ഷെയിന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വിലക്കിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയുള്ള അഭിമുഖത്തില്‍ കാസര്‍ഗോഡേക്ക് സിനിമ ചെയ്യാന്‍ പോകുന്നത് അതിര്‍ത്തിയായതിനാല്‍ മയക്കുമരുന്ന് എളുപ്പത്തില്‍ കിട്ടുന്നതിനാലാണെന്ന് നിര്‍മ്മാതാവ് എം.രഞ്ജിത്ത് ആരോപിച്ചിരുന്നു. രഞ്ജിത്തിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകര്‍. വളരെ അപകടമുണ്ടാക്കുന്ന വാദത്തില്‍ വ്യക്തത വരുത്താനും തിരുത്തലിനും രഞ്ജിത് തയ്യാറാകണമെന്ന് സംവിധായകരായ സെന്ന ഹെഗ്ഡെയും, രതീഷ് പൊതുവാളും രാജേഷ് മാധവനും സുധീഷ് ഗോപിനാഥും. രഞ്ജിത്തിന്റെ പ്രസ്താവനയെ തള്ളി നിര്‍മ്മാതാവ് സിയാദ് കോക്കറും രംഗത്ത് വന്നിരുന്നു.
കാസര്‍ഗോഡന്‍ വിരുദ്ധ പ്രസ്താവനയില്‍ രഞ്ജിത് വ്യക്തത വരുത്തണം
രതീഷ് പൊതുവാള്‍ / സംവിധായകന്‍, തിരക്കഥാകൃത്ത്
ആ വാദം കാസര്‍ഗോഡ്കാരെ മാത്രമല്ലല്ലോ ചോദ്യം ചെയ്യുന്നത്. കാസര്‍ഗോഡ് സിനിമ എടുക്കാന്‍ വരുന്നവരെ കൂടെയല്ലേ. രഞ്ജിത്തോ, അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ ഒക്കെ ഇവിടെ വന്ന് ഷൂട്ട് ചെയ്യാറുണ്ടല്ലോ, വരുന്നത് ആ ഉദ്ദേശ്യത്തിലാണോ എന്നതു കൂടെ ചോദ്യമാണല്ലോ. അവരെ കൂടെയാണോ ചോദ്യം ചെയ്യുന്നത്?
ഇന്നത്തെ മലയാള സിനിമക്ക് കാസര്‍ഗോഡ് ഒരു സിനിമ ചെയ്യാന്‍ രഞ്ജിത്തിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. കാസര്‍ഗോഡ് നിന്ന് വരുന്ന സിനിമകളെയെല്ലാം അടച്ചാക്ഷേപിക്കുന്ന പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഒരുപക്ഷേ അതെത്രത്തോളം അപകടകാരിയായ സ്റ്റേറ്റ്‌മെന്റ് ആണ് അതെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാകില്ല. പല വ്യാഖ്യാനങ്ങളും അതിനുണ്ടാകാം. അതിന് ഒരു വ്യക്തത നല്‍കാനുള്ള ഉത്തരവാദിത്തം കൂടെയുണ്ട് രഞ്ജിത്തിന്.
ഏറ്റവും കംഫര്‍ട്ടബിള്‍ ആയ സ്ഥലത്തു ജോലി ചെയ്യുക എന്നെ ഉള്ളൂ, അതില്‍ ലഹരി ഉപയോഗിക്കാന്‍ വേണ്ടിയാണ് അവിടെ സിനിമ എടുക്കുന്നത് എന്ന് പറയുന്നത് മണ്ടത്തരമല്ലേ. ചിത്രീകരണ സമയത്ത് നല്ല രീതിയില്‍ സഹകരിക്കുന്ന ആളുകളാണ് കാസര്‍കോട്ടുകാര്‍. ഇങ്ങനെയൊരു വാദം ആ ഒരു സ്‌പേസ് ഇല്ലാതാക്കുക കൂടെയാണ്.
