെന്ന വ്യക്തിഗത വായ്പാ പരിധി 25 ലക്ഷമാക്കി കുറച്ചു. വായ്പകള്‍ തിരിച്ചു പിടിക്കാനുള്ള നീക്കം സാധാരണക്കാരെ ബാധിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്.