സ്വജനപക്ഷപാതം, മാനദണ്ഡമില്ലാതെ സെലക്ഷന്‍, വനിത ഫിലിം ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകര്‍

സ്വജനപക്ഷപാതം, മാനദണ്ഡമില്ലാതെ സെലക്ഷന്‍, വനിത ഫിലിം ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകര്‍
Published on

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടക്കുന്ന വനിതാ ഫിലിം ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകര്‍. സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരെയും സംവിധായകരെയും സംഘാടകരായും അതിഥികളായും പങ്കെടുപ്പിച്ചാണ് മേളയെന്നാണ് പ്രധാന വിമര്‍ശനം. ചലച്ചിത്ര അക്കാദമിയുടെ സ്വജനപക്ഷപാതവും കേരളത്തില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകരോടുള്ള അനാദരവും കാരണം അക്കാദമിക്ക് കീഴിലുള്ള ഒരു മേളയിലേക്കും ഇനി സിനിമ അയക്കില്ലെന്ന് പ്രശസ്ത സംവിധായിക ലീന മണിമേഖല വ്യക്തമാക്കുന്നു. മലയാളത്തില്‍ നിര്‍മ്മിച്ച ആദ്യ ഒറിജിനല്‍ ഫെമിനിസ്റ്റ് ചിത്രമായ അസംഘടിതര്‍ തിരസ്‌കരിച്ച അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള നിര്‍ത്തിവെക്കുന്നതാണ് നല്ലതെന്നും ലീന മണിമേഖല. മാടത്തി എന്ന തന്റെ പുതിയ ചിത്രം ഫെസ്റ്റിലില്‍ പ്രദര്‍ശിപ്പിക്കാനുള്ള ക്ഷണം നിരസിച്ചതില്‍ ഇപ്പോള്‍ സന്തോഷമുണ്ടെന്നും ലീന മണിമേഖല.

ചലച്ചിത്ര അക്കാദമിയുടെ സ്വജനപക്ഷപാതവും കേരളത്തില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകരോടുള്ള അനാദരവും കാരണം അക്കാദമിക്ക് കീഴിലുള്ള ഒരു മേളയിലേക്കും ഇനി സിനിമ അയക്കില്ല
ലീന മണിമേഖല
പ്രതിഷേധിച്ച കുഞ്ഞില മാസിലമണിയെ കസ്റ്റഡിയിലെടുക്കുന്ന പൊലീസ്
പ്രതിഷേധിച്ച കുഞ്ഞില മാസിലമണിയെ കസ്റ്റഡിയിലെടുക്കുന്ന പൊലീസ്

വനിതാ ഫിലിം ഫെസ്റ്റിവലില്‍ അസംഘടിത ഉള്‍പ്പെടുത്താതിനെ ചോദ്യം ചെയ്ത് സംവിധായിക കുഞ്ഞില മാസിലമണി രംഗത്ത് വന്നിരുന്നു. ഫെസ്റ്റിവല്‍ വേദിയിലെ കസേരയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് കുഞ്ഞിലയെ ജൂലൈ 16ന് കസബ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വനിതാ ചലച്ചിത്രമേളയില്‍ സിനിമ ഉള്‍പ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങല്‍ സംബന്ധിച്ച് കുഞ്ഞില ഉയര്‍ത്തിയ ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് കരുതുന്നുവെന്നും മേളയില്‍ ഞായറാഴ്ച പ്രദര്‍ശനം നിശ്ചയിച്ച വൈറല്‍ സെബി എന്ന തന്റെ പുതിയ സിനിമ പിന്‍വലിക്കുന്നതായും സംവിധായിക വിധു വിന്‍സെന്റും പ്രഖ്യാപിച്ചിട്ടുണ്ട്. കുഞ്ഞിലയെ അറസ്റ്റ് ചെയ്ത് നീക്കിയതും ആശുപത്രിയിലാക്കിയതും മേളക്ക് ഭൂഷണല്ല. പ്രതിഷേധിക്കുന്നവരുടെ നേര്‍ക്കുള്ള ഫാസിസ്റ്റ് നടപടിയായി മാത്രമേ ഇതിനെ കരുതാനാകൂ. ഇക്കാര്യത്തില്‍ കുഞ്ഞിലക്ക് ഒപ്പമാണെന്നും വിധു വിന്‍സെന്റ്.