ഒരു കാര്യം പറയുമ്പോള്‍ അതിന്റെ ഗൗരവം എന്താണ് എന്ന് മനസ്സിലാകാതെ പറഞ്ഞ ഒരു പ്രസ്താവനയാണ് എം.രഞ്ജിത്ത് നടത്തിയത്. മീഡിയയിലൂടെ വിളിച്ചു പറഞ്ഞ ഒരു കാര്യത്തിന് ഞങ്ങള്‍ മീഡിയയിലൂടെ തന്നെയാണ് മറുപടി പറയുന്നത്. ഞങ്ങള്‍ വിചാരിക്കുന്നത് എന്താണ് പറഞ്ഞത് എന്ന് തിരിച്ചറിയാതെയാണ് രഞ്ജിത്ത് പറഞ്ഞത് എന്നാണ്. എന്നാല്‍ ഞങ്ങള്‍ അതില്‍ പ്രതികരിക്കുന്നത് വ്യക്തമായ തിരിച്ചറിവോട് കൂടി തന്നെയാണ് എന്നതാണ് വ്യതാസം.
തിരുത്തും വരെ പ്രതിഷേധം തുടരും
രാജേഷ് മാധവന്‍ /നടന്‍, സംവിധായകന്‍
കാസര്‍ഗോഡേക്ക് സിനിമ ചെയ്യാന്‍ പോകുന്നത് മയക്കുമരുന്ന് കാരണമാണെന്ന് എം. രഞ്ജിത്ത് ഊന്നി പറയുന്നുണ്ട്. വേറെ ഒരു കാരണവും അദ്ദേഹത്തിന് കാണാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ക്ക് വളരെ അധികം പ്രതിഷേധമുണ്ട്. സിനിമ മാറുന്നതിന്റെ കൂടെ ഭാഗമായാണ് കാസര്‍ഡോഡ് ലൊക്കേഷനും കഥാ പശ്ചാത്തലവുമാകുന്നത്. ഇത് ബാലന്‍സിങിന്റെ കൂടെ ഭാഗമാണ് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗത്തെപ്പറ്റി സംസാരിക്കാന്‍, ഒരു മീഡിയയില്‍ വരുമ്പോള്‍ കാസര്‍ഗോഡിനെ അതിലേക്ക് കൂട്ടിച്ചേര്‍ക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. പറഞ്ഞതില്‍ എന്തെങ്കിലും വസ്തുത ഉണ്ടെങ്കില്‍ അദ്ദേഹം അതുമായി മുന്നിലേക്ക് വരട്ടെ അല്ലെങ്കില്‍ പറഞ്ഞത് തെറ്റാണെന്ന് അദ്ദേഹം സമ്മതിക്കട്ടെ, അത് വരേയ്ക്കും ഞങ്ങള്‍ അതില്‍ ശക്തമായ പ്രതിഷേധം തുടരും.
വളരെ എണ്ണപ്പെട്ട കാസര്‍ഗോഡന്‍ സിനിമകളെ വന്നിട്ടുള്ളു. അതില്‍ത്തന്നെ ഒരു ദേശീയ അവാര്‍ഡുണ്ട്, സ്റ്റേറ്റ് അവാര്‍ഡ് ഉണ്ട്. തന്നെയുമല്ല ക്രിട്ടിക്കലി പ്രശംസിക്കപ്പെടുന്ന പോലെ തന്നെ പ്രേക്ഷകരും ആ സിനിമകള്‍ ഏറ്റെടുത്തിട്ടുണ്ട്. ഞങ്ങളൊക്കെ വളരെ അധികം കഷ്ടപ്പെട്ടിട്ടാണ് ഇങ്ങനൊരു മേഖലയില്‍ എത്തുന്നത്. കുറച്ചു സിനിമകളെ ഉണ്ടായിട്ടുള്ളൂ എന്നത് കൊണ്ട്, ഇത് ഞങ്ങള്‍ക്ക് നേര്‍ക്കുള്ള സ്റ്റേറ്റ്‌മെന്റ് ആകുന്നത് കൊണ്ട്, ഞങ്ങള്‍ക്ക് പ്രതികരിച്ചല്ലേ മതിയാകൂ?
