കെ റെയില്‍ വിരുദ്ധ കവിതക്ക് തെറിയും വിമര്‍ശനവും , 'കുരുപൊട്ടി നില്‍ക്കുന്നവരോട് കരുണ' മാത്രമെന്ന് റഫീക്ക് അഹമ്മദ്

കെ റെയില്‍ വിരുദ്ധ കവിതക്ക് തെറിയും വിമര്‍ശനവും , 'കുരുപൊട്ടി നില്‍ക്കുന്നവരോട് കരുണ' മാത്രമെന്ന് റഫീക്ക് അഹമ്മദ്
Published on

കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ചുള്ള കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ കവിതക്ക് തെറിയും വിമര്‍ശനവും. വിമര്‍ശനവുമായി എത്തിയവര്‍ക്കുള്ള മറുപടിയും നാല് വരി കവിതയായി റഫീക്ക് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല തറയുന്ന

മുനയുള്ള ചോദ്യങ്ങ,ളറിയാത്തകൂട്ടരേ

കുരു പൊട്ടി നില്‍ക്കുന്ന നിങ്ങളോടുള്ളതു

കരുണ മാത്രം, വെറുപ്പില്ലൊരശേഷവും.

??

എന്നാണ് വിമര്‍ശനങ്ങള്‍ക്കും തെറിവിളികള്‍ക്കുമുള്ള മറുപടിയായി റഫീക്ക് അഹമ്മദ് കുറിച്ചിരിക്കുന്നത്.

റഫീക്ക് അഹമ്മദ് എഴുതിയ കവിത

ഹേ...കേ...

എങ്ങോട്ടു പോകുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

തണ്ണീർത്തടങ്ങളെ പിന്നിട്ട്

തെങ്ങിൻ നിരകളെപ്പിന്നിട്ട്

കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്

സഹ്യനെക്കുത്തി മറിച്ചിട്ട്

പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്

പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന

മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്

ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന

നല്ല നഗരത്തെരുവുകൾ പിന്നിട്ട്,

ശ്വാസത്തിനായിപ്പിടയും ഭയാകുല -

മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,

ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം

നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്

കുട്ടികൾ നിത്യം മരിയ്ക്കും വനവാസി

യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്

മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,

തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ

ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,

എങ്ങോട്ടു പായുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ

ഹേ ..

കേ ..?

Related Stories

No stories found.
logo
The Cue
www.thecue.in