കേരളത്തിലെ ഒരു വനിതാ സംവിധായിക എന്ന നിലക്കും കോഴിക്കോട് സ്വദേശിയായ സംവിധായിക എന്ന നിലക്കും കുഞ്ഞിലയും ഈ ആദരിക്കൽ ചടങ്ങിൽ ക്ഷണിക്കെപ്പെടേണ്ടതായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അതും സംഭവിച്ചിട്ടില്ല. (പുഴു എന്ന ചിത്രത്തിെന്റെ സംവിധായികയും കോഴിക്കോട്ടുകാരിയായിട്ടും ഈ ആദരിക്കൽ ചടങ്ങിൽ ഉൾപ്പെടുത്തിയതായി കാണുന്നില്ല.) അക്കാദമി ഇതിന് നല്കുന്ന വിശദീകരണം കോഴിക്കോട്ടുള്ള അഭിനേത്രികളെ ആദരിക്കാനാണ് ഉദ്ദേശിച്ചിട്ടു ള്ളത് എന്നാണ്. സംവിധായകരെ ഉദ്ദേശിച്ചിരുന്നില്ല എന്നും . ഒരു സ്ത്രീ സിനിമ എടുക്കാൻ തീരുമാനിക്കുന്നതും അവളത് ചെയ്യുന്നതും അതിൽ തുടരുന്നതും ആദരിക്കപ്പെടേണ്ട ഒരു പ്രവൃത്തിയായി വനിതാ ഫെസ്റ്റിവലിന്റെ സംഘാടകർക്ക് തോന്നിയില്ലെങ്കിൽ അത് ലജ്ജാകരം എന്ന് മാത്രമേ പറയാനുള്ളൂ.
വിധു വിന്‍സെന്റ്
മന്ത്രി മുഹമ്മദ് റിയാസ് വനിതാ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നു
മന്ത്രി മുഹമ്മദ് റിയാസ് വനിതാ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നു

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മമ്മൂട്ടി-പാര്‍വതി തിരുവോത്ത് ചിത്രം പുഴു സംവിധാനം ചെയ്ത റത്തീനയെയും വനിതാ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിച്ചിട്ടില്ല. കോഴിക്കോട്ടുള്ള അഭിനേത്രികളെയാണ് ആദരിച്ചതെന്നായിരുന്നു ഇക്കാര്യത്തില്‍ അക്കാദമി നല്‍കിയ വിശദീകരണമെന്ന് വിധു വിന്‍സെന്റ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കോഴിക്കോട്ടെ മൂത്രപ്പുര സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ലഘുസിനിമയാണ് അംസഘടിതര്‍. കുഞ്ഞിലയുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായി സംവിധായിക അഞ്ജലി മേനോന്‍ പറയുന്ന വീഡിയോ കുഞ്ഞില തന്നെ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ചലച്ചിത്ര അക്കാദമി സുതാര്യവും ജനാധിപത്യപരവുമായി പ്രവർത്തിക്കുന്ന ഒരു ഇടമല്ല എന്നും മറിച്ചു സ്വജന പക്ഷപാതം ആവോളം നടക്കുന്ന ഒരിടം ആണെന്നും കഴിഞ്ഞ 17 വർഷമായി കാര്യ കാരണങ്ങൾ സഹിതം ദീർഘ ലേഖനങ്ങൾ എഴുതിയിട്ടുള്ള ആളാണ് ഞാൻ . മലയാള സിനിമയുടെ അക്കാദമിക് നിലവാരത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രോത്സാഹനം നൽകാൻ പ്രാപ്തമായ കാഴ്ചപ്പാട് അക്കാദമി ഒരു കാലത്തും പ്രകടിപ്പിച്ചിട്ടില്ല എന്നതും , വിമർശിക്കുന്നവരെയും അഭിപ്രായങ്ങൾ പറയുന്നവരെയും നിരന്തരം ഒഴിവാക്കുക എന്നതും അക്കാദമിയുടെ ശീലമാണ് . ചലച്ചിത്ര മേളകളിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പിലും , സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കുള്ള ജൂറിയിലും അംഗങ്ങളെ നിശ്ചയിക്കുന്നതിൽ യോഗ്യതകൾ പോലുമില്ലാത്ത ആളുകൾ ഉൾപ്പെടുന്നതും സ്ഥിരം ജൂറി വേഷക്കാർ മാറി മാറി തുടരുന്നതും ഒക്കെ സാധാരണ നടപടിക്രമം ആണ് .
ഡോ.ബിജു

പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും സഹിഷ്ണുതയോടെ നേരിടാന്‍ പറ്റാത്ത ഒരു അക്കാദമി എന്ത് മാനവികതയെയും രാഷ്ട്രീയത്തെയും പറ്റിയാണ് സംസാരിക്കുന്നതെന്ന് സംവിധായകന്‍ ഡോ.ബിജു. ഫാസിസത്തിനെതിരായ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുകയും അതെ സമയം ഒറ്റയ്ക്ക് നിരായുധയായി പ്രതിഷേധിക്കുന്ന ഒരു സ്ത്രീയെ പോലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചു അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്ന നിലപാടിലെ വൈരുധ്യവും കപടതയും തിരിച്ചറിയേണ്ടതുണ്ട് . പ്രതിഷേധങ്ങളെയും ചോദ്യങ്ങളേയും ഭയപ്പെടുന്നതും അടിച്ചമര്‍ത്തുന്നതും ഫാസിസം തന്നെയാണ് .

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കുള്ള ജൂറിയിലും അംഗങ്ങളെ നിശ്ചയിക്കുന്നതില്‍ യോഗ്യതകള്‍ പോലുമില്ലാത്ത ആളുകള്‍ ഉള്‍പ്പെടുന്നതും സ്ഥിരം ജൂറി വേഷക്കാര്‍ മാറി മാറി തുടരുന്നതും ഒക്കെ സാധാരണ നടപടിക്രമം ആണെന്നും ഡോ.ബിജു.

Related Stories

No stories found.
logo
The Cue
www.thecue.in