പൊതുധാരയില്‍ തന്നെ, കാസര്‍ഗോഡ് എന്നത് പണിഷ്‌മെന്റ് ട്രാന്‍സ്ഫറിനുള്ള ഒരു സ്ഥലം എന്ന പേരില്‍ ആണ് കളിയാക്കപ്പെട്ടുകൊണ്ടിരുന്നത്. അത് സിനിമയില്‍ മാത്രമല്ല, മൊത്തത്തില്‍ അങ്ങനെയായിരുന്നു.
'എന്തിനാണ് സര്‍ കാസര്‍ഗോട്ടേക്ക് ഇപ്പോള്‍ സിനിമകള്‍ പോകുന്നത്? അത് വസ്തുതകള്‍ വച്ച് പോയിന്റ് ഔട്ട് ചെയ്തത് ഞങ്ങള്‍ക്കൊന്ന് പറഞ്ഞു തരണം'
പൊതുവെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയാണ് കാസര്‍ഗോഡുകാര്‍. ഞങ്ങള്‍ എല്ലാവരും രാഷ്ട്രീയപ്രവര്‍ത്തനമായും പ്രതിരോധപ്രവര്‍ത്തനമായും തന്നെയാണ് കലയെ കാണുന്നത്. ആര്‍ട്ട് തന്നെയാണ് ഞങ്ങള്‍ പ്രതിഷേധമായി കാണുന്നത്.
സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ തളര്‍ത്തുന്ന പ്രസ്താവന
സുധീഷ് ഗോപിനാഥ് / സംവിധായകന്‍ (മദനോല്‍സവം)
കാസര്‍ഗോഡ് ഭാഷയില്‍ സിനിമ സംഭവിക്കാന്‍ തന്നെ എത്ര കാലമെടുത്തു? ഈ ഒരു റെവെല്യൂഷന്‍ ഉണ്ടാകാന്‍ അത്രയും കാലമെടുത്തിട്ടുണ്ട്. നാഷണല്‍ ലെവലില്‍ വരെ ശ്രദ്ധിക്കപ്പെടുന്ന സിനിമകള്‍ ഇവിടെ നിന്നും ഉണ്ടായി. രഞ്ജിത്തിനെ പോലുള്ള ഒരു പ്രൊഡ്യൂസര്‍ അതിന്റെ ഗുണങ്ങളെക്കുറിച്ച് ഒന്നും തന്നെ പറയാതെ മയക്കുമരുന്നുമായി കൂട്ടിച്ചേര്‍ത്ത് മാത്രം പ്രസ്താവന പറയുന്നത് തെറ്റ് തന്നെയാണ്.
താരങ്ങളേതുമില്ലാതെ, വളരെ എകണോമിക്കല്‍ ആയാണ് ഇവിടെ സിനിമകള്‍ ഉണ്ടാകുന്നത്. ഒരു നിര്‍മ്മാതാവായാണ് അദ്ദേഹം സംസാരിച്ചിരുന്നത് എങ്കില്‍ അതേ പറ്റി പറയാമായിരുന്നു.
സിനിമയുടെ ഹബ്ബ് മദ്രാസും, കൊച്ചിയും, തിരുവനന്തപുരവും ഒക്കെ ആയ കാലങ്ങളില്‍ അതിലേക്ക് എത്തിപ്പെടാന്‍ കഴിയാതെ പോയ എത്രയോ കലാകാരന്മാര്‍ ഉണ്ടിവിടെ.
ലഹരി ഉപയോഗത്തിനെതിരെ നിരന്തരമായ ക്യാമ്പയിനുകള്‍ നടക്കുന്ന സ്ഥലമാണ് ഇത്. പാര്‍ട്ടിതലത്തില്‍ പോലും ആളുകള്‍ അതിനെ ശക്തമായി പ്രിവെന്റ് ചെയ്യുന്നുണ്ട്. പുതിയതായി സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ തളര്‍ത്തുന്ന ഒരു സ്റ്റേറ്റ്‌മെന്റ് കൂടിയാണിത്.
പുതിയ ആളുകള്‍ വരാനും, സിനിമയില്‍ മാറ്റം കൊണ്ടു വരാനുമൊക്കെയാണ് ഇവരൊക്കെ സംസാരിക്കേണ്ടത്. കാലാകാലങ്ങളായി ആളുകള്‍ എങ്ങനെയാണോ കാസര്‍ഗോടിനെ ട്രീറ്റ് ചെയ്തു വരുന്നത്, അതിന്റെ ഒരു എക്സ്റ്റന്‍ഷന്‍ മാത്രമാണ് എം.രഞ്ജിത്ത് പറഞ്ഞത്.
