​ഗുരുതര ലൈം​ഗികാരോപണം, രഞ്ജിത്തിനെ മന്ത്രി സംരക്ഷിക്കുന്നത് കേരളത്തിന് അപമാനം; സാന്ദ്രാ തോമസ്

Sandra Thomas
Sandra Thomas
Published on

ബം​ഗാളി നടി ​ഗുരുതരമായ ലൈം​ഗികാരോപണം ഉന്നയിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ ര‍ഞ്ജിത്തിനെ പുറത്താക്കണമെന്ന് നിർമ്മാതാവ് സാന്ദ്രാ തോമസ്. ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച ശ്രീ രഞ്ജിത്തിനെ 'മഹാപ്രതിഭ ' എന്ന് പറഞ്ഞു സംരക്ഷിക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ രാജി വെക്കണമെന്ന് സാന്ദ്ര തോമസ്

സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാംസകാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തിനോട് നോക്കി പല്ലിളിക്കുന്നു.*

ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ തിഭ പൊതുസമൂഹത്തിനു മുന്നിൽ വന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരെ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണ് .

സാംസ്ക്കാരിക മന്ത്രിയുടെ സ്ത്രീ വിരുന്ധതയാണ് അദ്ധേഹത്തിൻ്റെ സമീപനത്തിലൂടെ പുറത്ത് വരുന്നത്. ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് ശ്രീ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവണ്മെന്റ് പുറത്താക്കുകയോ ചെയ്യണം . ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച ശ്രീ രഞ്ജിത്തിനെ 'മഹാപ്രതിഭ ' എന്ന് പറഞ്ഞു സംരക്ഷിക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ രാജി വെക്കുക .

ബം​ഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ നടത്തിയ ലൈം​ഗികാതിക്രമ ആരോപണം

ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ അകലെ എന്ന സിനിമയില്‍ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിൽ അഭിനയിക്കാനായി ക്ഷണം വരുന്നത്.

2009ലോ 2010ലോ ആയിരുന്നു ഇത്. അങ്ങനെ ഞാൻ നിർദേശിച്ച പ്രകാരം കൊച്ചിയിലെത്തി. നല്ലൊരു ഹോട്ടലിൽ താമസമൊരുക്കിയിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്ത് കാണുകയും ശേഷം ഫോട്ടോഷൂട്ട് നടത്തുകയും സിനിമയെ കുറിച്ചു സംസാരിക്കുകയുമെല്ലാം ചെയ്തു. ഓഡിഷൻ കഴിഞ്ഞ ശേഷമാണ് രഞ്ജിത്തിനെ കാണുന്നത്.

ഞാൻ മുൻപ് പ്രവർത്തിച്ചിട്ടുള്ള ബുദ്ധദേവ് ദാസ് ​ഗുപ്തയുമായി ഇതിനിടയിൽ അദ്ദേഹം(രഞ്ജിത്ത്) ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. എന്നോട് അക്കാര്യം പറയുകയും സംസാരിക്കണോ എന്നു ചോദിക്കുകയും ചെയ്തു. സംസാരിച്ചാൽ കൊള്ളാമെന്നു പറഞ്ഞപ്പോൾ കൂടെ വരാൻ പറഞ്ഞ് അദ്ദേഹം മറ്റൊരു മുറിയിലേക്കു പോയി. ബെഡ്‌റൂം ഇരുട്ടിലായതിനാൽ അപ്പുറത്തുള്ള ബാൽക്കണിയിലേക്കാണ് അദ്ദേഹം പോയത്. ഞാനും കൂടെപ്പോയി. അവിടെ എത്തിയപ്പോൾ അദ്ദേഹം എന്റെ വളകളിലും കൈയിലും തൊലിയിലുമെല്ലാം സ്പർശിക്കാൻ തുടങ്ങി. സ്ത്രീകൾക്ക് ഇതു മനസിലാക്കാൻ കഴിയും; എന്താണു സംഭവിക്കുന്നതെന്ന്. എനിക്ക് അസ്വസ്ഥത തോന്നി. എന്നാൽ, എന്റെ അമിതമായ ചിന്തയാകുമെന്നു കരുതി അധികം പ്രതികരിച്ചില്ല. ഞാൻ പ്രതിഷേധിക്കുകയോ തടയുകയോ ചെയ്യുന്നില്ലെന്നു കണ്ടപ്പോൾ എന്റെ കഴുത്തിലും മുടിയിലുമെല്ലാം തലോടാന്‍ തുടങ്ങി. ഞാൻ അവിടെനിന്നു രക്ഷപ്പെട്ടു. മുറിയിൽനിന്നു പുറത്തിറങ്ങി.'

ആ രാത്രി ഒരിക്കലും മറക്കാനാകില്ല. വലിയ മാനസികാഘാതമായിരുന്നു അത്. അന്ന് ഭർത്താവുമായും സംസാരിക്കാൻ പറ്റിയ ഘട്ടത്തിലായിരുന്നില്ല. അന്ന് ഒന്നു ഫോണിൽ വിളിച്ചു സംസാരിക്കാൻ പോലും ഒരാളുമുണ്ടായിരുന്നില്ല. ആ രാത്രി മുഴുവൻ പേടിയോടെയാണു ഞാൻ കഴിഞ്ഞത്. അന്ന് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ആരെങ്കിലും വാതിൽ തുറന്ന് വരുമോ എന്നു പേടിച്ച് കസേര അടുത്തു ചാരിയിട്ട് ഇരിക്കുകയായിരുന്നു ഞാൻ. പിറ്റേന്നു രാവിലെ നിർമാതാവിനെ വിളിച്ചു നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റ് എടുത്തുതരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അവർ ടിക്കറ്റോ മറ്റു സജ്ജീകരണങ്ങളോ ഒന്നും ചെയ്തുതന്നില്ല.

നടിയുടെ ആരോപണം സംവിധായകന്‍ രഞ്ജിത് നിഷേധിച്ചു. പാലേരി മാണിക്യത്തിന്‌റെ ഓഡിഷന് ശ്രീലേഖ മിത്ര വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യമല്ലാത്തതുകൊണ്ടാണ് അവരെ പരിഗണിക്കാതിരുതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in