മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക വകുപ്പും പ്രകടന പത്രികയും രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധി. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ട്രോളേര്‍സ് ഉണ്ടാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ ചെയ്യുന്ന എല്ലാ കാര്യങ്ങളും ജനങ്ങളുടെ ആനുകൂല്യത്തിലും ക്ഷേമത്തിലും ആവണമെന്ന് പറയുന്നില്ല. എന്നാല്‍ നീതി ബോധം ഉണ്ടാവണം. നിങ്ങള്‍ക്കും നീതിയും ആനുകൂല്യങ്ങളും ലഭിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിൽ എംപി രാഹുല്‍ഗാന്ധി യാത്ര ചെയ്തിരുന്നു. കൊല്ലത്തെ വാടി കടപ്പുറത്ത് നിന്നും തൊഴിലാളികളുടെ മത്സ്യ ബന്ധനബോട്ടിലാണ് രാഹുല്‍ കടലിലേക്ക് പോയത്. ഏകദേശം ഒരു മണിക്കൂറോളം രാഹുല്‍ കടലില്‍ ചെലവഴിച്ചു. ശേഷം മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം സംവാദത്തില്‍ പങ്കെടുത്തു.
ദൈനംദിന ഇന്ധനവില വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ പോക്കറ്റില്‍ നിന്നുള്ള പണം രണ്ടോ മൂന്നോ വ്യവസായികള്‍ക്ക് നൽകുകയാണെന്നും അത് നിങ്ങളുടെ കൈയ്യില്‍ തിരിച്ചുവരുന്നതിനായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ
മത്സ്യബന്ധനത്തിന്റെ ഭാഗമായി ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടിനെകുറിച്ച് വര്‍ഷങ്ങളായി ഞാന്‍ കേട്ടുകൊണ്ടിരിക്കുകയാണ്. എന്താണ് നിങ്ങളുടെ ജീവിതം എന്നത് എന്റെ കണ്ണുകള്‍ കൊണ്ട് കാണണമെന്നായിരുന്നു എന്റെ അഗ്രഹം. അത് നേരിട്ട് അനുഭവിച്ച് ബോധ്യപ്പെടണം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളോട് ഞാന്‍ ഇത് പല തവണ പറഞ്ഞിരുന്നു. ഓരോ പ്രാവശ്യവും ഇത് പറയുമ്പോള്‍ ഒഴിവ് പറഞ്ഞ ഒഴിഞ്ഞുമാറും. സുരക്ഷാ കാരണം ചൂണ്ടികാട്ടിയായിരിക്കാം. എന്നാല്‍ ഇന്ന് അതിരാവിലെ ഞാന്‍ എന്റെ സഹോദരങ്ങള്‍ക്കൊപ്പം പോയി. നിങ്ങള്‍ക്ക് ഈ അനുഭവം എന്താണെന്ന് അറിയാം. എന്നാലും ഞാന്‍ അത് പറയാം.
തീരത്ത് നിന്നും ബോട്ട് എടുത്തത് മുതല്‍ തിരിച്ചെത്തുന്നതുവരെ സഹോദരങ്ങള്‍ക്കെതിരെ എതിര്‍ശക്തികളായിരുന്നു. പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് പോകുന്നത്. അവര്‍ കടലിനെതിരെ പോരാടുകയാണ്. നിങ്ങളിതെല്ലാം ചെയ്യുമ്പോള്‍ ഇതിന്റെ ലാഭം മറ്റാര്‍ക്കോ കിട്ടുന്നു. ഇന്ന് രാവിലെ പോയപ്പോള്‍ വല വീശിയപ്പോള്‍ ഒരു മത്സ്യം മാത്രമാണ് കിട്ടിയത്. പെട്രോള്‍ ഉള്‍പ്പെടെ ഇന്ന് നമ്മള്‍ പോകാനുപയോഗിച്ച വലിയ നിക്ഷേപത്തിന് ഒരു പ്രതിഫലവും കിട്ടിയില്ല. അതില്‍ നിറയെ മത്സ്യം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അത് ശൂന്യമായിരുന്നു. ഞാന്‍ എന്റെ കണ്ണുകള്‍ കൊണ്ട് നിങ്ങളുടെ അനുഭവം അറിഞ്ഞു. ഇന്ധനവില ദിനം പ്രതി വര്‍ധിക്കുന്നു. ഒരു വലിയപ്പത്തിനപ്പുറത്തുള്ള എന്‍ജിനുകള്‍ വാങ്ങിക്കാന്‍ കഴിയില്ല. വള്ളം മറ്റെവിടെയെങ്കിലും സൂക്ഷിക്കുകയും പരിപാലിക്കുകയും വേണ്ടി വരും. സര്‍ക്കാര്‍ നിങ്ങളുടെ ജീവിതത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ട്രോളേര്‍സ് ഉണ്ടാക്കുകയാണ്. എല്ലാം നിങ്ങളുടെ ആനുകൂല്യത്തിലും ക്ഷേമത്തിലും ആവണമെന്ന് പറയുന്നില്ല. എന്നാല്‍ നീതി ബോധം ഉണ്ടാവണം. നിങ്ങള്‍ക്കും നീതിയും ആനുകൂല്യങ്ങളും ലഭിക്കണം.