ഞങ്ങള്‍ സിനിമയിലുണ്ടാക്കിയ ഈ മാറ്റത്തെ ഇവര്‍ കാണുന്നില്ല എന്നതാണ് പ്രശ്‌നം.
തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയുണ്ടാക്കിയ കോണ്‍ഫിഡന്‍സ് വളരെ വലുതാണ്. ഒരുപാട് പേര്‍ സിനിമ ചെയ്യാന്‍ കാരണം 'മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട്' എന്ന ടാഗ് ലൈനില്‍ ഇറങ്ങിയ ആ സിനിമയാണ്.
ഒരു ക്ലബ്ബിന്റെ വാര്‍ഷികം ഒക്കെ പോലെയാണ് ഇവിടെ സിനിമകള്‍ എടുക്കുന്നത്, അത്രയും ജനങ്ങളുടെ പങ്കാളിത്തമുണ്ട്. അങ്ങനെയാണ് ഞങ്ങള്‍ മദനോത്സവം എന്ന സിനിമ ചിത്രീകരിച്ചത്. ഞങ്ങളെ സപ്പോര്‍ട്ട് ചെയ്ത ആ സമൂഹം തന്നെ ഞങ്ങളെക്കുറിച്ച് എന്താണ് വിചാരിക്കുക? ഇനി സിനിമയെടുക്കാന്‍ വേണ്ടി അവര്‍ പോകുമ്പോള്‍ നാട്ടുകാര്‍ എങ്ങനെയാണ് അവരെ സ്വീകരിക്കുക? അതിനെയെല്ലാം ബാധിക്കില്ലേ ഈ പ്രസ്താവന?
ഞങ്ങളെ സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല, ഉപദ്രവിക്കാന്‍ വരണ്ട
സെന്ന ഹെഗ്ഡെ / സംവിധായകന്‍
ആദ്യം ആ വീഡിയോ കണ്ടപ്പോള്‍ ചര്‍ച്ച സൃഷ്ടിക്കാനായി ആരെങ്കിലും ഇട്ടത് ആകുമെന്ന് കരുതിയാണ് ഇന്റര്‍വ്യൂ മുഴുവന്‍ എടുത്ത് കണ്ടത്. കണ്ട ശേഷമാണ് മനസ്സിലായത് അത് ഒരു അനാവശ്യ സ്റ്റേറ്റ്‌മെന്റ് ആയിരുന്നുവെന്ന്. ഇവിടെ നിന്നും വരുന്ന സിനിമകളെ പറ്റി മറ്റെന്തും സംസാരിക്കാമായിരുന്നു.
ഒരുപാട് വര്‍ഷങ്ങളെടുത്താണ് കാസര്‍കോഡുകാര്‍ ഈ ഐഡന്റിറ്റി ഇവിടെ ഉണ്ടാക്കിയെടുത്തത്. ഈ വിഷയം തുടങ്ങുന്നത് തന്നെ രണ്ട് നടന്മാരോടൊപ്പം ജോലി ചെയ്യില്ല എന്ന തീരുമാനത്തില്‍ നിന്നാണ്. ഞാന്‍ നോക്കുമ്പോള്‍ ഈ രണ്ടു നടന്മാര്‍ കാസര്‍ഗോഡ് നിന്നും വന്ന സിനിമകളില്‍ ഒന്നിലും തന്നെയില്ല. വെറുതെ വന്ന് കാസര്‍ഗോഡ് സിനിമയെടുക്കാന്‍ വരുന്നവരൊക്കെ മയക്കുമരുന്നിന് വേണ്ടിയാണ് വരുന്നത് എന്ന് പറയരുത്. അദ്ദേഹം എന്തിനാണ് അത് പറഞ്ഞത് എന്ന് മനസ്സിലാകുന്നില്ല.
ഞങ്ങളെ സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല, ഉപദ്രവിക്കാന്‍ വരണ്ട. ഞങ്ങള്‍ ആരെയും ഉപദ്രവിക്കുന്നില്ലല്ലോ.
പണ്ട് ആളുകള്‍ വണ്ടി പിടിച്ച് കൊച്ചിയിലും മറ്റും പോയും, പല സ്ഥലങ്ങളില്‍ താമസിച്ചും, ഓഡിഷന്‍ ചെയ്തുമൊക്കെയാണ് ഇവിടുള്ളവര്‍ സിനിമയില്‍ എത്തിയിരുന്നത്. ഓഡിഷന്‍ സമയങ്ങളില്‍ ഞങ്ങളുടെ ഭാഷയും രീതിയും ഒക്കെ കളിയാക്കപ്പെടുമായിരുന്നു. ഇവിടെ നിന്നുള്ള ഒരാള്‍ക്ക് സിനിമയില്‍ എത്താന്‍ അന്ന് വടക്കന്‍ കേരളത്തിലെയോ, തെക്കന്‍ കേരളത്തിലെയോ ഒരാളുടെ ഭാഷയും ശൈലിയും അനുകരിക്കണമായിരുന്നു . എന്നാല്‍ ഇന്ന് മലയാളികള്‍ ഞങ്ങളുടെ ഭാഷയെ ഏറ്റെടുത്തു. ഇന്ന് ഞങ്ങള്‍ക്ക് മാറേണ്ട ആവശ്യമില്ല. എല്ലാത്തിനും ഒടുവില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സിനിമകള്‍ ചെയ്യാനുള്ള ഒരു അടിത്തറ ഉണ്ടായിവരുകയായിരുന്നു. അതിനിടയിലാണ് ഇങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ്. ഞങ്ങള്‍ മറ്റാരില്‍ നിന്നും അവസരം എടുക്കുകയല്ലല്ലോ, ഞങ്ങള്‍ ഞങ്ങള്‍ക്ക് തന്നെ അവസരമുണ്ടാക്കുകയാണ്. ആരെയും വേദനിപ്പിക്കുന്നുമില്ല.
ഇനിയും സിനിമകള്‍ ഇവിടെ നിന്നുണ്ടാകും. ഈ സ്റ്റേറ്റ്‌മെന്റ് കൊണ്ട് അതിന് കുറവ് ഒന്നുമുണ്ടാകില്ല. സുധീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ വരുന്ന കമെന്റ്‌സ് തന്നെ നോക്കൂ, ഇതില്‍ നിന്ന് ഊര്‍ജ്ജമെടുത്ത് കൂടുതല്‍ സിനിമകള്‍ ഇവിടെ ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.
കാസർഗോഡ് വിരുദ്ധ പരിഹാസങ്ങളിൽ അവസാനത്തേതാണ് രഞ്ജിത്തിന്റേത്
പി.വി. ഷാജികുമാർ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ
കഴിഞ്ഞ കുറച്ച് കാലങ്ങളിലായി വടക്കേ മലബാറിൽ നിന്നുള്ള കഥകൾ വരുന്നു. സിനിമകൾ വരുന്നു. ആളുകൾ അത് ഏറ്റെടുക്കുന്നു.
ഇതു വരെ മലയാള സിനിമയിൽ അടയാളപ്പെടുത്തപ്പെടാത്ത കാസർഗോഡ്, അടയാളപ്പെടുത്തപ്പെടുകയും, അത് ആളുകൾ വലിയ രീതിയിൽ ഏറ്റെടുക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണോ ഇദ്ദേഹത്തിന്റെ പ്രസ്താവനക്ക് പിന്നിൽ എന്ന് എനിക്ക് സംശയമുണ്ട്.
കർണ്ണാടകയോട് ചേർക്കപ്പെടേണ്ട ജില്ലയാണ് കാസർഗോഡ്, സ്ഥലം മാറ്റി ശിക്ഷിക്കാനുള്ള ജില്ലയാണ് കാസർഗോഡ് എന്നൊക്കെയുള്ള പരിഹാസങ്ങളുടെ നിരയിൽ ഏറ്റവും അവസാനത്തെതാണ് എം.രഞ്ജിത്ത് ഇപ്പോൾ പറഞ്ഞത്.