ഒരു മണിക്കൂര്‍ താമസിച്ച് വന്നാല്‍ കിട്ടുന്ന മത്സ്യത്തിന്റെ വില കുറയും എന്നാണ് എന്റെ സഹോദരങ്ങള്‍ പറഞ്ഞത്. ഇന്‍ഷൂറന്‍സ് ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്നാണ് പറഞ്ഞത്. നിങ്ങള്‍ കടന്നുപോകുന്നതിനെകുറിച്ച് എനിക്കൊരു ധാരണയുണ്ട്. ബുദ്ധിമുട്ട് മനസിലാക്കാന്‍ സാധിക്കും. നിങ്ങള്‍ ചെയ്യുന്നതിനെ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതിനെ ആരാധിക്കുന്നു. മത്സ്യം കഴിക്കുമ്പോള്‍ അതിന്റെ പിന്നിലെ പരിശ്രമത്തെകുറിച്ച് ചിന്തിക്കാറില്ല. ഇന്ന് കടലില്‍ പോയി തിരിച്ചുവരുമ്പോള്‍ അവര്‍ കുറച്ച് മത്സ്യം പാകം ചെയ്തു. മത്സ്യം പിടിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസിലാക്കി. നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ച് ജീവിതം കൂടുതല്‍ എളുപ്പമാക്കി തരാന്‍ കഴിയും എല്ലാം പരിഹരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കഴിയുന്നത് ചെയ്യാം.
മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ‘ഞാന്‍ കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്. ഇന്ന് മൂന്ന് നിയമം കൊണ്ടുവന്നിരിക്കുകയാണ്. അതിന്റെ പിന്നിലെ ആശയം കാര്‍ഷിക വ്യവസ്ഥയെ ഇല്ലാതാക്കുന്നതാണ്. കര്‍ഷകര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നത് പോലെ കടലില്‍ കൃഷി ചെയ്യുന്നവരാണ് നിങ്ങള്‍. കര്‍ഷകള്‍ക്ക് ദില്ലിയില്‍ മന്ത്രാലയമുണ്ട്. നാട്ടിലെ മത്സ്യബന്ധന സമൂഹത്തിന് വേണ്ടി കാര്യക്ഷമമായ മന്ത്രാലയം ഉറപ്പാക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇന്ന് അന്തര്‍ദേശീയ തലത്തില്‍ പെട്രോള്‍ വില കുറയുന്നു. എന്നാല്‍ ഇന്ത്യയില്‍ അത് കൂടുന്നു. അത് നിങ്ങളുടെ പോക്കറ്റില്‍ നിന്നും എടുത്ത് രണ്ടോ മൂന്നോ വ്യവസായികള്‍ക്ക് നല്‍കുകയാണ്. അത് നിങ്ങളുടെ കൈയ്യില്‍ തിരിച്ചുവരുന്നതിനായി പ്രവര്‍ത്തിക്കും.. ട്രോളര്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് വിശദമായി പഠിക്കും. നിങ്ങള്‍ക്ക് നീതി ലഭിക്കാത്തത് എനിക്ക ഇഷ്ടമല്ല. എല്ലാവര്‍ക്കും തുല്യമായി പ്രവര്‍ത്തിക്കാന്‍ പറ്റിയ സാഹചര്യം ഉണ്ടാവണം.’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം